അഥര്‍വം അത്യാവശ്യം

Friday 21 October 2016 5:11 pm IST

ഏര്‍ക്കര രാമന്‍ നമ്പൂതിരി (1898-1983)

ഭയഭക്തി ബഹുമാനത്തോടെയാണ് ഏര്‍ക്കര രാമന്‍ നമ്പൂതിരിയുടെ ‘ആമ്‌നായമഥനം’ എന്ന പുസ്തകം വായിച്ചത്. ഇതിലെ പ്രബന്ധങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ മുന്നൊരുക്കങ്ങള്‍ അത്യാവശ്യം. വേദത്തെപ്പറ്റി ധാരാളം കേള്‍ക്കുന്നുണ്ടെങ്കിലും എന്താണവയെന്ന് വ്യക്തമല്ലാത്തവര്‍ക്കുവേണ്ടിയാണ് ‘ആമ്‌നായമഥനം.’ ഭേദമേതും കൂടാതെ വായിക്കാവുന്ന വേദപ്രവേശിക (സംസ്‌കൃത പ്രവേശിക)യാകുന്നു ഈ പുസ്തകം.

കേരള സാഹിത്യ അക്കാദമിയുടെ സഹായത്തോടെ അനാദി പ്രസ് 1976 ല്‍ പ്രസിദ്ധീകരിച്ചതാണ് ‘ആമ്‌നായമഥനം.’ തന്റെ ആദ്യപുസ്തകത്തിലൂടെ അക്കാദമി പുരസ്‌കാരവും ഏര്‍ക്കരക്ക് ലഭിച്ചു. കെ.പി. നാരായണപിഷാരൊടിയുടെ അവതാരിക. ഇന്നീ പുസ്തകം വിപണിയില്‍ ഇല്ല.
1898 ലാണ് രാമന്‍ നമ്പൂതിരി (‘രാമനേര്‍ക്കര’ എന്ന് നമ്പൂതിരിമാരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നു) ജനിച്ചത്. വേദങ്ങളുടെയും അവേയാടു ബന്ധപ്പെട്ട ശാസ്ത്രങ്ങളുടെയും ആധികാരികമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 14-ാം വയസുമുതല്‍ യാഗാദികളില്‍ പങ്കെടുത്തു. നൂറോളം യാഗങ്ങളില്‍ സംബന്ധിച്ചു. 1975 ലെ പാഞ്ഞാള്‍ അഗ്‌നി എടുത്തുപറയേണ്ടതാണ്. ‘പശ്വാലംഭനമെന്ന’ ക്രിയയെച്ചൊല്ലി അന്ന് സംവാദങ്ങള്‍ നടന്നു. ‘ആമ്‌നായമഥന’ത്തില്‍ ‘യജ്ഞപശു’ എന്ന പ്രബന്ധത്തില്‍ ഇതേപ്പറ്റി അദ്ദേഹം കാഴ്ചപ്പാട് വിശദമാക്കിയിരിക്കുന്നു.
‘കൗഷീതകി ബ്രാഹ്മണ’ത്തിന്റെ പാഠം കിട്ടാനില്ലാത്തതിനാല്‍ ഓര്‍മ്മയില്‍നിന്നെടുത്ത് മുഴുവനായി ചൊല്ലിയ ഏര്‍ക്കരയുടെ കഥ പ്രസിദ്ധം. ഡോ. ശ്രീകൃഷ്ണശര്‍മ്മക്കുവേണ്ടി ആയിരുന്നു അത്. പിന്നീട് ഇത് പശ്ചിമജര്‍മനിയില്‍ അച്ചടിച്ചതായി ഏര്‍ക്കരതന്നെ ‘ആമ്‌നായമഥന’ത്തില്‍ എഴുതിയിരിക്കുന്നു.
വൈകിയാണ് ഏര്‍ക്കര എഴുത്തിലേക്കു തിരിഞ്ഞത്. വേദപോഷണത്തിനായി അദ്ദേഹം തുടങ്ങിയ ‘അനാദി’ എന്ന പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചതും മറ്റും ചേര്‍ത്ത് സമാഹരിച്ച പ്രബന്ധങ്ങളാണ് ‘ആ‍മ്‌നായമഥ’നത്തില്‍.
അവതാരികയില്‍ ഷാരടിമാഷ് എഴുതി: ”ആമ്‌നായം’ എന്ന വാക്കിന് വേദം എന്നാണര്‍ത്ഥം. ശ്രുതി, വേദം, ആമ്‌നായം എന്നീ മൂന്നു വാക്കുകളും പര്യായങ്ങളാണ്. സമുദ്രംപോലെ അപാരതയും അഗാധതയും രത്‌നാകരത്വവുമുള്ള വേദത്തെ മനസ്സാകുന്ന മന്ദരം കൊണ്ടുകടഞ്ഞപ്പോള്‍ ഉദയംകൊണ്ടതാണ് ‘ആമ്‌നായമഥന’മെന്ന ഈ ഗ്രന്ഥം.”
വിപുലവും ഗഹനവുമായ ഒരു വിഷയം എങ്ങനെ ലളിതമായി അവതരിപ്പിക്കാമെന്നത് തെളിമലയാളത്തിലൂടെ ഏര്‍ക്കര പകര്‍ന്നു തന്നു. കണിശമായ ഗണിതജ്ഞത അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ചിത്രവും പുസ്തകത്തിലുണ്ട്. പലകമേല്‍ നിലത്തിരിക്കുന്ന വിധത്തില്‍. ‘ശമധനന്മാരാവുക’ എന്ന ആഹ്വാനമാകണം അദ്ദേഹം നല്‍കുന്നത്.
വേദങ്ങള്‍, യാഗങ്ങള്‍ എന്നിവ സംബന്ധിച്ച 18 പ്രബന്ധങ്ങളാണ് ‘ആമ്‌നായമഥന’ത്തില്‍ (പതിനെട്ട് എന്ന സംഖ്യ പലതിനെയും കുറിക്കുന്നതാണല്ലോ). ക്രിയോപകരണങ്ങളുടെയും ‘ചിതി’യുടെയും മറ്റുമായി ചിത്രങ്ങളുമുണ്ട്.
‘അല്‍പശ്രുതങ്കല്‍’ നിന്നു വേദം ഭയപ്പെടുന്നു. താന്‍ ‘അല്‍പശ്രുത’നല്ല, ‘അത്യല്‍പിഷ്ഠന്‍’ ആണ് എന്നുപറഞ്ഞാണ് ഏര്‍ക്കര പ്രബന്ധങ്ങളിലേക്കു നമ്മെ ആനയിക്കുന്നത്. സജ്ജനങ്ങള്‍ തെറ്റുതിരുത്തി തന്നെ അനുഗ്രഹിക്കണമെന്നും അദ്ദേഹം ഉപക്രമത്തില്‍ എഴുതി. പിന്നീട് വേദശബ്ദത്തിന്റെ നിര്‍വ്വചനത്തിലേക്കു കടക്കുന്നു.

