സുഖം തേടുന്നവര്‍ ഇതറിയുക

Tuesday 18 October 2016 8:42 pm IST

എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് ജീവിതത്തില്‍ എപ്പോഴും സുഖവും സമാധാനവും വേണമെന്നാണ്. മനുഷ്യന്‍ മാത്രമല്ല, എല്ലാ ജീവികളും പ്രകൃത്യാതന്നെ സുഖവും സ്വസ്ഥതയും ആഗ്രഹിക്കുന്നുണ്ടെന്ന് പരോക്ഷമായ അനേകം തെളിവുകളിലൂടെ നമുക്ക് ബോധ്യപ്പെടും. ശ്രീനാരായണഗുരുവിന്റെ 'ദൈവദശകം' അവസാനിക്കുന്നതുതന്നെ 'ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം' എന്നാണല്ലോ. പക്ഷേ, സാര്‍വലൗകികമായ ഈ ലക്ഷ്യത്തിനുവേണ്ടി നാം ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് ഓര്‍ത്തുനോക്കൂ! മനുഷ്യന്റെ ഒരുദിവസത്തെ ഏതാണ്ട് പകുതി സമയത്തും (ഉറക്കം ഒഴിച്ചുള്ള) നാം പ്രയത്‌നിക്കുന്നത് സമ്പത്തുണ്ടാക്കാന്‍ വേണ്ടിയാണ്! ധാരാളം പണം കൈവശം വന്നാല്‍ നമ്മുടെ ഭൗതികമായ എല്ലാ ആവശ്യങ്ങളും (ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിനോദം) യഥേഷ്ടം നിര്‍വഹിക്കപ്പെടുമെന്നും നമുക്ക് സുഖമായി ജീവിക്കാന്‍ കഴിയുമെന്നാണ് നാം കരുതുന്നത്. സമ്പത്ത് കുന്നുകൂട്ടിയതുകൊണ്ട് നമുക്ക് സുഖം ലഭിച്ചിരുന്നുവെങ്കില്‍ ലോകത്തിലെ ധനാഢ്യരെല്ലാം യോഗികളെപ്പോലെ ശാന്തചിത്തരായിത്തീരേണ്ടതല്ലെ? പക്ഷേ, നാം ചുറ്റിലും കാണുന്നതെന്താണ്? അവരില്‍ ബഹുഭൂരിപക്ഷവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ജീവിക്കുന്നതെന്ന് അവരെ അടുത്ത മനസ്സിലാകുമ്പോള്‍ നമുക്ക് ബോധ്യപ്പെടും. വിഹിതവും അവിഹിതവുമായി സമ്പാദിച്ചുകൂട്ടിയതെല്ലാം നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് അവര്‍ ജീവിക്കുന്നത്. മടിയില്‍ കനമുണ്ടെങ്കില്‍ ഹൃദയമിടിപ്പ് വര്‍ധിച്ചുകൊണ്ടേയിരിക്കും എന്ന ചൊല്ല് എത്ര ശരി! സമ്പന്നരെ നാം സമീപിച്ച് സംഭാഷണം നടത്തുമ്പോഴെല്ലാം നമുക്കിത് നന്നായി മനസിലാകും. ജീവിതശൈലീരോഗങ്ങള്‍ ഏറ്റവും കൂടുതലായി ബാധിക്കുന്നത് സമ്പന്നരെയാണെന്ന് എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നു. പക്ഷേ, സമ്പന്നരാകാന്‍ വെമ്പുന്ന മധ്യവര്‍ഗവും, മധ്യവര്‍ഗമാകാന്‍ തിരക്കുകൂട്ടുന്ന ദരിദ്രരും കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരുപക്ഷേ ഇത്തരം പഠനങ്ങള്‍ പഴയ ഫലങ്ങള്‍ തന്നെന്നിരിക്കില്ല. കാരണം, സമ്പന്ന ദരിദ്രഭേദം കൂടാതെയാണ് ഇപ്പോള്‍ ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ വെളിവാക്കുന്നു! ചുരുക്കിപ്പറഞ്ഞാല്‍ നമുക്ക് ശാന്തിയും സമാധാനവും തരുന്ന ഒന്നല്ല അമിതസമ്പത്തെന്ന കാര്യം തീര്‍ച്ചയാണ്. ജീവിതത്തില്‍ താപത്രയങ്ങളില്‍പ്പെടുന്ന ഏതെങ്കിലും ഒരു ദുരന്തം വന്നുഭവിക്കുമ്പോഴാണ് നമ്മില്‍ മിക്കവരും ദൈവാശ്രയികളായിത്തീരുന്നത്. സമ്പത്ത് വര്‍ധിപ്പിച്ച് തരണേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമ്പന്നര്‍ നാട്ടില്‍ വര്‍ധിച്ച് വരികയാണെന്ന സത്യം മറന്നുകൊണ്ടല്ല ഇങ്ങനെ പ്രസ്താവിക്കുന്നത്. സമ്പന്നരുടെ പ്രാര്‍ത്ഥനകളില്‍ ദൈവത്തെ ഒരു 'അധികാര കേന്ദ്രം' ആയിട്ടാണ് സങ്കല്‍പ്പിക്കുന്നത്! സ്വന്തം അഭ്യുന്നതിക്കുവേണ്ടി മാത്രമായിട്ടാവും അവരുടെ പ്രാര്‍ത്ഥനകള്‍. ഭാര്യയുടെയും മക്കളുടെയും അടുത്ത ബന്ധുക്കളുടെയും സംരക്ഷണംകൂടി അത്തരം പ്രാര്‍ത്ഥനകളില്‍പ്പെടുമെങ്കിലും അതും സ്വാര്‍ത്ഥലക്ഷ്യം വച്ചുതന്നെയാണെന്ന് മനഃസാക്ഷി നമ്മോട് പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിയും! ഭാരതം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ലോകത്തോട് സുവ്യക്തമായിപ്പറഞ്ഞത് നമ്മുടെ പ്രാര്‍ത്ഥന ലോകശാന്തിക്കുകൂടിയാകണം എന്നാണ്. അതിനായി നാം കുറിച്ച സൂക്തിയില്‍ 'ലോകാ സമസ്താ സുഖിനോഭവന്തു' എന്ന് സുവ്യക്തമായിത്തന്നെ ചേര്‍ത്തിട്ടുണ്ട്. പരസുഖത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലൂടെ വേണം സ്വന്തം സുഖം ആര്‍ജിക്കേണ്ടതെന്ന പരമസത്യമാണ് നാം പണ്ടേക്ക് പണ്ടേ ലോകത്തെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. നാം എന്നത് ബാഹ്യമായി നിര്‍വചിച്ചാല്‍ രണ്ട് ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന ഒന്നാണെന്ന് മനസ്സിലാകും. ആ അടിസ്ഥാനഘടകങ്ങളാണ് മനസ്സും ശരീരവും. അതുകൊണ്ടുതന്നെ മനസ്സിന് സുഖവും ശാന്തിയും കൈവരണമെങ്കില്‍ ആദ്യം വേണ്ടത് ആരോഗ്യമുള്ള ഒരു ശരീരമാണ്. നിങ്ങള്‍ എത്രതന്നെ ആത്മീയവാദിയായി കൊള്ളട്ടെ, തീവ്രമായ ഒരു തലവേദന നിങ്ങളെ തികഞ്ഞ ഒരു 'ഭൗതികവാദി'യാക്കിത്തീര്‍ക്കും! കാരണം, തലവേദനയുള്ളപ്പോള്‍ എന്ത് ആത്മീയം? നിങ്ങള്‍ അന്വേഷിക്കുക തലവേദനയ്ക്കുള്ള പ്രതിവിധിയാണ്. 