തിരക്കഥാകൃത്ത്‌ ടി. ദാമോദരന്‍ അന്തരിച്ചു

Wednesday 28 March 2012 9:55 pm IST

കോഴിക്കോട്‌: പ്രശസ്ത തിരക്കഥാകൃത്ത്‌ ടി. ദാമോദരന്‍(77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ കോഴിക്കോട്‌ അഴകൊടി ദേവീക്ഷേത്രത്തിന്‌ സമീപത്തെ മകളുടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്നലെ മീഞ്ചന്തയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രമുഖരും അദ്ദേഹത്തിന്റെ ശിഷ്യരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്ന്‌ രാവിലെ എട്ടുമുതല്‍ 11 വരെ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്‌ വെയ്ക്കുന്ന മൃതദേഹം പതിനൊന്നരയോടെ മാവൂര്‍ റോഡ്‌ ശ്മശാനത്തില്‍ സംസ്കരിക്കും.
മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ്‌ സിനിമകള്‍ക്ക്‌ തിരക്കഥ ഒരുക്കിയ ടി.ദാമോദരന്‍ അഭിനേതാവെന്ന നിലയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്‌. കോഴിക്കോട്ടെ ഫുട്ബാള്‍ പ്രേമികളെ വാക്കുകളിലൂടെ ആവേശം കൊള്ളിച്ച പ്രശസ്തനായ കമന്റേറ്റര്‍ കൂടിയായ അദ്ദേഹം റഫറിയെന്ന നിലയിലും കളിക്കമ്പക്കാര്‍ക്ക്‌ പരിചിതനാണ്‌.
കോഴിക്കോട്‌ മീഞ്ചന്ത തച്ചമ്പലത്ത്‌ വീട്ടില്‍ ചോയിക്കുട്ടിയുടെയും മാളുവിന്റെയും മകനായി 1935 ലാണ്‌ ദാമോദരന്‍ ജനിച്ചത്‌. ബേപ്പൂര്‍ സ്കൂളില്‍ കായികാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത്‌ നാടകരംഗത്ത്‌ സജീവമായിരുന്നു അദ്ദേഹം. നാടകരംഗത്തെ സുഹൃത്തുക്കളായിരുന്ന കുതിരവട്ടം പപ്പു, തിക്കോടിയന്‍, കുഞ്ഞാണ്ടി, ഹരിഹരന്‍ എന്നിവരുടെ വഴിയേ സിനിമാരംഗത്തേക്ക്‌ എത്തിച്ചേരുകയായിരുന്നു.
പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ 'ലൗ മാര്യേജ്‌' എന്ന സിനിമയിലൂടെയാണ്‌ തിരക്കഥാകൃത്തെന്ന നിലയില്‍ ദാമോദരന്‍ മലയാള സിനിമാലോകത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. യാഥാസ്ഥിതികതയുടെയും പൈങ്കിളി പ്രമേയങ്ങളുടെയും തടവറയില്‍ ഒതുങ്ങിയിരുന്ന മലയാളസിനിമയ്ക്ക്‌ വഴിത്തിരിവ്‌ സൃഷ്ടിച്ച എണ്‍പതോളം തിരക്കഥകളായിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന്‌ പിറന്നത്‌.
ഐ.വി. ശശിയുമായുള്ള കൂട്ടുകെട്ടില്‍നിന്നും ഉടലെടുത്ത ഇരുപത്തിയഞ്ചോളം സിനിമകളിലെ കഥാപാത്രങ്ങളിലേറെയും അത്തരത്തിലുള്ളവയായിരുന്നു. ഏഴാം കടലിനക്കരെ, അങ്ങാടി, ഈ നാട്‌, കരിമ്പന, ആവനാഴി, നാണയം, 1921, വാര്‍ത്ത, ഇന്‍സ്പെക്ടര്‍ ബല്‍റാം, അബ്കാരി, അടിമകള്‍ ഉടമകള്‍ എന്നിങ്ങനെ മലയാളത്തിലെ എക്കാലത്തേയും മികച്ച സൂപ്പര്‍ ഹിറ്റുകളാണ്‌ ഐ.വി. ശശി - ടി. ദാമോദരന്‍ കൂട്ടുകെട്ട്‌ മലയാളസിനിമയ്ക്ക്‌ സമ്മാനിച്ചത്‌. ഈ കൂട്ടുകെട്ടാണ്‌ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്‌.