‘വേദാംഗങ്ങള്‍’ എന്ന പ്രബന്ധത്തില്‍ ആറ് അംഗങ്ങളെപ്പറ്റിയും ലളിതമായി എഴുതിയിരിക്കുന്നു. രാജാവിന് ചതുരംഗപ്പടയെന്നപോലെ വേദങ്ങള്‍ക്ക് വേദാംഗങ്ങള്‍ സംരക്ഷണം നല്‍കുന്നു. ‘വേദോപാംഗങ്ങള്‍’ എന്ന പ്രബന്ധത്തിലോ, ധര്‍മ്മ ശാസ്ത്രത്തെപ്പറ്റി സരസമായി അവതരിപ്പിച്ചിരിക്കുന്നു. ധര്‍മ്മശാസ്ത്രം പഠിച്ചതുകൊണ്ടായില്ല, അതുപ്രകാരം അനുഷ്ഠിക്കുക തന്നെ വേണമെന്ന് യാജ്ഞവല്‍ക്യാദികള്‍ പറഞ്ഞിരിക്കുന്നു. അശക്തര്‍ക്ക് ക്ഷമ ബലവും ശക്തര്‍ക്ക് ക്ഷമ അലങ്കാരവുമാകുന്നു എന്നത് വേറൊന്ന്. ഇവ പല കഥകളിലൂടെയും (ആസ്തികന്റെയും നാസ്തികന്റെയും കഥ പോലെ) സൂക്താര്‍ത്ഥങ്ങളിലൂടെയും നമുക്കു ലഭിക്കുന്നു.

