കണ്ണൂര്‍ ജയിലില്‍ തടവുകാരെ സിപിഎം ആക്രമിച്ചു

Monday 17 October 2016 10:56 pm IST

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതികളെ കൊല്ലാന്‍ സിപിഎം ശ്രമം. കൊലക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് കഴിയുന്ന കൂത്തുപറമ്പ് പാതിരിയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നവജിത്ത്, രൂപേഷ്, രാഹുല്‍ എന്നിവരെയാണ് തടവിലുള്ള സിപിഎം സംഘം ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ നവജിത്തിന്റെ നില ഗുരുതരമാണ്. കേള്‍വി കുറഞ്ഞു. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ കൊന്ന കേസിലെ പ്രതികളാണ് ആക്രമണ നേതൃത്വം കൊടുത്തത്. കൂത്തുപറമ്പ് വേങ്ങാട്ടെ കേസില്‍ കഴിഞ്ഞ ദിവസമാണ് നവജിത്തും മറ്റും റിമാന്‍ഡിലായത്. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലിലും നവജിത്തിനെയും കൂട്ടരേയും സിപിഎംകാര്‍ ആക്രമിച്ചിരുന്നു. ഇവര്‍ക്ക് ഭക്ഷണം വിലക്കി. സിപിഎം ഭീഷണിയുള്ളതിനാല്‍ മറ്റ് തടവുകാരുടെ കൂടെ നല്‍കാതെ പ്രത്യേകമായാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ചില ദിവസങ്ങളില്‍ ഭക്ഷണം ലഭിച്ചല്ല. രണ്ട് ദിവസം മുന്‍പ് ഇവരുടെ പ്രഭാതഭക്ഷണത്തില്‍ മണ്ണ് വാരിയിട്ടു. ജീവന്‍ അപകടത്തിലാകുമെന്നായപ്പോഴാണ് നവജിത്ത് ഉള്‍പ്പടെയുള്ളവരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. സെന്‍ട്രല്‍ ജയിലില്‍ നിന്ന് നവജിത്ത് ഉള്‍പ്പടെയുള്ളവരെ വൈദ്യപരിശോധനക്ക് ജയിലിനകത്തെ ആശുപത്രി ബ്ലോക്കിലേക്ക് കൊണ്ട്‌പോകുമ്പോഴായിരുന്നു സംഘടിച്ചെത്തിയ സിപിഎം തടവുകാര്‍ ആക്രമിച്ചത്. പുറത്തറിയിച്ചാല്‍ ജയിലിനകത്ത് വെച്ച് കൊല്ലുമെന്നവര്‍ ഭീഷണിപ്പെടുത്തി. ചില ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി.~ജയിലില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ വിവരം അറിഞ്ഞ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമേ ഇവര്‍ക്ക് ചികിത്സ ലഭിച്ചുള്ളു. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.