മണിരത്നത്തിന്റെ 'ഉണരൂ' എന്ന മലയാള ചിത്രത്തിന്‌ തിരക്കഥയൊരുക്കിയ ദാമോദരന്റെ രചനയുടെ വേറിട്ട ഒരുമുഖമായിരുന്നു ഭരതനൊപ്പം ചേര്‍ന്ന 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ', 'കാറ്റത്തെ കിളിക്കൂട്‌' എന്നീ ചിത്രങ്ങളില്‍ കണ്ടത്‌. പിന്നീട്‌ പ്രിയദര്‍ശനുമായി ചേര്‍ന്ന്‌ അദ്വൈതം, അഭിമന്യു, ആര്യന്‍, കാലാപാനി തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ ദാമോദരന്‍ രൂപം നല്‍കി. കാലാപനിയ്ക്ക്‌ പ്രിയദര്‍ശനൊപ്പവും ബല്‍റാം വേഴ്സസ്‌ താരാദാസ്‌ എന്ന ചിത്രത്തിന്‌ എസ്‌.എന്‍ സ്വാമിയ്ക്കൊപ്പവും അദ്ദേഹം തിരക്കഥയെഴുതി. വി.എം. വിനു സംവിധാനം ചെയ്ത യെസ്‌ യുവര്‍ ഓണര്‍ ആണ്‌ ടി. ദാമോദരന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ച്‌ കൊണ്ട്‌ ക്യാമറയ്ക്ക്‌ മുന്നിലെത്തിയ അദ്ദേഹം കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളിലൂടെ അഭിനേതാവെന്ന നിലയിലും മികവ്‌ തെളിയിച്ചു. പരേതയായ പുഷ്പയാണ്‌ ടി. ദാമോദരന്റെ ഭാര്യ. ദീദി ദാമോദരന്‍(തിരക്കഥാകൃത്ത്‌), സിംന(വിദ്യാകേന്ദ്ര, കോഴിക്കോട്‌), അഡ്വ. രശ്മി എന്നിവര്‍ മക്കളാണ്‌. മരുമക്കള്‍: പി. പ്രേംചന്ദ്‌(അസിസ്റ്റന്റ്‌ എഡിറ്റര്‍, ചിത്രഭൂമി), അഡ്വ. രാജീവ്‌ ലക്ഷ്മണ്‍, മോഹന്‍(ബ്ലൂ മൗണ്ട്‌ ടീ & കമോഡിറ്റി ടീ ടേസ്റ്റര്‍).
സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, എളമരം കരീം, മേയര്‍ പ്രൊഫ.എ.കെ. പ്രേമജം, മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍, ബിജെപി ദേശീയനിര്‍വ്വാഹകസമിതി അംഗം അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള, ജില്ലാ പ്രസിഡന്റ്‌ പി. രഘുനാഥ്‌, ചലച്ചിത്ര മേഖലയില്‍നിന്ന്‌ മാമുക്കോയ, കോഴിക്കോട്‌ നാരായണന്‍ നായര്‍, ടി.എ. റസാഖ്‌, വി.എം. വിനു, ഫാസില്‍, പത്മകുമാര്‍, സുധീഷ്‌, ലിബര്‍ട്ടി ബഷീര്‍, എന്‍.ബി.കൃഷ്ണക്കുറുപ്പ്‌, നടി ജ്യോതിര്‍മയി എന്നിവര്‍ ഇന്നലെ മീഞ്ചന്തയിലെ വസതിയില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സ്വന്തംലേഖകന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.