യുവാവിന് നേരെ നടന്നത് ക്വട്ടേഷന്‍ ആക്രമണം

Monday 17 October 2016 1:03 pm IST

സ്വന്തം ലേഖകന്‍ കൊല്ലം: ശക്തമായ നടപടിയിലൂടെ അമര്‍ച്ച ചെയ്ത ക്വട്ടേഷന്‍ സംഘങ്ങള്‍ തിരിച്ചു വരുന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ ഒമ്പതിന് രാത്രി കടവൂരില്‍ യുവാവിന് നേരെ നടന്ന ആക്രമണം സൂചിപ്പിക്കുന്നത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറഞ്ഞ് പോലീസ് കേസ് അവസാനിപ്പിക്കുമ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് അത് ആശ്വാസമേകുന്നു. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ വാങ്ങിയവരാണ് ആക്രമണത്തിന് പിന്നിലുണ്ടായിരുന്നത്. രാത്രിയില്‍ ജോലിക്കഴിഞ്ഞ് മടങ്ങി വീട്ടിലേക്ക് വരുമ്പോഴാണ് പെരുമണ്‍സ്വദേശി ശ്യാമിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ രണ്ട് ബൈക്കുകളിലായി നാലുപേര്‍ പിന്നാലെയുണ്ട്. തേവള്ളി പാലം കഴിഞ്ഞതോടെ ഈ സംഘം കടവൂരില്‍ ശ്യാമിനെ കാത്തിരുന്ന സംഘത്തിന് നിര്‍ദ്ദേശം നല്‍കി. കടവൂര്‍ കഴിഞ്ഞതോടെ പിന്നാലെ ബൈക്കിലെത്തിയ സംഘം ശ്യാം സഞ്ചരിച്ചിരുന്ന ബൈക്കിന് ഇടിക്കാന്‍ ശ്രമിച്ചു. ബൈക്ക് വെട്ടിച്ചു മാറ്റിയതോടെ സംഘം ശ്യാമിനെ ചവിട്ടി ഇട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ രീതിയായിരുന്നു ആക്രമണങ്ങള്‍ക്ക്. പുറകെ മുറിവ് ഏല്‍പ്പിക്കാതെ ശരീരത്തിനകത്ത് കേടുപാടുകള്‍ സംഭവിച്ച് കൊലപ്പെടുത്തുന്ന രീതിയിലായിരുന്നു സംഘം ആക്രണം നടത്തിയത്. ഇരുമ്പ് കമ്പിയില്‍ റബ്ബര്‍ കെട്ടിയ ശേഷം തലയ്ക്കടിച്ച് ആന്തരിക രക്തസ്രാവം ഉണ്ടാക്കുന്ന രീതിയിലായിരുന്നു മര്‍ദ്ദനം. ഇത് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതിയാണ്. മരിച്ചെന്ന ഉറപ്പില്‍ ആക്രമകാരികള്‍ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. ഭാഗ്യവശാലാണ് ശ്യാമിന് ജീവന്‍ തിരികെ ലഭിച്ചത്. അതേസമയം സ്റ്റേഷന്‍ ജാമ്യമുള്ള വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് വീണ്ടും ആക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. പുറത്ത് മുറിവില്ലാത്തത് കൊണ്ടാണ് സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പ് ചുമത്തിയതെന്നാണ് പോലീസിന്റെ വാദം. ആരു കണ്ടാലും ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് വിലയിരുത്തുന്ന സ്ഥലത്താണ് പോലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. വീണ്ടും ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമാകാന്‍ പോലീസിന്റെ ഈ ഇടപെടല്‍ കാരണമാകുമെന്ന് ഉറപ്പ്. അഞ്ചാലുംമൂട് പോലീസിന്റെ ഈ സമീപനത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.