നാലു വേദങ്ങളെപ്പറ്റിയും പ്രബന്ധങ്ങളിലൂടെ ഒരുപാട് അറിവുകള്‍ കിട്ടുന്നു. വേദങ്ങളുടെ ‘ടെക്‌നിക്കല്‍’ വശത്തോടൊപ്പം നിത്യജീവിതവുമായി അവയെ ഇണക്കുന്നതില്‍ ഏര്‍ക്കര ശ്രദ്ധിച്ചു. അഥര്‍വ്വത്തെപ്പറ്റി എഴുതിയിതിങ്ങനെ:
”പ്രാചീന ഭാരതീയരില്‍ ഭൂരിഭാഗവും പാരത്രിക ശ്രേയസിനാണ് പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. ഐഹികം അത്യാവശ്യം മാത്രം എന്ന മതക്കാരായിരുന്നു അവര്‍… ഇപ്പോള്‍ ഐഹികം മാത്രമായിരിക്കുന്നു… വേദപ്രാമാണ്യം അംഗീകരിക്കാന്‍ ഒരുക്കമാണെങ്കില്‍ ഇന്നുള്ളവര്‍ക്ക് ‘അഥര്‍വ്വവേദം’ അത്യാവശ്യമാണ്.

വെറും ഉച്ചാടനകര്‍മ്മങ്ങള്‍ മാത്രമല്ല അഥര്‍വ്വത്തിലുള്ളതെന്ന് സാരം. പരിസ്ഥിതിയെപ്പറ്റിയുള്ള ആധുനികമായ പല കാഴ്ചപ്പാടുകളും അഥര്‍വ്വത്തിലുമുണ്ട്. സുസ്ഥിര വികസനത്തിനുവേണ്ടിയുള്ള പല മാര്‍ഗ്ഗങ്ങളും ‘അഥര്‍വ്വവേദ’ ത്തിലുണ്ടെന്ന് വായിച്ചതോര്‍ക്കുന്നു.വൈദിക കര്‍മ്മങ്ങളെപ്പറ്റിയുള്ള അടിസ്ഥാന സങ്കല്‍പങ്ങളും മറ്റും ചില പ്രബന്ധങ്ങളില്‍നിന്നു ലഭിക്കുന്നു. മീമാംസയും വേദാന്തവും ഏകോദര സഹോദരങ്ങളാകുന്നതെങ്ങനെ എന്ന് ഒരു പ്രബന്ധത്തില്‍ വിവരിച്ചിരിക്കുന്നു. പഴയ ചില സങ്കല്‍പങ്ങളിലൂടെ പുതിയ ലോകത്തെ നോക്കിക്കാണാന്‍ ഒരു രസമുണ്ട്. ചില വിരോധാഭാസങ്ങള്‍ ജനിക്കുന്നതും ഇങ്ങനെത്തന്നെ. അതിരാത്ര സംബന്ധിയായ ആധികാരിക അറിവും ഏര്‍ക്കര ‘ആമ്‌നായമഥന’ത്തിലൂടെ നല്‍കി. ക്രിയാസംഗ്രഹവും അദ്ദേഹം എഴുതിയിരിക്കുന്നു.

‘ജ്ഞാനസൂക്ത’മെന്ന പ്രബന്ധത്തില്‍ ശബ്ദാര്‍ത്ഥത്തെപ്പറ്റി ഒരുദാഹരണമുണ്ട്. ശേട്ടു, ചെട്ടി എന്നീ പദങ്ങള്‍ ഏതു ധാതുവില്‍നിന്നുണ്ടായി? ‘ശാകുന്തളം’ നാടകം നോക്കിയപ്പോള്‍ കണ്ട ‘ശേട്ടുണു’ എന്ന പ്രാകൃത പ്രയോഗത്തില്‍ നിന്നും ‘ശ്രേഷ്ഠി’ ശബ്ദത്തിന്റെ തല്‍ഭാവങ്ങളാണ് ‘ചെട്ടി’യും ശേട്ടു’വും എന്ന് ബോധ്യപ്പെട്ടതായി ഏര്‍ക്കര എഴുതിയിരിക്കുന്നു.
വേദങ്ങളുടെയും വേദപാഠശാലകളുടെയും ഇന്നത്തെ അവസ്ഥ വിശകലനം ചെയ്ത് ഉചിതമായി വേണ്ടത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് ചില പ്രബന്ധസൂചനകള്‍. സാമവേദത്തിന്റെ അവസ്ഥയൊക്കെ നമുക്കറിയാം. ബ്രഹ്മസ്വം മഠത്തിലൊന്നും പഠിപ്പിക്കാന്‍ ആളില്ല. മുഴുവനായി അറിയുന്നവര്‍ (തോന്നുന്നവര്‍) ഇല്ല.

