ശബരിമലയില്‍ ഇന്ന് അഷ്ടബന്ധകലശം

Wednesday 19 October 2016 10:30 pm IST

ശബരിമലയില്‍ അഷ്ടബന്ധകലശത്തോടനുബന്ധിച്ച് തന്ത്രി കണ്ഠര് രാജീവരുടേയും തന്ത്രി കണ്ഠര് മഹേഷ്‌മോഹനരുടേയും മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കലശപൂജ

ശബരിമല: ക്ഷേത്രചൈതന്യ വര്‍ദ്ധനയ്ക്കായി ഇന്ന് സന്നിധാനത്ത് അഷ്ടബന്ധകലശം നടത്തും. അയ്യപ്പസന്നിധിയിലും മാളികപ്പുറത്തും ഗണപതിനടയിലും ചടങ്ങുകളുണ്ട്.അയ്യപ്പസന്നിധിയിലും മാളികപ്പുറത്തും ഒരേസമയമാണ് ചടങ്ങുകള്‍. അയ്യപ്പസന്നിധിയില്‍ തന്ത്രി കണ്ഠര് രാജീവരും മാളികപ്പുറത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മുഖ്യകാര്‍മ്മികത്വം വഹിക്കും.

പുലര്‍ച്ചെ 3ന് നടതുറക്കും.പതിവ് പൂജകള്‍ക്ക് ശേഷം നാലേകാലോടെ മരപ്പാണി കൊട്ടി ഭഗവാന്റെ ഭൂതഗണങ്ങളെ ഉണര്‍ത്തി പ്രസന്നപൂജകഴിക്കും.തുടര്‍ന്ന് ബഹ്മകലശവും അഷ്ടബന്ധവും എഴുന്നള്ളിച്ച് ശ്രീകോവിലിന് വലംവച്ച് ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിക്കും. അതിനുശേഷം പ്രതിഷ്ഠ അഷ്ടബന്ധം ഇട്ട് ഉറപ്പിച്ചശേഷം ദേവചൈതന്യം അധിവസിപ്പിച്ച കലശം അഭിഷേകം ചെയ്ത് ചൈതന്യവത്താക്കും.

അഷ്ടബന്ധകലശത്തിനുമുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് പൂര്‍ത്തിയായി. ജലദ്രോണി പൂജ, കര്‍ക്കരി പൂജ, എന്നിവയ്ക്കുശേഷം കലശ പൂജനടത്തി ദേവചൈതന്യത്തെ അയ്യപ്പനടയിലും മാളികപ്പുറത്തും കലശത്തിലേക്ക് അധിവസിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മണ്ഡപത്തില്‍ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. തുടര്‍ന്ന് കലശത്തിങ്കല്‍ ഉഷഃപൂജ നടത്തും.

നാളെ രാത്രി 10ന് തുലാമാസപൂജ പൂര്‍ത്തിയാക്കി നട അടയ്ക്കും.അഷ്ടബന്ധകലശം നടക്കുന്നതിനാല്‍ ഇന്നും നാളെയും നെയ്യഭിഷേകം നടത്തില്ല. ചിത്തിര ആട്ടവിശേഷത്തിന് 28ന് വൈകിട്ട് 5ന് വീണ്ടും നട തുറക്കും. 29നാണ് ചിത്തിരആട്ടവിശേഷം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.