പെരുമ്പാവൂര്‍ നഗരസഭയില്‍ 22 കോടിയുടെ ബജറ്റ്‌ അവതരിപ്പിച്ചു

Wednesday 28 March 2012 9:34 pm IST

പെരുമ്പാവൂര്‍: നഗരസഭയില്‍ 2012-2013 സാമ്പത്തിക വര്‍ഷത്തേക്കായി 22 കോടി രൂപയുടെ ബജറ്റ്‌ ഡെപ്യൂട്ടിചെയര്‍ പേഴ്സണ്‍ റോസിലി വര്‍ഗീസ്‌ അവതരിപ്പിച്ചു. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ വരവിനത്തില്‍ 22-61 കോടിരൂപയും ചെലവിനത്തില്‍ 21.75 കോടി രൂപയും കണക്കാക്കുന്ന ബജറ്റാണ്‌ ഇന്നലെ അവതരിപ്പിച്ചത്‌.
നഗരസഭയിലെ റോഡുകളുടെ വികസനത്തിനായി ഒരു കോടി 15 ലക്ഷം മത്സ്യചന്തകെട്ടിടം പൊളിച്ച്‌ 3 നിലകളുള്ള പുതിയകെട്ടിടം പണിയുന്നതിനായി 2 കോടി രൂപയുമാണ്‌ വകയിരുത്തിയിരിക്കുന്നത്‌. നഗരത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനായി 50 ലക്ഷം രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌ എന്നാല്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനായി വെര്‍മി കമ്പോസ്റ്റ്‌ ബയോഗ്യാസ്‌ പ്ലാന്റുകള്‍ സര്‍ക്കാര്‍ സഹായത്തോടെ സ്ഥാപിക്കുമെന്നും വൈസ്‌ ചെയര്‍പേഴ്സണ്‍ പറഞ്ഞു.
ഇരിങ്ങോള്‍ നാഗഞ്ചേരിമനയെ ടൂറിസം സര്‍കൂട്ട്‌ പ്രൊജക്ടില്‍പ്പെടുത്തി പാര്‍ക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി ഒരു കോടിയുടെ മുതല്‍മുടക്ക്‌ വരുന്ന പദ്ധതി നടപ്പിലാക്കും. ടൗണ്‍ ഹാള്‍ കല്യാണമണ്ഡപ നിര്‍മാണത്തിനായി 3 കോടി 10 ലക്ഷം രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. അയ്യങ്കാളി തൊഴിലുറപ്പ്‌ പദ്ധതി നടത്തിപ്പിനായി 450 ലക്ഷവും കണക്കാക്കുന്നു. പെരുമ്പാവൂര്‍ നഗരത്തില്‍ എത്തിച്ചേരുന്നവരുടെ പ്രാഥമിക ആവശ്യനിര്‍വഹണത്തിനായി 15 ലക്ഷം രൂപ മുടക്കി 3 ഇ-ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതാണ്‌.
ഔഷധി ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ്‌ നിര്‍മാണത്തിനും, പാലക്കാട്ട്‌ താഴത്ത്നിന്നും ആരംഭിച്ച്‌ കടുവാള്‍ വഴി എംസി റോഡില്‍ പ്രവേശിപ്പിച്ച്‌ എഎം റോഡില്‍ എത്തുന്ന ബൈപ്പാസ്‌ റോഡിന്റെ പ്രാഥമിക ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. നഗരസഭയുടെ സ്ഥലത്ത്‌ ഒരു രൂപ ചെലവഴിച്ച്‌ ഫ്ലാറ്റ്‌ നിര്‍മിച്ച്‌ ഭൂ-ഭവനരഹിതരെ പുനഃരധിവസിപ്പിക്കുന്നതിനും പദ്ധതിയുണ്ട്‌. താലൂക്ക്‌ ആശുപത്രിയുടെ വികസനത്തിനായി 2.5 കോടി രൂപയും, നിരാലംബരായിട്ടുള്ള കുടുംബങ്ങളെ പരിപോഷിപ്പിക്കുന്നതിനായി 38 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്‌.
നഗരസഭ ഓഫീസിന്റെ കമ്പ്യൂട്ടര്‍ വത്കരണം ബജറ്റ്‌ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കുമെന്നും തുടര്‍ന്ന്‌ നഗരസഭയുടെ വരവുചെലവുകണക്കുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്നും ധനകാര്യസ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ റോസിലി വര്‍ഗീസ്‌ അറിയിച്ചു. ചെയര്‍മാന്‍ കെഎംഎ സലാമിന്റെ അദ്ധ്യക്ഷതയില്‍ അവതരിപ്പിച്ച ബജറ്റിന്റെ ചര്‍ച്ച 30 ന്‌ നടക്കും.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.