പാലക്കാട്: എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ ഫലമാണ് തനിക്ക് കൈവന്ന പുണ്യമെന്ന് ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എം.ഉണ്ണികൃഷ്ണന് നമ്പൂതിരി ജന്മഭൂമിയോട് പറഞ്ഞു.
ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവില്‍ ഉച്ചപൂജക്കായി നടന്ന തുറക്കുമ്പോഴാണ് ഭക്തജനങ്ങളുടെ ശരണംവിളികള്‍ക്കിടയില്‍ തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത്. എല്ലാം അയ്യപ്പ കടാക്ഷം- പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് ഉണ്ണികൃഷ്ണന് നമ്പൂതിരി. ഗുരുനാഥന്മാരുടെയും പൂര്‍വ്വികരുടെയും അനുഗ്രഹമാണ് തന്നെ ഇതുവരെ എത്തിച്ചത്. ഏഴുതവണ അപേക്ഷിച്ചപ്പോള്‍ ആറുതവണ പ്രധാന ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തവണയാണ് അയ്യപ്പന് കനിഞ്ഞത്. വിവരം അറിഞ്ഞതോടെ നാട്ടുകാരും അയ്യപ്പന്‍കാവ് ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ ആദരിച്ചു.
1974 മെയ് 28ന് തെക്കുംപറമ്പത്ത് മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ആര്യ അന്തര്‍ജനത്തിന്റെയും മകനായി പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ ജനനം. കാറല്‍മണ്ണ എന്‍എന്‍എന്‍എം യുപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഡിയുഎച്ച്എസില് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പ്രൈവറ്റായി കോളേജ് പഠനം പൂര്‍ത്തിയാക്കി. സമാവര്‍ത്തനത്തിനുശേഷം 10 വയസ്സുമുതല്‍ അച്ഛന് ശാന്തി നടത്തിയിരുന്ന കാറല്‍മണ്ണ ഇളുതുരുത്തി മഹാവിഷ്ണുക്ഷേത്രത്തില്‍ പൂജാദികാര്യങ്ങളോടെ തുടക്കം കുറിച്ചു. അച്ഛനും വലിയച്ഛന് തെക്കും പറമ്പത്ത് മനയ്ക്കല്‍ സുബ്രഹ്മണ്യന് സോമയാജിയുമായിരുന്നു ആദ്യഗുരുക്കള്‍.
വാഴക്കുന്നം നീലകണ്ഠന് നമ്പൂതിരിയുടെയും ഗുരുവായൂര്‍ ഓതിക്കന് പൊട്ടക്കുഴി നാരായണന് നമ്പൂതിരിയുടെയും കീഴിലാണ് വൈദീക കര്‍മ്മങ്ങളെക്കുറിച്ചും താന്ത്രിക കര്‍മ്മങ്ങളെക്കുറിച്ചും പഠിച്ചത്. ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ് തന്ത്രി തന്ത്രരത്നംഅഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ കൂടെയാണ് താന്ത്രികകര്മ്മങ്ങള് ആരംഭിച്ചത്. അണ്ടലാടി, കാട്ടുമാടം, പുലാമന്തോള്‍, കത്തേക്കുന്നം തന്ത്രിമാരുടെ കൂടെ സഹകര്മ്മിയായിരുന്നു. 1999 ല്‍ 25 ാം വയസ്സില്‍ നറുക്കെടുപ്പിലൂടെ ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവില്‍ മേല്‍ശാന്തിയായി. 2010 ല്‍ ഗുരുവായൂരമ്പലത്തിലെ മേല്‍ശാന്തിയായി.
ആറുതവണ ശബരിമല മേല്‍ശാന്തിമാരുടെ അന്തിമ ലിസ്റ്റിലും മൂന്നു തവണ മാളികപ്പുറം മേല്‍ശാന്തിമാരുടെ അന്തിമലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നു. 10 വയസ്സുമുതല്‍ അച്ഛനോടൊപ്പം തുടങ്ങിയ ശബരിമല ദര്‍ശനം 32 വര്‍ഷമായി തുടരുന്നു.
ഭാര്യ: തൃക്കടീരി പിടിഎം ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപികയായ എളമ്പുലാക്കാട് മനയില്‍ നിജ. മക്കള്‍: ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായ ദേവനാരായണന്, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ദേവരാമന്. സഹോദരങ്ങള്‍: ആര്യദേവി, സതി, വാസുദേവന്‍ നമ്പൂതിരി, നാരായണന് നമ്പൂതിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: