കണ്ണൂര്‍: സംസ്ഥാനത്ത് നിഷ്പക്ഷമായി നിയമം നടപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമ കേസുകള്‍ നല്ലരീതിയില്‍ അന്വേഷിച്ച് എത്രയും വേഗം കുറ്റവാളികളെ പിടികൂടി കുറ്റപത്രം സമര്‍പ്പിക്കുകയാണ് പോലീസിന്റെ പ്രഥമ ജോലി. കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാനും കുറക്കാനുമുള്ള വഴികള്‍ തേടാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഇതുസംബന്ധിച്ച് ശനിയാഴ്ച രാത്രി ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു. ഇവ നടപ്പാക്കിയശേഷം വിശദീകരിക്കും. ഇന്റലിജന്‍സ് ശൃംഖല ശക്തിപ്പെടുത്തും.
പൊലീസിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദമില്ലെന്നും കേസുകള്‍ നിഷ്പക്ഷമായി അന്വേഷിക്കാന്‍ കീഴുദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു. നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ജില്ലാ പൊലീസ് മേധാവിക്കെതിരെ സിപിഎം രംഗത്തുവന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെ തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: