ന്യൂദല്‍ഹി: രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി ഇനി ബിജെപിയുടെ ഔദ്യോഗിക എംപി. ബിജെപി കേന്ദ്രആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് സുരേഷ് ഗോപിക്ക് ബിജെപിയുടെ പ്രാഥമികാംഗത്വം നല്കി.
കേന്ദ്രപാര്‍ലമെന്ററി കാര്യ- ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ചടങ്ങില്‍ പങ്കെടുത്തു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അംഗത്വമെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ താര പ്രചാരകനായിരുന്ന സുരേഷ് ഗോപിയെ രാഷ്ട്രപതിയുടെ നോമിനേറ്റഡ് അംഗമായാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. പാര്‍ലമെന്റിലും ബിജെപി അംഗമാണെന്ന് കാണിച്ച് സുരേഷ് ഗോപി അപേക്ഷ നല്‍കിയിട്ടുണ്ട്. നോമിനേറ്റഡ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനകം പാര്ട്ടിയേതെന്ന് തീരുമാനിക്കാന്‍ അവസരമുണ്ട്.
നോമിനേറ്റഡ് അംഗങ്ങളായ ഡോ. സുബ്രഹ്മണ്യന് സ്വാമി, രൂപ ഗാംഗുലി എന്നിവര്‍ ബിജെപി അംഗങ്ങളായാണ് പാര്‍ലമെന്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: