പൂച്ചാക്കല്‍: അരൂര്‍ നിയമസഭാ മണ്ഡലം പരിധിയില്‍ ജപ്പാന്ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകള്‍ നീട്ടി സ്ഥാപിക്കുന്ന നടപടികള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ശുദ്ധജല പൈപ്പ് കടന്നുപോകുന്നതിനു സഞ്ചാരയോഗ്യമായ റോഡ് പൊളിക്കണമെന്നതു പലയിടത്തും തടസമായിരുന്നു. ഇതേ തുടര്‍ന്നാണു ജനപ്രതിനിധികളുടെയും ജലഅതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ചേര്‍ന്നത്. റോഡ് പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയും അതു പുനഃസ്ഥാപിക്കുന്നതിനുള്ള പണം അതതു പഞ്ചായത്തുകള്‍ പൊതുമരാമത്ത് വകുപ്പില്‍ അടയ്ക്കുകയും വേണമെന്നു നിര്‍ദേശിച്ചു.
പണം അടയ്ക്കാന്‍ പഞ്ചായത്തുകള്‍ കാലതാമസം വരുത്തിയാല്‍ പൈപ്പ് സ്ഥാപിക്കല്‍ തടസപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. പൂച്ചാക്കല്‍ ജെട്ടി ഭാഗത്ത് ഉടന്‍ കുടിവെള്ളമെത്തിക്കാനും തീരുമാനമുണ്ട്. അരൂക്കുറ്റി – അരൂര്‍ റോഡിലൂടെ ജപ്പാന്ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കല്‍ ഉടന്‍ തുടങ്ങുമെന്നതാണു മറ്റൊരു പ്രധാന തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: