ജയരാജനെതിരെ കേസെടുക്കണം: വി. മുരളീധരന്‍

Tuesday 18 October 2016 10:53 pm IST

തിരുവനന്തപുരം: യോഗ്യതകളില്ലാതെയാണ് ബന്ധുനിയമനം നടത്തിയതെന്ന മുന്‍മന്ത്രി ജയരാജന്‍ സമ്മതിച്ച സാഹചര്യത്തില്‍ എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ വിജിലന്‍സിന് മൊഴി നല്‍കി. വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാര്‍ മുന്‍പാകെയാണ് മൊഴി നല്‍കിയത്. യോഗ്യതകളില്ലാതെയാണ് ബന്ധുവായ പി.കെ.സുധീറിനെ കെഎസ്‌ഐഇ എംഡി യായി നിയമിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിയമിക്കാന്‍ റിയാബ് നിശ്ചയിച്ചിട്ടുള്ള എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും സുധീറിന്റെ നിയമനത്തില്‍ ലംഘിച്ചു. 15 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്ന നിബന്ധന ഉണ്ടായിരുന്നെങ്കിലും സുധീറിന് ആ യോഗ്യതകളൊന്നുമില്ലായിരുന്നു. പി.കെ.സുധീറിന്റെ നിയമന ഉത്തരവ് റദ്ദാക്കിയതായി കാണിച്ച് ഇ.പി.ജയരാജന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഇതിനു തെളിവാണ്: ബിരുദധാരിയും നിലവില്‍ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി.കെ. സുധീര്‍ കെഎസ്‌ഐഇയുടെ മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് അപേക്ഷിച്ചിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്' എന്നാണ് ജയരാജന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ കുറിച്ചിരുന്നത്. എംഡി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ആവശ്യമായ യോഗ്യതകളൊന്നുമില്ലാതെയായിരുന്നു പി.കെ.സുധീറിന്റെ നിയമനമെന്ന് മന്ത്രിതന്നെ ഇതിലൂടെ സമ്മതിച്ചിരിക്കുന്നു. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം ഈ കുറ്റം ചെയ്ത വ്യക്തി മൂന്നുവര്‍ഷം തടവിനും പിഴയ്ക്കും അര്‍ഹനാണ്.കുറ്റങ്ങളെല്ലാം ഇ.പി.ജയരാജന്‍ ചെയ്തു എന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഉടനടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. മന്ത്രിമാര്‍ക്ക് ബാധകമായിട്ടുള്ള റൂള്‍സ് ഓഫ് ബിസിനസ് ചട്ടങ്ങള്‍ പ്രകാരം മന്ത്രിസ്ഥാനത്തിരുന്ന ഇ.പി.ജയരാജന്‍ നടത്തിയിട്ടുള്ളത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്കെല്ലാം മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. അതിനാല്‍ ഈ നിയമനങ്ങളെല്ലാം നടന്നത് മുഖ്യമന്ത്രിയുടെകൂടി അറിവോടുകൂടിയാണ്. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിക്കുള്ള പങ്കും അന്വേഷിക്കണമെന്ന് മുരളീധരന്‍ മൊഴി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.