കുണ്ടറ: മഴയില്‍ വീടും മതിലും റോഡിലേക്ക് ഇടിഞ്ഞു വീണു. കൊറ്റങ്കര മേക്കോണ്‍ കോട്ടാച്ചിറ മാടന്‍കാവിന് സമീപം ശിവാലയത്തില്‍ സിന്ധുവിന്റെ വീടാണ് കഴിഞ്ഞദിവസത്തെ മഴയത്ത് ഇടിഞ്ഞ് വീണത്. നാലുമുറിയുള്ള വീട്ടില്‍ സിന്ധുവും ഭര്‍ത്താവ് സുരേഷ്കുമാറുമാണ് താമസം.
രാത്രിയില്‍ വലിയശബ്ദവും, വീട് കുലുങ്ങുന്നതായി തോന്നിയ വീട്ടുകാര്‍ പുറത്തിറങ്ങിയതാണ് ഇവര്‍ക്ക് രക്ഷയായത്. നാലു മുറികളുള്ള ഈ വീടിന്റെ രണ്ട് മുറികള്‍ നിലം പൊത്തുകയായിരുന്നു. വീട് ഇടിഞ്ഞ് മതിലും തകര്‍ത്ത് പഞ്ചായത്ത് റോഡിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ റോഡില്‍ നിന്ന് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. വര്‍ഷങ്ങളായി പഞ്ചായത്തില്‍ നിന്നുള്ള വീടിന് അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു ഈ കുടുംബം. അവശേഷിച്ച രണ്ടു മുറികളും എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇവര്‍ വില്ലേജ് ഓഫീസിലും, പഞ്ചായത്തിലും പരാതി നല്കി. ഇനി എന്ത് ചെയ്യണമെന്ന നിസ്സഹായവസ്ഥയിലാണ് കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: