സ്വര്‍ണ്ണവും കുങ്കുമവും കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Sunday 16 October 2016 11:33 pm IST

കാസര്‍കോട്: മംഗലാപുരം വിമാനത്താവളം വഴി 233.26 ഗ്രാം സ്വര്‍ണ്ണവും രണ്ടു കിലോ കുങ്കുമവും കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കാസര്‍കോട് ചെമ്പിരിക്കിലെ അബൂബക്കര്‍ സിദ്ദീഖ് (34) വിമാനത്താവളത്തിലാണ് പിടിയിലായത്. കുങ്കുമപ്പൂ ഇറാനില്‍നിന്നുള്ളത്. വിപണിയില്‍ കിലോയ്ക്ക് 1.25 ലക്ഷം രൂപ വില വരും. സ്വര്‍ണ്ണം നാലര ലക്ഷത്തിന്റേതും. ജീന്‍സിന്റെ സിബ്ബിനോട് ചേര്‍ന്നുള്ള രഹസ്യ അറയില്‍ സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ മുറിച്ച് ചെറിയ കഷണങ്ങളാക്കി ഒളിപ്പിച്ചിരുന്നു. ബാഗിനുള്ളില്‍ പ്രത്യേക പ്ലാസ്റ്റിക് കവറുകളിലാക്കിയായിരുന്നു കുങ്കുമം കടത്താന്‍ ശ്രമിച്ചത്. 9 ഡബ്ല്യൂ 531 ജെറ്റ് എയര്‍വേയ്‌സില്‍ ദുബായില്‍ നിന്നു മംഗലാപുരത്തെത്തിയതായിരുന്നു സിദ്ദീഖ്. ജീന്‍സിന്റെ സിബ്ബ് ലോഹം കൊണ്ട് നിര്‍മിച്ചതിനാല്‍ മെറ്റല്‍ ഡിറ്റക്ടര്‍ വഴിയുള്ള പരിശോധനയില്‍ അപായ സൂചന മുഴങ്ങുന്നത് സാധാരണയാണ്. ഈ പഴുതുപയോഗിച്ചാണ് സിദ്ദീഖ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായ പരിശോധന നടത്തി. തുടര്‍ന്ന് ബാഗുകള്‍ കൂടി പരിശോധിച്ചതോടെ കുങ്കുമപ്പൂവും കണ്ടെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.