തൃപ്പൂണിത്തുറ നഗരസഭാ ബജറ്റ്‌: മാലിന്യ സംസ്ക്കരണത്തിന്‌ മുന്‍ഗണന

Thursday 29 March 2012 10:46 pm IST

തൃപ്പൂണിത്തുറ: രാജനഗരത്തിന്റെ ശുചിത്വം നിലനിര്‍ത്തുന്നതിന്‌ മുന്‍ഗണന നല്‍കിക്കൊണ്ട്‌ വികസനക്കുതിപ്പിന്‌ ലക്ഷ്യമിടുന്നു. നഗരസഭയുടെ 2012-13 ലെ ബജറ്റ്‌ ജനപ്രതിനിധികളുടെ അംഗീകാരത്തിനായി വ്യാഴാഴ്ച കൗണസില്‍യോഗം മുമ്പാകെ അവതരിപ്പിച്ചു. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ്‌ ചെയര്‍പേഴ്സണ്‍ തിലോത്തമ സുരേഷ്‌ അവതരിപ്പിച്ച ബജറ്റില്‍ 104,36,11,669 രൂപ വരവും 78,85,42,758 രൂപ ചെലവും 5,50,68,911 രൂപ നീക്കിയിരിപ്പും കാണിക്കുന്നു.
തിരുവാങ്കുളം പഞ്ചായത്ത്‌ തൃപ്പൂണിത്തുറ നഗരസഭയോട്‌ കൂട്ടിച്ചേര്‍ത്തശേഷം അവതരിപ്പിക്കുന്ന ബജറ്റില്‍ നഗരസഭയുടെ സാമ്പത്തിക അടിത്തറ സാമാന്യം തൃപ്തികരമാണെന്നും കടക്കെണിയില്ലെന്നും അവകാശപ്പെടുന്നു. റെയില്‍വേ സ്റ്റേഷന്‌ സമീപം പണിയുന്ന ബസ്‌ ടെര്‍മിനല്‍, എരൂര്‍ മാത്തൂര്‍ റെയില്‍വേ മേല്‍പ്പാലം, പാര്‍ക്ക്‌, കളിസ്ഥലം, ഭവന നിര്‍മാണം തുടങ്ങിയവയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കുന്നതിന്‌ നഗരസഭ ലക്ഷ്യമിടുന്നു. വികസനത്തോടൊപ്പം വരുമാനവും വര്‍ധിക്കുന്നത്‌ നഗരസഭയുടെ സാമ്പത്തിക ഭദ്രതക്ക്‌ അനിവാര്യമാണ്‌.
എരൂര്‍ റെയില്‍വേ മേല്‍പ്പാലം സ്ഥലമെടുപ്പിന്‌ ഒരു കോടി രൂപയും പഴയ ആര്‍എല്‍വി കോളേജിന്റെ സ്ഥലം ഏറ്റെടുത്ത്‌ പാര്‍ക്കും കളിസ്ഥലവും നിര്‍മിക്കുന്നതിന്‌ മൂന്ന്‌ കോടി 20 ലക്ഷം രൂപയും മാലിന്യസംസ്ക്കരണത്തിന്‌ മേക്കരയിലെ ഡംപിംഗ്‌ യാര്‍ഡില്‍ പ്ലാന്റ്‌ പണിയുന്നതിന്‌ അഞ്ച്‌ കോടി 55ലക്ഷം രൂപയും മാലിന്യസംസ്ക്കരണ യൂണിറ്റുകളുടെ വിതരണത്തിന്‌ 1.20 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്‌. നഗരത്തിലെ റോഡ്‌, തോട്‌ പുറമ്പോക്കുകളില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിന്‌ 68ലക്ഷം രൂപയും മുഴുവന്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കും വീടുകള്‍ നല്‍കുന്നതിന്‌ രണ്ട്‌ കോടി രൂപയും വലിയതറ പട്ടികജാതി വിഭാഗത്തിന്റെ കമ്മ്യൂണിറ്റി ഹാളിന്‌ 10 ലക്ഷം രൂപയും വകയിരുത്തുന്നു.
