സ്പാനിഷ് ലീഗ്: വമ്പന്മാര്‍ മിന്നി

Monday 17 October 2016 4:12 am IST

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാര്‍ക്ക് മിന്നുന്ന ജയം. നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ, മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ് ടീമുകളാണ് എതിരാളികള്‍ക്കുമേല്‍ ഗോള്‍മഴ പെയ്യിച്ച് വമ്പന്‍ വിജയം നേടിയത്. റയല്‍ മാഡ്രിഡ് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തകര്‍ത്തപ്പോള്‍ അത്‌ലറ്റികോ 7-1ന് ഗ്രനാഡയെയും ബാഴ്‌സലോണ 4-0ന് ഡിപോര്‍ട്ടീവോ ലാ കൊരൂണയെയും കീഴടക്കി. ലഗാനസിനെ 2-3ന് പരാജയപ്പെടുത്തി സെവിയയും വിജയം നേടി. ലീഗില്‍ തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കുശേഷമാണ് റയല്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. ബെറ്റിസിനെതിരായ എവേ മത്സരത്തില്‍ നാലാം മിനിറ്റില്‍ റാഫേല്‍ വരാനയിലൂടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ട റയല്‍ 78-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോയിലൂടെ പട്ടിക പൂര്‍ത്തിയാക്കി. 31-ാം മിനിറ്റില്‍ കരിം ബെന്‍സേമയും 39-ാം മിനിറ്റില്‍ മാഴ്‌സെലോയും 45, 62 മിനിറ്റുകളില്‍ ഇസ്‌കോയും റയലിനായി ലക്ഷ്യം കണ്ടു. 55-ാം മിനിറ്റില്‍ സെജുഡോ ബെറ്റിസിന്റെ ആശ്വാസഗോള്‍ നേടി. ആദ്യപകുതിയല്‍ റയല്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു. ഗ്രനാഡക്കെതിരായ കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു അത്‌ലറ്റികോയുടെ മിന്നുന്ന ജയം. കരാസ്‌കോയുടെ ഹാട്രിക്കാണ് കളിയിലെ പ്രത്യേകത. 18-ാം മിനിറ്റില്‍ ലോപ്പസിലൂടെ ഗ്രനാഡ ലീഡ് നേടി. എന്നാല്‍ 34-ാം മിനിറ്റില്‍ കരാസ്‌കോ സമനില ഗോള്‍ കണ്ടെത്തിയതോടെ അത്‌ലറ്റികോ കളിയില്‍ മേല്‍ക്കൈ നേടി. പിന്നീട് 45-ാം മിനിറ്റിലും താരം ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയില്‍ 2-1ന് മുന്നില്‍. 61-ാം മിനിറ്റിലും ഗോള്‍ നേടി കരാസ്‌കോ ഹാട്രിക്ക് തികച്ചു. തുടര്‍ന്ന് നിക്കോളാസ് ഗെയ്താന്റേത്. 63, 81 മിനിറ്റുകളില്‍ രണ്ട് തവണ വല കുലുക്കി. തുടര്‍ന്ന് 85-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കൊറിയയും രണ്ട് മിനിറ്റിനുശേഷം തിയാഗോയും ലക്ഷ്യം കണ്ടതോടെ അത്‌ലറ്റികോയുടെ ഗോള്‍മഴ പൂര്‍ത്തിയായി. ഡി പോര്‍ട്ടീവോക്കെതിരായ കളിയില്‍ റാഫീഞ്ഞോയുടെ ഇരട്ട ഗോളാണ് ബാഴ്‌സക്ക് മികച്ച ജയം നേടിക്കൊടുത്തത്. 21, 36 മിനിറ്റുകളിലായിരുന്നു റാഫീഞ്ഞോയുടെ ഗോള്‍. 43-ാം മിനിറ്റില്‍ ഉറുഗ്വെ സൂപ്പര്‍താരം ലൂയി സുവാരസും ഗോള്‍ നേടി.പരിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ലക്ഷ്യം കണ്ടു. 55-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ മെസ്സി 58 മിനിറ്റിലാണ് ഗോള്‍ നേടിയത്. എട്ട് കളികളില്‍ നിന്ന് 18 പോയിന്റ് വീതമുള്ള അത്‌ലറ്റികോയും റയലും ഒന്നും രണ്ടും സ്ഥാനത്ത്. 17 പോയിന്റുമായി സെവിയ മൂന്നാമതും 16 പോയിന്റുള്ള ബാഴ്‌സലോണ നാലാമതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.