എന്താണ് മഹാവ്യവസ്ഥ?

Wednesday 19 October 2016 8:49 pm IST

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ നില്‍ക്കുമ്പോള്‍ മനസ്സിനെപ്പറ്റി പഠനം നടത്തുന്ന പാശ്ചാത്യ സര്‍വകലാശാലകളില്‍നിന്ന് പുറത്തുവരുന്ന അറിവുകള്‍ നമ്മെ അമ്പരപ്പിക്കും. അതിലൊന്നാണ് മനസ്സെന്ന് പറഞ്ഞാല്‍ തലച്ചോറ് മാത്രമല്ലെന്ന അവരുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. ഏകകോശമായ ഭ്രൂണത്തില്‍ നിന്നു 'തലച്ചോര്‍' എന്ന അവയവം രൂപപ്പെടുന്നതിനും എത്രയോ മുന്‍പ് തന്നെ ആ 'ഭ്രൂണ വസ്തു' മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് പുതിയ ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു! അതുപോലെതന്നെയാണ് മരണശേഷവും (ഇവിടെ മരണം എന്ന് രേഖപ്പെടുത്തുന്നത് പാശ്ചാത്യശാസ്ത്ര നിര്‍വചന പ്രകാരമുള്ള ബ്രെയിന്‍ ഡെത്തിന് ശേഷമാണെന്നോര്‍ക്കണം) മരിച്ച ശരീരത്തിലെ തലച്ചോറില്‍നിന്ന് മനസ്സിന്റെ പ്രവര്‍ത്തനത്തിന് തുല്യമായ 'വിദ്യുദ്കാന്തിക' തരംഗങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുമെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചത്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് രക്ഷിച്ച് സംഹരിക്കുകയും ചാക്രികമായി ആ പ്രക്രിയ അനവരതം തുടരുകയും ചെയ്യുന്ന ഒരു 'മഹാവ്യവസ്ഥ' ഇവിടുണ്ടെന്നും അതിനെ യൂണിവേഴ്‌സല്‍ കോണ്‍ഷ്യസ്‌നെസ് എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും ഇപ്പോള്‍ ഭൗതിക ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. അതിനെ ആംശിക രൂപങ്ങളാണ് നാമെല്ലാം എന്നും ഭാരതീയര്‍ നിര്‍വചിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യനും മറ്റ് ജീവജാലങ്ങളും ഒരു മഹാബോധത്തിന്റെ ആംശികരൂപങ്ങള്‍ തന്നെയെന്നാണ്. എല്ലാ മതങ്ങളും ഒന്നുപോലെ പറയുന്ന സൃഷ്ടികര്‍ത്താവിന്റെ സാന്നിദ്ധ്യം ഇപ്പോള്‍ ശാസ്ത്രജ്ഞരും അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നൊബേല്‍ സമ്മാനത്തിന്റെ രണ്ടരയിരട്ടി മൂല്യമുള്ള ടെംപിള്‍ടണ്‍ സമ്മാനം 2006 ല്‍ ആന്ത്രോപിക് കോസ്‌മോളജിയെന്ന പുതിയ ഒരു ശാസ്ത്രശാഖയ്ക്ക് രൂപംനല്‍കിയ ജോണ്‍ ഡി. പാരോവിന് നല്‍കി ആദരിച്ചത്! കാര്‍ബണ്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍, നൈട്രജന്‍ തുടങ്ങി 'ജീവന്‍' എന്ന പ്രതിഭാസം ഉടലെടുക്കാന്‍ ആവശ്യമായ 16 മൂലകങ്ങളുടെയും മറ്റ് ഇരുപതോളം സ്വതന്ത്രസ്ഥിരാങ്കളുടെയും വിശദമായ പഠനത്തിലൂടെയാണ്. 'മാനവകേന്ദ്രപ്രപഞ്ച ശാസ്ത്രം' വികസിപ്പിച്ചെടുത്തത്. യാദൃശ്ചികമായിട്ടല്ല ഈ പ്രപഞ്ചത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങളായ 'കോസ്മികവും ജൈവീകവും' ആയ പരിണാമപ്രക്രിയകള്‍ ഓരോന്നും അരങ്ങേറിയത്. ഇതിനര്‍ത്ഥം ഇന്ന് ഭൗതികശാസ്ത്രംപോലും ഒരു 'സൃഷ്ടികര്‍ത്താവിന്റെ സാന്നിദ്ധ്യത്തെ അംഗീകരിക്കുന്നുവെന്നല്ലേ? അതായത്, പ്രപഞ്ചം 'സ്വയംഭൂ' ആയി ഒരാദിമ ബിന്ദുവില്‍നിന്ന് ഉടലെടുത്തുവെന്നും, ഏതോ ഒരു മഹാശക്തിയുടെ ഭാവനയ്ക്കും രൂപകല്‍പനയ്ക്കും വിധേയമായി അത് വികസിച്ച് 1370 കോടി വര്‍ഷംകൊണ്ട് നാം ജീവിക്കുന്ന ഈ നിമിഷത്തില്‍ എത്തിനില്‍ക്കുന്നു എന്ന ആശയത്തെ 'ഉത്തരാധുനിക ശാസ്ത്രം' അംഗീകരിച്ചിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.