കണ്ണൂര്‍: സംസ്ഥാനത്തെ 388 ഓളം സ്കൂളുകളില്‍ 2514 സ്പെഷ്യല്‍ ടീച്ചര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ച നടപടിക്കെതിരെ പ്രതിഷേധം. നൃത്താധ്യാപക സംഘടനയായ ഓള് കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്‍ഗ്ഗനൈസേഷന്‍ ആണ് പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. നൃത്താധ്യാപകരെ മാറ്റിനിര്‍ത്തിക്കൊണ്ട് സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. സിലബസ് പ്രകാരം മറ്റൊരു ആര്‍ട്ട് ടീച്ചര്‍ക്കോ നിലവില്‍ പാഠ്യവിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കോ നൃത്തം എന്ന വിഷയം കൈകാര്യം ചെയ്യുവാനോ അതിനോട് നീതിപുലര്‍ത്താനോ സാധിക്കില്ലന്നത് പകല്‍ പോലെ സത്യമാണെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായ നയന്‍താര മഹാദേവനും ജില്ലാ സെക്രട്ടറി നടനകലാരത്നം ടി.കെ.ശോഭനയും അഭിപ്രായപ്പെട്ടു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാമാങ്കമായ കേരള സ്കൂള്‍ കലോത്സവം വര്‍ണ്ണശബളമാക്കുന്നത് ഈ നൃത്താധ്യാപകരുടെ രാപ്പകലില്ലാത്ത കഠിനാധ്വാനമാണെണെന്നും ഇവരെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: