വിനോദസഞ്ചാര വികസനം എങ്ങുമെത്താതെ കാരാപ്പുഴ

Sunday 9 April 2017 12:34 pm IST

ഓപ്പണ്‍ എയര്‍ തിയേറ്റര്‍

കേരളത്തിലെ മികച്ചതും ആധുനികവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വയനാട്ടിലെ കാരാപ്പുഴയില്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ എങ്ങുമെത്തിയില്ല. 2011 മുതല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച പ്രവൃത്തികളില്‍ ഒന്നുപോലും പൂര്‍ത്തിയായില്ല. സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം പോലും ഇവിടെയില്ല.

ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കാരാപ്പുഴ മാറാന്‍ ഇനിയും കാത്തിരിക്കണം. പ്രവൃത്തികള്‍ ഇങ്ങനെ നീങ്ങിയാല്‍ ടൂറിസത്തിനു സമീപകാലത്തൊന്നും ഇവിടെ തളിര്‍ക്കാനും പൂവിടാനും കഴിയില്ല.

അഞ്ച് വര്‍ഷം മുന്‍പ് ജലവിഭവ, വിനോദസഞ്ചാര വികസന വകുപ്പുകളുടെ തലയില്‍ ഉദിച്ചതാണ് കാരാപ്പുഴയെ പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുക എന്ന ആശയം. karapuzha-damവയനാട്ടില്‍ വിഭാവനം ചെയ്ത ആദ്യത്തെ വന്‍കിട ജലസേചന പദ്ധതിയാണ് കാരാപ്പുഴയിലേത്. കബനി നദിയുടെ കൈവഴിയായ കാരാപ്പുഴയില്‍ വാഴവറ്റയിലാണ് പദ്ധതിയുടെ ഭാഗമായ അണ. 625 മീറ്റര്‍ നീളവും 28 മീറ്റര്‍ ഉയരവുമാണ് ഇതിന്. 76.50 മില്ല്യണ്‍ ക്യുബിക് മീറ്ററാണ് ജലസംഭരണ ശേഷി. 5221 ഹെക്ടറില്‍ ജലസേചനമായിരുന്നു പദ്ധതി ലക്ഷ്യം. 1978ല്‍ 7.60 കോടി രൂപ മതിപ്പുചെലവിലായിരുന്നു പ്രവൃത്തിയുടെ തുടക്കം. ഏകദേശം 425 കോടി രൂപ ചെലവഴിച്ചിച്ചും 100 ഹെക്ടറില്‍പോലും ജലസേചനം സാധ്യമായില്ല. ഈ സാഹചര്യത്തിലായിരുന്നു കാരാപ്പുഴയിലെ സാധ്യതകള്‍ ടൂറിസം വികസനത്തിനായി ഉപയോഗപ്പെടുത്തുന്നതിനുള്ള ആലോചന.

കാരാപ്പുഴ അണയും പരിസരവും കേന്ദ്ര സഹായത്തോടെ ടൂറിസം സങ്കേതമായി വികസസിപ്പിക്കുന്നതിനു 100 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. ഇത് ഭാഗികമായി അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ആദ്യ ഗഡുവായി 2011ല്‍ 4.92 കോടി രൂപ അനുവദിച്ചു. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഓപ്പണ്‍ എയര്‍ തിയറ്റര്‍ ആന്‍ഡ് വീഡിയോ പ്രസന്റേഷന്‍ ഹാള്‍, സുവനീര്‍ ആന്‍ഡ് സ്‌പൈസസ് സ്റ്റാള്‍സ്, നടപ്പാതപാര്‍ക്കിംഗ് ഏരിയ , ലാന്‍ഡ് സ്‌കേപ്പിംഗ്, വൈദ്യുത ദീപാലങ്കാരം എന്നീ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചത്.

garden

ഗാര്‍ഡന്‍

രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. എന്നാല്‍ പ്രവൃത്തികള്‍ സമയബന്ധിതമായി നടത്താന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. ഇത് കേന്ദ്ര ഫണ്ടില്‍ രണ്ട് കോടി രൂപ ലാപ്‌സാകുന്നതിനും കാരണമായി. ഈ സാഹചര്യത്തില്‍ തുടങ്ങിവെച്ച പ്രവൃത്തികള്‍ തുടരുന്നതിനും മ്യൂസിക്കല്‍ ഫൗണ്ടെയ്ന്‍, ചില്‍ഡ്രന്‍സ് അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവ സ്ഥാപിക്കുന്നിനുമായി 2013ല്‍ സംസ്ഥാന സര്‍ക്കാര്‍ 2.92 കോടി രൂപ അനുവദിച്ചു.

ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനെ നിര്‍വഹണ ഏജന്‍സിയായും നിശ്ചയിച്ചു. എന്നിട്ടും ടൂറിസം വികസന പരിപാടികള്‍ പാളം കയറിയില്ല. ഒച്ചിന്റെ വേഗതയിലാണ് പ്രവൃത്തികളെല്ലാംതന്നെ. രാജസ്ഥാനില്‍നിന്നുള്ള ഏതാനും തൊഴിലാളികളെയാണ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. റോസ് ഗാര്‍ഡന്‍, അക്വേറിയം എന്നിവയുടെ പ്രവൃത്തിയും കാരാപ്പുഴയില്‍ പൂര്‍ത്തിയായിട്ടില്ല. നേരത്തേ പ്രഖ്യാപിച്ച സീ പ്ലെയിന്‍ പദ്ധതിയും ഫയലില്‍ തന്നെ.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.