ഭരണസമിതിയെ അസ്ഥിരപ്പെടുത്താന്‍ ശ്രമം പബ്ലിക് ലൈബ്രറി പിടിച്ചെടുക്കാന്‍ സിപിഎം കരുനീക്കം

Wednesday 19 October 2016 10:11 pm IST

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി ഭരണസമിതിയെ അസ്ഥിരപ്പെടുത്തി ലൈബ്രറി പിടിച്ചെടുക്കാന്‍ സിപിഎമ്മിന്റെ കരുനീക്കം. ഇടത് ചിന്താഗതിക്കാരായ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളെ ഉപയോഗിച്ചാണ് കരുനീക്കം സിപിഎം ആരംഭിച്ചിട്ടുള്ളത്. ലൈബ്രറിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന ആരോപണം ഉയര്‍ത്തിയാണ് നീക്കം നടത്തുന്നത്. ഭരണഘടനാ ലംഘനം നടത്തിയാല്‍ നിയമപരമായി നീങ്ങേണ്ട ലൈബ്രറി കൗണ്‍സില്‍ പൂട്ട് പൊളിച്ച് ലൈബ്രറിയുടെ ഭരണം പിടിച്ചെടുത്തതും സിപിഎം അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്നാണ് ആരോപണം. പബ്‌ളിക് ലൈബ്രറി ഭാരവാഹികള്‍ നിയമാനുസൃതം നടത്തിയ നടപടികളിലൂടെ നഷ്ടപ്പെട്ടുപോയ ഭരണം 13 ദിവസത്തിനുള്ളില്‍ തിരിച്ച് പിടിക്കുകയും ചെയ്തു. ഇത് സിപിഎമ്മിനും ലൈബ്രറി കൗണ്‍സിലിനും തിരിച്ചടയായി. 2012 മുതലാണ് വിവിധ കാര്യങ്ങള്‍ നിരത്തി ലൈബ്രറി ഭരണസമിതിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ ഇവരുടെ ശ്രമം ആരംഭിച്ചത്. പതിനൊന്നംഗം ഭരണസമിതിയിലേക്ക് 12പേരെ തെരഞ്ഞെടുത്തും എന്നായിരുന്നു അന്ന് ഇവര്‍ കണ്ടുപിടിച്ച കുറ്റം. തെരഞ്ഞെടുപ്പ് നടപടികള്‍ നടത്തിയതാവട്ടെ ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശിച്ച വരണാധികാരിയും.2016-ല്‍ നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത് വരിക്കാര്‍ക്ക് വോട്ടവകാശം നല്‍കിയല്ലെന്ന കുറ്റമാണ്. 2012-ല്‍ ഈ വരിക്കാര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ലെന്നതും ഇത് അന്നത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണമായി പറഞ്ഞിരുന്നതുമില്ല. ലൈബ്രറി ബയലോ അനുസരിച്ച് അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശം. പുസ്തകം എടുക്കുമ്പോള്‍ സെക്യൂരിറ്റിയായി 200 രൂപ ലൈബ്രറിയില്‍ അടയ്ക്കുന്നവരാണ് വരിക്കാര്‍. ഇവര്‍ക്ക് വോട്ടവകാശം ഉണ്ടാവാറില്ല. 500 രൂപയടച്ച് അംഗത്വം സ്വീകരിക്കുന്നവരെയാണ് അംഗമായി പരിഗണിക്കുന്നത്. അംഗമല്ലാത്തവര്‍ക്ക് വോട്ടവകാശം നല്‍കിയല്ലെന്ന വിചിത്രമായ കാരണങ്ങല്‍ നിരത്തി പബ്ലിക് ലൈബ്രറിയുടെ ഭരണം കയ്യാളാനാണ് ലൈബ്രറി കൗണ്‍സില്‍ ശ്രമിക്കുന്നത്. കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സിലിന് കീഴില്‍ 95 ലൈബ്രറികളാണ് ഉള്ളത്. ഇതില്‍ ഏറ്റവും ആസ്തിയുള്ളതും കൃത്യമായ പ്രവര്‍ത്തന പദ്ധതി ഉള്ളതും കോട്ടയം പബ്ലിക് ലൈബ്രറിക്കാണ്. വാടക ഇനത്തില്‍തന്നെ നാലര ലക്ഷം രൂപയാണ് പ്രതിമാസം വാടകയായി ലഭിക്കുന്നത്. നഗരത്തില്‍ വിവിധ ഇടങ്ങളിലായി മൂന്നേകാല്‍ ഏക്കറോളം സ്ഥലം, കെപിഎസ് മേനോന്‍ ഓഡിറ്റോറിയം അടക്കം അഞ്ച് കോണ്‍ഫറന്‍സ് ഹാളുകള്‍, ജവഹര്‍ ബാലഭവന്‍, അഞ്ചോളം റീഡിംഗ് റൂമുകള്‍, ആര്‍ട്ട്ഗ്യാലറി അടക്കം കോടികള്‍ വിലമിക്കുന്നതാണ് പബ്ലിക് ലൈബ്രറിയുടെ ആസ്തി. വനിതാ ഫോറം, മ്യൂസിക് ക്ലബ്ബ്, പ്രകൃതി ജീവനസമിതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നുവരുന്നുണ്ട്. എങ്കിലും കഴിഞ്ഞ ഏഴുവര്‍ഷമായി ഈ ലൈബ്രറിക്ക് ഗ്രാന്റ് നല്‍കാന്‍ ലൈബ്രറി കൗണ്‍സില്‍ തയ്യാറായിരുന്നില്ല. താലൂക്കിലെ നിരവധി ലൈബ്രറികള്‍ സാമ്പത്തിക പരാധീനതമൂലം പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും പുനരുജ്ജീവിപ്പിക്കാന്‍ലൈബ്രറി കൗണ്‍സില്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.