കണ്ണന്‍കുളങ്ങര ഷോപ്പിംഗ്‌ കോംപ്ലക്സിന്‌ 75 ലക്ഷം, ചിത്രപ്പുഴ-മാമല ബണ്ട്‌ റോഡിന്‌ 50 ലക്ഷം, അടുക്കളത്തോട്ടം, സ്കൂള്‍ പച്ചക്കറി കൃഷി എന്നിവക്ക്‌ 25 ലക്ഷം, മുട്ടക്കോഴി-പശു എന്നിവ വളര്‍ത്താന്‍ 20ലക്ഷം, തിരുവാങ്കുളം മാര്‍ക്കറ്റ്‌ കോംപ്ലക്സിന്‌ 50 ലക്ഷം, വികലാംഗരുടെ ക്ഷേമത്തിന്‌ 25 ലക്ഷം, അംഗന്‍വാടി കെട്ടിടത്തിനും പോഷകാഹാരം, കുട്ടികളുടെ കളിപ്പാട്ടം എന്നിവക്കായി 1.10 കോടി. ഗവ. താലൂക്ക്‌ ആശുപത്രി സൗകര്യ വികസനത്തിന്‌ 50 ലക്ഷം, തിരുവാങ്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്‌ 10ലക്ഷം, എരൂര്‍/മേക്കര ഡിസ്പെന്‍സറികള്‍ക്ക്‌ 10ലക്ഷം, തിരുവാങ്കുളം ആയുര്‍വേദ ഡിസ്പെന്‍സറിക്ക്‌ 10 ലക്ഷം, വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതന വിതരണം എന്നിവയ്ക്ക്‌ രണ്ട്‌ കോടി 48 ലക്ഷം, വിധവകളുടെ ക്ഷേമത്തിന്‌ 20ലക്ഷം, പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹസഹായം നല്‍കാന്‍ 15 ലക്ഷം, ആശ്രയ പദ്ധതി വിപുലീകരിക്കാന്‍ 50ലക്ഷം, ഫുട്പാത്ത്‌ നവീകരണം 25ലക്ഷം, മേക്കര/ആസാദ്‌ പാര്‍ക്ക്‌ സൗകര്യം വിപുലമാക്കാന്‍ 20ലക്ഷം.
നഗരത്തിലെ അറവുശാല മാറ്റി സ്ഥാപിച്ച്‌ ആധുനികവല്‍ക്കരിക്കുന്നതിന്‌ ഒരുകോടി, മാര്‍ക്കറ്റ്‌ നവീകരണം 25ലക്ഷം, നീര്‍ത്തട സംരക്ഷണം 30 ലക്ഷം, നഗരസഭ കമ്പ്യൂട്ടര്‍വല്‍ക്കരണം 20ലക്ഷം, കൗണ്‍സില്‍ ഹാള്‍ പരിഷ്ക്കരണം ലൈബ്രറി എന്നിവയ്ക്ക്‌ 20ലക്ഷം, സ്കൂളുകളുടെ വിവിധ ആവശ്യങ്ങള്‍ക്ക്‌ 20ലക്ഷം, എല്‍പി/യുപി സ്കൂള്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‌ 10ലക്ഷം. അശരണരുടെയും വൃദ്ധജനങ്ങളുടെയും പുനരധിവാസത്തിനായുള്ള സാന്ത്വനം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്‌ 25ലക്ഷം, ഇരുമ്പനം, തൃപ്പൂണിത്തുറ പൊതുശ്മശാനങ്ങളുടെ നവീകരണത്തിന്‌ 35ലക്ഷം, വഴിവിളക്കില്ലാത്ത സ്ഥലത്ത്‌ ലൈന്‍ വലിച്ച്‌ വിളക്ക്‌ സ്ഥാപിക്കാന്‍ 25ലക്ഷം.
പ്രൊജക്ട്‌ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ചയും 'ഓപ്പണ്‍ഫോറവും' ചര്‍ച്ചയും സംഘടിപ്പിച്ചതില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ്‌ നഗരസഭാ ബജറ്റിന്‌ രൂപം നല്‍കിയിട്ടുള്ളത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.