'വിശക്കുന്നവന്റെ മുന്നില്‍ ആഹാരം തന്നെയാണ് ദൈവം' എന്ന് വിവേകാനന്ദന്‍ പറഞ്ഞത് ഈ തത്വപ്രമാണത്തെ മുന്‍നിര്‍ത്തിയാവാനേ വഴിയുള്ളൂ. നമ്മുടെ പൂര്‍വികര്‍ അതുകൊണ്ടാണ് 'ശരീരമാദ്യം ഖുലുധര്‍മസാധനം' എന്നും 'അന്നാദ് ഭവന്തി ഭുതാനീ പര്‍ജന്യാദ് അന്ന സമുദ് ഭവ' എന്ന് തുടങ്ങുന്ന ഗീതാശ്ലോകവും രചിച്ചത്. ഇതനുസരിച്ച് അന്യജീവനെ ഹനിക്കാതെ കിട്ടുന്ന 'അന്നം'കൊണ്ട് സ്വജീവനെയും ഈ ജീവന്റെ ഇരിപ്പിടമായ ശരീരത്തെയും പുഷ്ടിപ്പെടുത്തണം. ബുദ്ധീശ്വരനായ വിഷ്ണുവിനെ (തലച്ചോറിനെ) ഉപയോഗപ്പെടുത്തി സൃഷ്ടിക്ക് കാരണമായ മനസ്സാകുന്ന 'ബ്രഹ്മാവ്' എന്ന തത്വത്തെ അടക്കിനിര്‍ത്തണം. സൃഷ്ടികര്‍ത്താവും സര്‍വജഗത്തിന്റെയും കാരണവസ്തുവുമായ സാക്ഷാല്‍ ബ്രഹ്മത്തെ സ്വാംശീകരിക്കാന്‍ പഠിക്കണം. ഒടുവില്‍ അതുതന്നെയായിത്തീരണം! ഇത്തരം ഒരു മഹാപരിവര്‍ത്തന പ്രക്രിയയായിട്ടാണ് ഭാരതീയ തത്വചിന്ത പരമമായ 'സുഖ'ത്തെ പ്രാപിക്കാനുള്ള മാര്‍ഗത്തെ വിശദീകരിക്കുന്നത്! 'മനസ്സിനെ എങ്ങനെ അടക്കിനിര്‍ത്താം' എന്നതാണ് സുഖാന്വേഷണ പ്രക്രിയയിലെ ഏറ്റവും വൈഷമ്യമേറിയ ഭാഗം. മനസ്സിന്റെ ആരോഗ്യമാണ് 'സുഖ'ത്തിന്റെ അടിത്തറയെന്ന് ആദ്യം അറിയണം. മനസ്സിനെ എങ്ങനെ വരുതിയില്‍ കൊണ്ടുവരാം എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് മനസ്സും തലച്ചോറുമായുള്ള ബന്ധത്തെക്കുറിച്ച് ചിലത് അറിയേണ്ടിവരും. മനസ്സെന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മാത്രമല്ലെന്ന് ഇപ്പോള്‍ അലോപ്പതി ഡോക്ടര്‍മാരും സമ്മതിച്ച് തുടങ്ങിയിട്ടുണ്ട്. രോഗശമനത്തിന് മരുന്നിനോടൊപ്പം 'മന്ത്രവും' വേണമെന്ന് ആയുര്‍വേദം പണ്ടേയ്ക്ക് പണ്ടേ പറഞ്ഞിരുന്നു എന്നോര്‍ക്കുക. പക്ഷേ ആധുനിക ശാസ്ത്രത്തിന്റെ പുറംമോടികളില്‍ മയങ്ങി നാം 'മന്ത്ര'ത്തെ 'മന്ത്രവാദ'മായി താഴ്ത്തിക്കെട്ടി! അതിന്റെ പൂര്‍ണമായ അര്‍ത്ഥം മനസ്സിലാക്കാതെ നമ്മുടെ പാരമ്പര്യത്തെ കളഞ്ഞുകുളിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.