ശബരിമല വികസനം: വനംവകുപ്പ് തടസ്സമെന്ന് പ്രയാര്‍

Monday 17 October 2016 10:24 pm IST

ശബരിമല: ശബരിമല വികസനത്തിന് വനംവകുപ്പ് തടസ്സം സൃഷ്ടിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. മേല്‍ശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ട് സന്നിധാനത്തെത്തിയ അദ്ദേഹം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ശബരിപീഠത്തിലെ വെടിവഴിപാട്, കുന്നാര്‍ അണക്കെട്ടിന്റെ ശേഷി കൂട്ടല്‍ എന്നീ കാര്യങ്ങളിലെല്ലാം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനാവശ്യമായ എതിര്‍പ്പ് കാണിക്കുന്നു. എല്ലാ വകുപ്പുകളും സഹകരിച്ചാല്‍ മാത്രമേ മണ്ഡല, മകരവിളക്ക് ഉത്സവം തടസ്സംകൂടാതെ നടത്താന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷം കുന്നാര്‍ അണക്കെട്ടില്‍ വീണ മരം നീക്കിയതിന് ബോര്‍ഡ് ചീഫ് എന്‍ജീനിയര്‍ക്ക് എതിരെ വനം വകുപ്പ് കേസ് എടുക്കാനൊരുങ്ങിയെങ്കിലും മന്ത്രി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ശബരിമലയില്‍ കുടിവെള്ളത്തിനും അന്നദാനത്തിനും മുടക്കമുണ്ടാകില്ല. കുപ്പിവെള്ളം നിരോധിച്ചത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ പതിനായിരം ലിറ്റര്‍ വീതം വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യും. സേവന മനോഭാവത്തോടെ എത്തുന്ന ക്ഷേത്രഉപദേശക സമിതികളെയും മറ്റ് സന്നദ്ധ പ്രവര്‍ത്തകരെയും കുടിവെള്ള വിതരണത്തിന് അനുവദിക്കും. നിലയ്ക്കല്‍ ടാങ്കറില്‍ വെള്ളം നല്‍കും. ജലവിഭവ വകുപ്പും ഇതിന് സന്നദ്ധമാണ്. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.