സരസ്വതി നദി: പുതിയ പഠന റിപ്പോര്‍ട്ടും ശരിവയ്ക്കുന്നു

Monday 17 October 2016 4:48 pm IST

ന്യൂദല്‍ഹി: പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന സരസ്വതി നദി യാഥാര്‍ത്ഥ്യമായിരുന്നെന്ന് വിദഗ്ധ സമിതിയുടെ പുതിയ റിപ്പോര്‍ട്ടും ശരിവെക്കുന്നു. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറന്‍ കടലില്‍ (അറബിക്കടല്‍) പതിച്ചിരുന്ന നദി ഒഴുകിയതിന്റെ എല്ലാ തെളിവുകളും പഠനത്തില്‍ ലഭിച്ചെന്ന് സമിതി അധ്യക്ഷന്‍ പ്രൊഫ.കെ.എസ്. വാല്‍ദിയ പറഞ്ഞു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി പ്രതികരിച്ചു. പ്രശസ്ത ഭൂതത്വശാസ്ത്രജ്ഞനായ വാല്‍ദിയയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടെത്തലുകള്‍ പ്രകാരം ഹിമാലയത്തില്‍ നിന്ന് ആരംഭിക്കുന്ന നദി ഹരിയാന, രാജസ്ഥാന്‍, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്ന് റാന്‍ ഓഫ് കച്ച് വഴി അറബിക്കടലില്‍ എത്തിച്ചേര്‍ന്നിരുന്നു. 4,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നദിയായിരുന്നു സരസ്വതി. ഇതില്‍ ആയിരം കിലോമീറ്ററോളം ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. സരസ്വതി നദിക്ക് രണ്ട് പ്രധാന ഉപനദികള്‍ ഉണ്ടായിരുന്നു എന്നും ഏഴംഗ വിദഗ്ധ സമിതി കണ്ടെത്തി. പടിഞ്ഞാറന്‍ ശാഖ പഴയ സത്‌ലജ് നദിയുടെ ഭാഗമായ ഗഗാര്‍-പട്യാലിവാലി നദിയും കിഴക്കന്‍ ശാഖയായി മാര്‍ക്കണ്ഡ-സര്‍സുതി നദിയുമായിരുന്നു. ഹാരപ്പന്‍ സംസ്‌ക്കാര കാലത്ത് സരസ്വതീ നദിയുടെ തീരത്ത് ചെറുതും വലുതുമായ 1,700 നഗരങ്ങളുണ്ടായി. നൂറു ഹെക്ടറിലധികം വലുപ്പമുള്ളതായിരുന്നു അവയില്‍ പലതും. 5,500 വര്‍ഷങ്ങളോളം അവ നിലനിന്നു. നദി ഒഴുകിയിരുന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും 30 അടിയിലേറെ ഉയരത്തില്‍ മണല്‍ത്തിട്ടകള്‍ ഇപ്പോഴുമുണ്ട്. അഞ്ചു കിലോമീറ്റര്‍ വരെ വീതിയുണ്ടായിരുന്നു നദിക്കെന്നും ആറു മാസം നീണ്ട പരിശോധനകള്‍ക്കു ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗഗ്ഗാര്‍, ദാങ്ഗ്രി നദികള്‍ സരസ്വതി നദിയുടെ ഭാഗമായിരുന്നെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. സത്‌ലജ്, യമുനാ നദീതടങ്ങളില്‍ നിന്നു ലഭിച്ച ഇരുമ്പയിരുകള്‍ സരസ്വതിയൂടെ സഞ്ചാരമേഖലകളില്‍ നിന്നു ലഭിച്ചതായും വിദഗ്ധ സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.