സിപിഎം അക്രമികളെ നിയന്ത്രിച്ചാല്‍ സമാധാനം: കുമ്മനം

Wednesday 19 October 2016 10:48 pm IST

തിരുവനന്തപുരം: കണ്ണൂര്‍ സംഘര്‍ഷത്തിന് ആര്‍എസ്എസിനെ അധിക്ഷേപിക്കാനും സിപിഎമ്മിനെ വെള്ള പൂശാനും മുഖ്യമന്ത്രി നിയമസഭാവേദി ഉപയോഗിച്ചത് ഖേദകരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം മാത്രമല്ല സിപിഐ, കോണ്‍ഗ്രസ്, മുസ്ലീംലീഗ് പ്രവര്‍ത്തകരുമായും സിപിഎം സംഘര്‍ഷമുണ്ട്. ബിജെപി ഓഫീസുകള്‍ മാത്രമല്ല ഈ പാര്‍ട്ടി ഓഫീസുകളും അവര്‍ തകര്‍ക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 250ലേറെ അക്രമങ്ങള്‍ കണ്ണൂരില്‍ നടന്നു്. 80 ശതമാനത്തിലും പ്രതികള്‍ സിപിഎംകാരാണ്. മുഖ്യമന്ത്രിയുടെ നാട്ടില്‍ 31 വീടുകളാണ് ആക്രമിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 60 വീടുകളും 70 സ്ഥാപനങ്ങളും ആക്രമിച്ചു. 75 വാഹനങ്ങള്‍ തകര്‍ത്തു. കണ്ണൂരില്‍ മാത്രം 3 ബിജെപി പ്രവര്‍ത്തകരെ കൊന്നു. 40 ഓളം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നതിന് മുന്‍പാണ് ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍പെട്ട കരിയാട്ട് സുരേന്ദ്രന്‍ എന്ന പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നും രണ്ടു ബൈക്കുകള്‍ തള്ളികൊണ്ടുപോയി കത്തിച്ചത്. അക്രമങ്ങളില്‍ പോലീസ് കാഴ്ചക്കാരാണ്. സിപിഎമ്മുകാരായ പ്രതികളെ അറസ്റ്റ് ചെയ്താല്‍ നേതാക്കളെത്തി ഇറക്കികൊണ്ടു പോകുന്നു. ഇതെല്ലാം അറിയുന്ന മുഖ്യമന്ത്രി ആര്‍എസ്എസുകാരാണ് കുഴപ്പക്കാരെന്ന് വിളിച്ചുപറയുന്നത് സമാധാനമുണ്ടാക്കാനോ എന്ന സംശയമാണ്. മനുഷ്യത്വമെന്ന മഹാഗുണം കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്ക് പറഞ്ഞുകൊടുത്താലേ അക്രമം അവസാനിക്കൂ. മുഖ്യമന്ത്രി നിയമസഭയില്‍ സമാധാനമുണ്ടാക്കുമെന്ന് പറയുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കണ്ണൂരില്‍ പത്രസമ്മേളനം നടത്തി കൊലവെറി പ്രകടിപ്പിക്കുകയായിരുന്നു. സമാധാനശ്രമങ്ങളുമായി സഹകരിക്കാത്തത് സിപിഎമ്മാണ്. ആര്‍എസ്എസ് അദ്ധ്യക്ഷന്‍ തന്നെ സമാധാനത്തിന് ചര്‍ച്ചയാവാമെന്ന് പറഞ്ഞപ്പോള്‍ അതിനെ പുച്ഛിച്ചുതള്ളിയ പാര്‍ട്ടിയാണ് സിപിഎം. കണ്ണൂരിലെ സിപിഎം അക്രമികള്‍ അയല്‍ ജില്ലകളിലും കൊലപാതകത്തിന് നിയോഗിക്കപ്പെടുകയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുതന്നെ ഒന്നാന്തരം തെളിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.