വിക്കിപീഡിയയില്‍ ഏര്‍ക്കരയുടെ പേജ് ഉണ്ടെങ്കിലും പ്രധാന ചില വിജ്ഞാനകോശങ്ങളില്‍ അദ്ദേഹവും ‘അനാദി’യുമൊന്നുമില്ലാതെ പോയി. മൂല്യച്യുതിയെപ്പറ്റി സംസാരിക്കാന്‍, അല്ല പ്രസംഗിക്കാന്‍ മൂല്യമെന്തെന്നറിയേണ്ടേ? അതിനുതകുന്ന പുസ്തകമാണ്, ‘ആമ്‌നായമഥനം’. പലതും ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും കഴിഞ്ഞില്ലെങ്കിലും അദ്ദേഹം തരുന്ന മാനസികോര്‍ജ്ജം മതി നിലനില്‍ക്കാന്‍.

‘ആമ്‌നായമഥന’ത്തിലെ അവസാന പ്രബന്ധത്തില്‍ ഏര്‍ക്കര എഴുതിയിരിക്കുന്നു:
‘ഒരു സമാധാനം മാത്രം. നല്ല വസ്തുക്കളൊന്നും നശിക്കാറില്ല… എല്ലാ അവസ്ഥകള്‍ക്കും പരിവര്‍ത്തനമുണ്ട്. അതിനാല്‍ പണ്ടത്തെ സ്ഥാനത്തുതന്നെ എത്തുമെന്ന് സമാധാനിക്കുക’. മാറ്റങ്ങളെ സ്വാഭാവികതക്ക് വിടുക എന്നതാവാം അദ്ദേഹം ഉദ്ദ്യേശിച്ചത്.

ഏര്‍ക്കര എഴുതിയ ആമ്‌നായമഥനം എന്ന പുസ്തകത്തിന്റെ പുറംചട്ട

ഏര്‍ക്കര: ജീവിതരേഖ

കേരളത്തില്‍ വേദയജ്ഞ പൈതൃകം പുനരുജ്ജിവിപ്പിച്ചയാളാണ്, ഏര്‍ക്കര രാമന്‍ നമ്പൂതിരി (1898-1983). കാര്‍ത്തിക നക്ഷത്രം. ഏര്‍ക്കര വാസുദേവന്‍ സോമയാജിപ്പാട്, പെരിണ്ടീരി ചേന്നാത്ത് ശ്രീദേവി പത്തിനാടി എന്നിവരുടെ മകന്‍. ഉപനയനം കഴിഞ്ഞ് മുറിയത്ത് അച്യുത വാരിയര്‍ പഠിപ്പിച്ചു, പിതാവ് ഋഗ്വേദം പഠിപ്പിച്ചു. പിന്നെ സംസ്‌കൃതവും കാവ്യങ്ങളും, തൈത്തീരിയം ഭാഷ, ബ്രാഹ്മണങ്ങള്‍, ഉപനിഷത്തുക്കള്‍, ആരണ്യകങ്ങള്‍.

രണ്ടുവര്‍ഷം ശാസ്ത്രങ്ങള്‍, നീലകണ്ഠന്‍ നമ്പൂതിരി, പകരാവൂര്‍ ഗുരുകുലത്തില്‍ പഠിപ്പിച്ചു. 13-ാം വയസ്സുമുതല്‍ യാഗങ്ങളില്‍ പരികര്‍മി. 14-ാം വയസില്‍ പാഞ്ഞാളിലെ തോട്ടം മനയില്‍ ഋത്വിക്കായി, ആ നിലയില്‍ പ്രസിദ്ധനായി. 24-ാം വയസ്സില്‍, കഠിനാധ്വാനം വേണ്ട അധ്വര്യുവേഷത്തില്‍, കവപ്രമാറത്ത് മനയിലെ ‘സാഗ്നികമതിരാത്ര’ത്തില്‍. പകരാവൂര്‍, നീഡം യാഗങ്ങളില്‍ സദസ്യന്‍. 27-ാം വയസ്സില്‍ തോട്ടംമനയില്‍ പുരുഷാര്‍ത്ഥം പറഞ്ഞു. കടവല്ലൂര്‍ അന്യോന്യത്തില്‍ പങ്കെടുത്തു. 1942-43ല്‍ ഗുരുവായൂര്‍ മുറഹോമത്തില്‍. വിദ്വാന്‍ മാന്തിട്ട, പരീക്ഷിത്ത് തമ്പുരാന്‍ എന്നിവരില്‍നിന്നു ജ്ഞാനം നേടി. 22-ാം വയസ്സില്‍ മുറിയത്ത് പാര്‍വതി വാരസ്യാരെ വിവാഹം ചെയ്തു. ഒമ്പതുമക്കള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.