ജേക്കബ് തോമസ് തീരുമാനം പിന്‍വലിക്കും

Wednesday 19 October 2016 11:40 pm IST

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാരിന് ഒഴിവാക്കാനാകില്ല. അതിനാല്‍ ജേക്കബ് തോമസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി സ്ഥാനമാറ്റമെന്ന ആവശ്യം പിന്‍വലിപ്പിക്കും. അഴിമതി ആരോപണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കരുക്കള്‍ നീക്കാന്‍ ഇതിലും നല്ലൊരുദ്യോഗസ്ഥനെ ഇടതുസര്‍ക്കാരിന് കിട്ടില്ലെന്നതാണ് ഒന്നാമത്തെ കാരണം. ജേക്കബ് തോമസിന് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അടുപ്പം നിലനിര്‍ത്തി മുന്നോട്ടു പോകണമെന്ന താത്പര്യമാണ് രണ്ടാമത്തേത്. ഡയറക്ടര്‍ സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താനാകില്ലെന്ന കാരണമാണ് മൂന്നാമത്തേത്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് ജേക്കബ് തോമസിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇത് പിടിവള്ളിയാക്കി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ മനസ്സിലിരുപ്പ് അറിയാനുള്ള ശ്രമമാണ് ജേക്കബ് തോമസ് സ്ഥാനമാറ്റം ആവശ്യപ്പെട്ട് കത്തു നല്‍കിയതിലൂടെ നടത്തിയത്. ഇ.പി. ജയരാജനെതിരെ പരാതി ലഭിച്ചപ്പോള്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിടുന്നതിനു പകരം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനാണ് ജേക്കബ് തോമസ് തയ്യാറായത്. നിയമവശം പരിശോധിച്ച് ജയരാജനെതിരെ ത്വരിതാന്വേഷണം പ്രഖ്യാപിക്കേണ്ട ഗതികേടിലേക്ക് എത്തിച്ചേര്‍ന്ന വിജിലന്‍സ് ഡയറക്ടര്‍ക്ക് ഒരുവിഭാഗം സിപിഎം നേതാക്കളെങ്കിലും തനിക്കെതിരാകുമെന്ന തിരിച്ചറിവുണ്ട്. അങ്ങനെയെങ്കില്‍ സിപിഎം സംസ്ഥാനനേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും ഉള്ളിലിരുപ്പ് എന്താണെന്ന് അറിയണം. അതിനാണ് ആദ്യം ചര്‍ച്ച നടത്തിയത്. അന്വേഷണ പ്രഖ്യാപനത്തിനു ശേഷം കത്തും നല്‍കി. സിപിഎമ്മാകട്ടെ ജയരാജനെ രാജിവയ്പ്പിച്ച് തത്കാലം തടി രക്ഷിക്കാനാണ് ശ്രമിച്ചത്. അതിന് തങ്ങള്‍ അന്വേഷണത്തിലിടപെട്ടില്ലെന്ന് വരുത്തി തീര്‍ത്തു. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ല, യഥേഷ്ടം പറന്നു നടക്കുന്നതാണെന്നു പറഞ്ഞെങ്കിലും മുഖ്യമന്ത്രിക്ക് തത്ത അധികം പറക്കുന്നതില്‍ താത്പര്യമില്ല. ഇത് നന്നായറിയുന്ന ജേക്കബ് തോമസ് തന്റെ സ്ഥിതി കൂടുതല്‍ ഭദ്രമാക്കാനാണ് കത്തുമായി ഇറങ്ങിത്തിരിച്ചത്. ആ വാരിക്കുഴിയില്‍ സിപിഎം വീണു. ഊണിലും ഉറക്കത്തിലും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തയ്യാറായിരിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ കിട്ടിയ അവസരം നോക്കി ചാടിവീണു. ജേക്കബ് തോമസ് തുടരേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണെന്ന നിലയ്ക്ക് പ്രസ്താവനയുമായി വി എസ് രംഗത്തെത്തി. പ്രതിരോധത്തിലായ പാര്‍ട്ടി മറുത്തൊന്നും പറയാതെ ജേക്കബ് തോമസിന് പൂര്‍ണ പിന്തുണ നല്‍കുക മാത്രമേ ചെയ്യൂ. ജേക്കബ് തോമസിനെ സ്ഥാനത്തുനിന്നു മാറ്റിയാല്‍ പകരം ആര് എന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ല. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ മാത്രമേ വിജിലന്‍സ് ഡയറക്ടറാക്കാന്‍ കഴിയൂ. നിലവില്‍ ഡിജിപി റാങ്കിലുള്ള ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയാണ്. ബെഹ്‌റയെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറല്ല. പിന്നെയുള്ള ടി.പി. സെന്‍കുമാര്‍, ശങ്കര്‍ റെഡ്ഡി, എക്‌സൈസ് കമ്മീഷണറായിരിക്കുന്ന ഋഷിരാജ് സിംഗ് എന്നിവരാണ്. ഇതില്‍ സെന്‍കുമാറും ശങ്കര്‍ റെഡ്ഡിയും പാര്‍ട്ടിക്ക് അനഭിമതര്‍. പിന്നെയുള്ള ഋഷിരാജ് സിംഗിനെ ഉപയോഗിച്ചാല്‍ വരുന്ന ഭവിഷ്യത്ത് എന്താണെന്ന് പിണറായിക്ക് നന്നായറിയാം. എല്ലാംകൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ജേക്കബ് തോമസ് തന്നെ തുടരട്ടെ എന്ന തീരുമാനം മാത്രമേ സര്‍ക്കാരിനും പാര്‍ട്ടിക്കും സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.