മാളയിലും പരിസരത്തും ഭൂമാഫിയ പിടിമുറുക്കുന്നു

Thursday 20 October 2016 10:00 pm IST

മാള: മാളയിലും പരിസരത്തും ഭൂമാഫിയയും മണ്ണുമാഫിയയും പിടിമുറുക്കുന്നു. മണ്ണെടുപ്പും ഭൂമിനിരത്തലും വ്യാപകമായി നടക്കുന്നു. നെയ്തക്കുടിയില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടി മണ്ണിട്ട് നികത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. പരാതി ഉയര്‍ന്നപ്പോള്‍ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു. മാള ചാലിന് സമീപം വ്യാപകമായ തോതില്‍ കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിച്ചതായി കണ്ടെത്തി. മാത്രമല്ല ഒരുഭാഗം ക്വാറി വേസ്റ്റുപയോഗിച്ച് മണ്ണിട്ട് നികത്തി അനധികൃതമായി പന്നിഫാം നടത്തുന്നതായി കണ്ടെത്തി. എന്നാല്‍ ഇതിന് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും പ്രസിഡണ്ട് പറഞ്ഞു. ചാല്‍ നികത്തുന്നതിനെതിരെയും അനധികൃത പന്നിഫാമിനെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ കഴിഞ്ഞദിവസം കുടവത്തുകുന്നില്‍ നൂറുകണക്കിന് വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കിന് സമീപമുള്ള കുന്ന് ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് ജെസിബി പിടിച്ചെടുത്തു. പുത്തന്‍ചിറ കിഴക്കുമുറിയിലും ഒരു വ്യക്തി മണ്ണിട്ട് പാടം നികത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.ഐരാണിക്കുളത്തുനിന്നും ഇടിച്ചുനിരപ്പാക്കുന്നതിനെത്തുടര്‍ന്ന് പരാതി ഉയരുകയും ഉദ്യോഗസ്ഥര്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. മാളയിലും പരിസരത്തും അനധികൃതമായി മണ്ണെടുക്കുന്നതിനെതിരെയും പാടം നികത്തുന്നതിനെതിരെയും നടപടി എടുത്ത പോലീസ് ഉദ്യോഗസ്ഥനെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സ്ഥലം മാറ്റുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.