കൊച്ചി: എന്‍ഐഎ അന്വേഷിക്കുന്ന പീസ് സ്കൂള്‍ ഡയറക്ടര്‍മാര്‍ ആരും ചില്ലറക്കാരല്ല. ബാബു മൂപ്പന്, നൂര്‍ മുഹമ്മദ് നൂറിഷാ, സിറാജ് മേത്തര്‍ എന്നിവര്‍ കൊച്ചിയിലെ വിവിധ കച്ചവടമേഖലകളില്‍ ചുവടുറപ്പിച്ചവര്‍. മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന ആരോപണം ശരിയെന്നു തെളിഞ്ഞതിനെത്തുടര്‍ന്നാണ് പീസ് സ്കൂളുകള്‍ക്കെതിരെ അന്വേഷണം.
ബാബു മൂപ്പന്
കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിപ്പോണ്‍ ടൊയോട്ട കാര്‍ ഡീലര്‍ സ്ഥാപനത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് എം.എ.എം. ബാബു മൂപ്പന് (54). 2,500 തൊഴിലാളികള്‍ പണിയെടുക്കുന്ന വന്‍ വ്യവസായശൃംഖലയുടെ ഉടമ. ജനറല്‍ മോട്ടോഴ്സ് (യുഎസ്എ), ടൊയോട്ട (ജപ്പാന്), ഡെയ്മ്ലര് (ജര്‍മനി) തുടങ്ങിയ സ്ഥാപനങ്ങളിലെ അനുഭവസമ്പത്തുമായാണ് കേരളത്തില്‍ വ്യവസായമാരംഭിച്ചതെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. 1999ല്‍ കളമശേരി കേന്ദ്രീകരിച്ചാണ് നിപ്പോണ്‍ ടൊയോട്ടയുടെ ഡീലര്‍ഷിപ്പ് ആരംഭിക്കുന്നത്. പ്രമുഖ വ്യവസായികളായ മൂപ്പന് കുടുംബത്തിലെ അംഗമാണ്. പാലാരിവട്ടത്തു താമസം. എം.കെ. അഹമ്മദ് കുട്ടി മൂപ്പന്റെ മകന്.
കള്ളിയത്ത് നൂറിഷാ
എറണാകുളത്തെ പ്രമുഖ ഇരുമ്പ് വ്യാപാര കമ്പനിയായ കള്ളിയത്ത് ടിഎംടിയുടെ മാനേജിങ് ഡയറക്ടറാണ് ഡോ. നൂര്‍ മുഹമ്മദ് നൂറിഷാ (59) എന്ന കള്ളിയത്ത് നൂറിഷാ. കള്ളിയത്ത് ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കള്ളിയത്ത് ടിഎംടി. 2002ലാണ് ഇരുമ്പ് വ്യവസായം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇരുമ്പ് വ്യവസായത്തില്‍ വന്‍ വളര്‍ച്ചയാണ് ഈ ഗ്രൂപ്പ് നേടിയത്. മാമംഗലത്തു താമസം. ഖാലിദ് ഹാജിയുടെ മകന്.
സിറാജ് മേത്തര്‍
ആസ്റ്റന്‍ റിയല്‍ട്ടേഴ്സ് ഉടമയാണ്, മുന്‍പ് മേത്തര്‍ പ്രോജക്ട്സില്‍ പങ്കാളിയായിരുന്ന സിറാജ് മേത്തര്‍ (55). കെ.എ. മേത്തറിന്റെ മകന്. പാടിവട്ടത്ത് ‘പ്രോമനേഡി’ല്‍ താമസം.
മൂവര്‍ക്കും ഒരു സൂപ്പര്‍താരം പൊതുസുഹൃത്തും പങ്കാളിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: