റിംഗ് റോഡ് ആദ്യഘട്ടം മന്ദഗതിയില്‍: മണ്ഡലകാലത്തും തുറന്നുകിട്ടില്ല

Sunday 16 October 2016 9:01 pm IST

പാലാ : നഗരസഭാ പ്രദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയും ഗതാഗതതടസ്സം പൂര്‍ണ്ണമായും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയും വാഗ്ദാനം ചെയ്ത് നിര്‍മ്മാണണം ആരംഭിച്ച് റിംഗ് റോഡ് ശൃംഖലയുടെ പ്രഥമഘട്ടം ആരംഭദിശയില്‍ തന്നെ നില്‍ക്കുന്നു. ഏറ്റുമാനൂര്‍-പാലാ സംസ്ഥാന പാതയില്‍ കടപ്പാട്ടൂരില്‍ നിന്നും മീനച്ചിലാര്‍ കടന്ന് പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാംമൈലിലേക്ക് സുഗമമായ യാത്രാപാത തുറക്കുംവിധമാണ് നിര്‍ദ്ദിഷ്ട ടൗണ്‍ റിംഗ് റോഡിന്റെ പ്രഥമഘട്ടത്തിന് തുടക്കംകുറിച്ചത്. ഈ വര്‍ഷം ആരംഭത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ശബരിമല ഇടത്താവളമായ കടപ്പാട്ടൂര്‍ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും പണികള്‍ ആരംഭിച്ചെങ്കിലും തുടങ്ങിയ അതേ അവസ്ഥയില്‍തന്നെയാണ് ഇപ്പോഴും. 15 മീറ്റര്‍ വീതീയില്‍ നാലുവരി പാതയായാണ് റോഡ് നിര്‍മ്മിക്കുന്നത്. മണ്ഡലകാലത്ത് കടപ്പാടട്ടൂരിലെത്തുന്ന വാഹനങ്ങള്‍ക്ക് പാലാ നഗരത്തില്‍ പ്രവേശിക്കാതെ പൊന്‍കുന്നം റോഡില്‍ എത്താമെന്നതാണ് വലിയഗുണം. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ അവശേഷിക്കെയും നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. റോഡ് മണ്ണിട്ട് ഉയര്‍ത്തുന്നതിനുള്ള തടസ്സമാണ് നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണമായത്. നിശ്ചിത ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി കടപ്പാട്ടൂര്‍ പാലംമുതല്‍ പന്ത്രണ്ടാം മൈല്‍ വരെ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ചുരുങ്ങിയ ചിലവില്‍ റോഡ് ഉയര്‍ത്തുന്നതിനുള്ള മണ്ണ് ലഭിക്കാതെ വന്നതാണ് കരാറുകാരനെ നിര്‍മ്മാണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ക്ഷേത്രത്തില്‍ എത്തുന്ന വാഹനങ്ങള്‍ കടപ്പാട്ടൂരില്‍ നിന്നും കത്തീഡ്രല്‍ പള്ളി റോഡ് വഴി പാലാ - പൊന്‍കുന്നം റോഡില്‍ എത്തി ശബരിമലയിലേക്ക് യാത്ര ചെയ്യാവുന്ന വിധത്തിലാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ക്ഷേത്രം മുതല്‍ പൊന്‍കുന്നം റോഡു വരെ വളരെ ഇടുങ്ങിയ റോഡായതിനാല്‍ അയ്യപ്പന്‍മാരുടെ വലിയ വാഹനം കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും തിരിച്ച് ഹൈവേയില്‍ വന്ന് വലിയ പാലം കടന്നാണ് പോകുന്നത്. നിലവില്‍ ടൗണിലൂടെ വേണം ശബരിമല വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകേണ്ടത്. കൊട്ടാരമറ്റം മുതല്‍ ആശുപത്രി ജംഗ്ഷന്‍വരെ മണ്ഡലകാലത്ത് വന്‍ തിരക്കും ഗതാഗതക്കുരുക്കും പതിവാണ്. സെന്റ് തോമസ് സകൂള്‍ ജംഗ്ഷന്‍ മുതല്‍ വലിയപാലം വരെ റോഡിന് വീതികുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കടപ്പാട്ടൂര്‍ ഗോപുരം ഭാഗത്ത് ഹൈവേയിലും, ടൗണിലും വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. ചെറിയ വാഹനങ്ങള്‍ കത്തീഡ്രല്‍ പള്ളി വഴി പോകുന്ന അവസരത്തില്‍ എതിരെ വാഹനങ്ങള്‍ വന്നാല്‍ കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. തുടക്കത്തില്‍ റോഡ് ഉയര്‍ത്തുന്നതിനുള്ള മണ്ണെടുപ്പിനെതിരെ പ്രശ്‌നങ്ങളാരംഭിച്ചതോടെ കരാറുകാരന്‍ പിന്‍വലിയുകയായിരുന്നു.ഭൂമി ഏറ്റെടക്കല്‍ സംബന്ധിച്ച് ഒരുവിധ തര്‍ക്കങ്ങളും ഇല്ലാതെയാണ് ഭൂവുടമകള്‍ സ്ഥലം വിട്ടു നല്‍കിയത്. കരാറുകാരന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും അനകൂല കാലാവസ്ഥയില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷേപത്തിന് തീരുമാനിച്ചിരിക്കുകയാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേഗംകൈവരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. മാണി എംഎല്‍എക്ക് നാട്ടുകാര്‍ നിവേദനം നല്‍കി. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് അയ്യപ്പഭക്തര്‍ക്ക് കടന്ന് പോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ക്ഷേത്രത്തെ അവഗണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.