രാജി സ്വീകരിക്കരുത്: വി. മുരളീധരന്‍

Wednesday 19 October 2016 11:43 pm IST

തിരുവനന്തപുരം: എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഉന്നത നേതാക്കള്‍ ഉള്‍പ്പെടുന്ന ഒട്ടേറെ നിര്‍ണായക കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, ഇരുമുന്നണികളും നടത്തുന്ന ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. യുഡിഎഫ് കാലത്തെ ബാര്‍കോഴ , കോഴി കോഴ, കണ്‍സ്യൂമര്‍ഫെഡ് അഴിമതി, അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് മുന്‍ മന്ത്രി കെ.ബാബുവിനെതിരായ കേസ് ഉള്‍പ്പടെ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന ആരോപണം, പിണറായി വിജയന്റെ മക്കളുടെ ബിസിനസും വിദ്യാഭ്യാസവും സംബന്ധിച്ച ആക്ഷേപം, എളമരം കരീമുമായി ബന്ധപ്പെട്ട ചക്കിട്ടപ്പറ കോഴ ആരോപണം എന്നിവ സംബന്ധിച്ച പരാതികളും വിജിലന്‍സിന്റെ മുന്നിലുള്ള പ്രധാന വിഷയങ്ങളാണ്. ഭരണപ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും ജേക്കബ് തോമസിനുമേല്‍ ഒരുപോലെ സമ്മര്‍ദമുണ്ട്. എന്നാല്‍ ജേക്കബ് തോമസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സമയം പരിശോധിച്ചാല്‍ ഇതിനു പിന്നിലെ ഗൂഢാലോചന വ്യക്തമാകും. 2016 മാര്‍ച്ചിലാണ് ജേക്കബ് തോമസിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി അഞ്ച് മാസത്തോളമായി പുറത്താകാതിരുന്ന ഈ റിപ്പോര്‍ട്ട് ഇ.പി. ജയരാജനെതിരേ വിജിലന്‍സ് അന്വേഷണം ആരംഭിച്ച അവസരത്തിലാണ് പുറത്തുവരുന്നത്. ഈ പരാതികളിന്മേല്‍ ജേക്കബ് തോമസ് ഗൗരവമായ നടപടികളുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരും ഉന്നത സിപിഎം നേതാക്കളും കടുത്ത പ്രതിസന്ധിയിലാകും. അതുകൊണ്ടാണ് ശിക്ഷ ഉറപ്പായ കേസില്‍ ഇ.പി.ജയരാജനെതിരേ അന്വേഷണം ആരംഭിച്ച സമയത്തുതന്നെ ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് വെളിച്ചത്തുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.