അഞ്ചാംഭാവവും ഇഷ്ടദേവതാ നിര്‍ണ്ണയവും

Friday 12 May 2017 11:50 am IST

ജ്യോതിഷത്തില്‍ പന്ത്രണ്ട്‌ ഭാവങ്ങളില്‍ അഞ്ചാം ഭാവം, ഒന്‍പതാം ഭാവം, ലഗ്നം എന്നിവയ്ക്ക്‌ ഇഷ്ടദേവതാനിര്‍ണയത്തില്‍ സവിശേഷമായ പങ്കുണ്ട്‌. ഇതില്‍ തന്നെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട്‌ ഇഷ്ടദേവതയെ നിര്‍ണയിക്കുന്നതിന്‌ വളരെയേറെ പ്രാധാന്യമുണ്ട്‌. ദേവഭക്തി, മന്ത്രം, യന്ത്രം പുണ്യകര്‍മ്മങ്ങള്‍ എന്നിവ അഞ്ചാം ഭാവംകൊണ്ട്‌ വെളിപ്പെടുന്നു. അഞ്ചാം ഭാവാധിപന്‍, അഞ്ചില്‍ നില്‍ക്കുന്ന ഗ്രഹം, അഞ്ചില്‍ നോക്കുന്ന ഗ്രഹം എന്നിവയില്‍ ഏറ്റവും ബലമുള്ള ഗ്രഹം ആ വ്യക്തിയുടെ ഇഷ്ടദേവതയെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കുന്നു. ലഗ്നത്തിനോ ചന്ദ്രനോ ഏതിനാണ്‌ ബലമെന്ന്‌ സൂക്ഷ്മപ്പെടുത്തി അതിന്റെ അതിന്റെ അഞ്ചാംഭാവംകൊണ്ട്‌ ചിന്തിക്കുന്നതാണ്‌ ഉത്തമം. ഇതുപോലെ ഒന്‍പതാം ഭാവത്തെയും ലഗ്നത്തെയും കൂടി പരിശോധിക്കേണ്ടതാണ്‌. ഒരു വ്യക്തിയുടെ ആത്മീയതയിലേക്ക്‌ തുറക്കുന്ന ജാലകങ്ങളാണ്‌ മുന്‍പറഞ്ഞ ഭാവങ്ങള്‍. ഈ മൂന്ന്‌ ഭാവങ്ങളെയും സ്വാധീനിക്കുന്ന ഗ്രഹങ്ങളില്‍ ഏറ്റവും ബലമുള്ള ഗ്രഹത്തിന്‌ വിധിച്ചിട്ടുള്ള ദേവതയായിരിക്കും ആ വ്യക്തിയുടെ ഇഷ്ടദേവത. ലഗ്നാധിപന്‌ ആ ഗ്രഹവുമായി യോഗമേ, പരസ്പരദൃഷ്ടിയോ, മറ്റ്‌ തരത്തിലുള്ള പരസ്പരബന്ധമോ വന്നാല്‍ ഇഷ്ടദേവത അതു തന്നെയെന്ന്‌ തീര്‍ച്ചപ്പെടുത്താം. ലഗ്നാധിപന്‍ അഞ്ചില്‍, അഞ്ചാം ഭാവാധിപനോടൊപ്പം നില്‍ക്കുന്നുവെന്ന്‌ കരുതുക. ഒന്‍പതാം ഭാവാധിപന്‍, ഒന്‍പതില്‍ നില്‍ക്കുന്ന ഗ്രഹം എന്നിവയേക്കാള്‍ ബലം അഞ്ചാം ഭാവാധിപനുണ്ടെന്നും കരുതുക. അപ്പോള്‍ അഞ്ചാം ഭാവാധിപന്‌ വിധിച്ചിട്ടുള്ള ദേവതയായിരിക്കും ആ വ്യക്തിയുടെ ഇഷ്ടദേവത. മനസ്സ്‌, ബുദ്ധി എന്നിവയും അഞ്ചാം ഭാവംകൊണ്ട്‌ ചിന്തിക്കുന്നതിനാല്‍ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട്‌ ഇഷ്ടദേവതാ നിര്‍ണയും നടത്തുന്നതിന്‌ സവിശേഷ പ്രാധാന്യമുണ്ട്‌. നമ്മുടെ ഇഷ്ടദേവതയ്ക്ക്‌ നമ്മുടെ മാനസികഭാവങ്ങളുമായി എപ്പോഴും ഒരു ചേര്‍ച്ചയുണ്ടാവണമല്ലോ. ജാതകത്തില്‍ ഏറ്റവും പ്രബലമായ ഗ്രഹം ആ വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. എങ്കിലും ഭക്തിയുടെ അടിസ്ഥാനം തന്നെ മനസ്സായിരിക്കെ, അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട പ്രബലഗ്രഹത്തിന്റെ ദേവതയെതന്നെ ഇഷ്ടദേവതയായി തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. കഴിഞ്ഞ ജന്മങ്ങളില്‍ ഒരു വ്യക്തി ഉപാസിച്ചിരുന്ന ദേവതാ സങ്കല്‍പങ്ങള്‍ സംസ്കാര രൂപത്തില്‍ നമ്മുടെ ഉപബോധമനസ്സില്‍ ഉണ്ടാവുമെന്ന്‌ ഒരു സിദ്ധാന്തവുമുണ്ട്‌. ആ ദേവതാസങ്കല്‍പത്തോട്‌ ഈ ജന്മത്തില്‍ നമുക്ക്‌ ഒരു ചായ്‌വും ഉണ്ടാകാം. ജീവിതത്തില്‍ പെട്ടെന്നുണ്ടായേക്കാവുന്ന ചില അപകടങ്ങളിലും മറ്റും നാം അറിയാതെ വിളിച്ചുപോകുന്ന ചില ദേവതാനാമങ്ങളുണ്ട്‌. പെട്ടെന്ന്‌ അപകടമുണ്ടാകുമ്പോള്‍ 'എന്റെ കൃഷ്ണാ' എന്നായിരിക്കും ചിലര്‍ വിളിക്കുക. ചിലര്‍ 'എന്റെ ദേവീ' എന്നുവിളിക്കും. ഇത്‌ ആ വ്യക്തിയുടെ പൂര്‍വജന്മത്തിലെ ഉപാസനാമൂര്‍ത്തി ഏതെന്ന്‌ സൂചന നല്‍കുന്നതായിരിക്കാമെന്ന്‌ സ്വാമി ശിവാനന്ദ അഭിപ്രായപ്പെടുന്നുണ്ട്‌. ഇഷ്ടദേവതാ നിര്‍ണയം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നത്‌ ഉചിതമായിരിക്കും. - ഡോ. ബാലകൃഷ്ണവാര്യര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.