വിചാരംപോലെ, കര്‍മം

Thursday 20 October 2016 10:23 pm IST

അധ്യായം/25, ആസന്ന കര്‍മം ഈ ജീവിതത്തിലെ മരണത്തിനും നിലവിലെ പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവത്തിന്റെ ക്ഷയത്തിനും മുന്‍പ്, അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം വിടരുമെന്ന് നാം കണ്ടു. ഈ ജീവിതത്തില്‍നിന്ന് ആത്മാവ് പോകുന്ന നേരത്തെ, വിടര്‍ന്ന കര്‍മഭാവം, അടുത്ത ജീവിതം ക്രമപ്പെടുത്താനുള്ള നവ പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവമാണ്. ഈ ജീവിതത്തിലെ പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവത്തിനു വീര്യം കുറയുകയും അതിന്റെ സ്ഥാനത്ത് അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യകര്‍മഭാവം വിടരുകയും ചെയ്തപ്പോള്‍, രണ്ടാമത്തേതാണ്, മരണനേരത്ത് ഒരാളുടെ വിചാരങ്ങളെയും അഭിലാഷങ്ങളെയും പ്രചോദിപ്പിക്കുന്നത്. അതിനാല്‍, നവ പ്രാരബ്ധകര്‍മത്തിന്റെ ആദ്യകര്‍മഭാവത്തെ ആസന്നകര്‍മം എന്നുവിളിക്കുന്നു. സംസ്‌കൃതത്തില്‍, ആസന്നം എന്നാല്‍, മരണത്തിനടുത്ത എന്നര്‍ത്ഥം; 'കര്‍മം' എന്നത് കര്‍മഭാവത്തിന്റെ ചുരുക്കം. അതിനാല്‍ ആസന്നകര്‍മം എന്നാല്‍, മരണം ആസന്നമായിരിക്കുമ്പോള്‍ സജീവമായ കര്‍മഭാവം. ബുദ്ധമതഗ്രന്ഥങ്ങള്‍ അതിനെ, മൃത്യുശയ്യാകര്‍മം എന്നുവിളിക്കുന്നു. ഈ ജീവിതത്തിന്റെ ആസന്നകര്‍മം, പുനര്‍ജന്മം നേടുന്ന അടുത്ത ജീവിതത്തെ പരുവപ്പെടുത്താനുള്ള നവപ്രാരബ്ധകര്‍മത്തിന്റെ ഒരു കര്‍മഭാവം ആയതിനാല്‍, അതിന്റെ പ്രചോദനം, അടുത്ത ജന്മത്തിന്റെ ആദ്യകര്‍മമായ പുതിയ ശരീരപ്രവേശം, ആ ശരീരത്തിന്റെ സ്വഭാവം, പുതുജന്മത്തിന്റെ അന്തരീക്ഷം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ കര്‍മാരംഭം, ഭൗതികശരീരത്തിന്റെ മരണത്തിനടുത്തായതിനാല്‍, ഈ ജീവിതത്തില്‍ അതിന്റെ സാന്നിദ്ധ്യം ഒരു വിചാരമോ അഭിലാഷമോ ആയി മാത്രമാണ് (ഒരു ഭൗതിക കര്‍മമോ അനുഭവമോ അല്ല). ഒരു കര്‍മഭാവത്തിന്റെ വിടരല്‍ അതിന്റെ പ്രചോദനം, പൂര്‍ത്തീകരിക്കുവോളം തുടരും. പുനര്‍ജന്മത്തെ പരുവപ്പെടുത്തുന്ന ആസന്നകര്‍മം, പുനര്‍ജന്മം സംഭവിക്കുവോളം വിടര്‍ന്നുകൊണ്ടിരിക്കും. എന്നുവച്ചാല്‍, ഈ ജീവിതത്തിലെ മരണത്തിനുമുന്‍പ് വിടരുന്ന ആസന്നകര്‍മം, അടുത്ത ജന്മത്തിനായി ആത്മാവ് ഒരു നവശരീരത്തില്‍ കടക്കുവോളം, വിടര്‍ന്നുതന്നെ നില്‍ക്കും. ഇടവേള എത്ര നീണ്ടതായാലും. പുനര്‍ജന്മം സാധിക്കുംവരെ, അതിന്റെ പ്രചോദനം, ബുദ്ധിയേയും അതുവഴി ആത്മാവിനെയും സ്വാധീനിക്കുന്നതു തുടരും. മറ്റുവാക്കുകളില്‍, മരണനേരത്തെ ഒരാളുടെ അന്ത്യാഭിലാഷമോ വിചാരമോ, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയില്‍ പുനര്‍ജന്മമുണ്ടാകുംവരെ, 'എപ്പോഴും' ഉണ്ടാകും. അവസാനവിചാരത്തില്‍ കണ്ട രൂപം, പുനര്‍ജന്മം വരെ ഓര്‍മയിലുണ്ടാകും. വിചാരം പോലെ, കര്‍മം. ആ രൂപത്തിലായിരിക്കും, പുനര്‍ജന്മം. അതിനാല്‍ ഭഗവദ്ഗീത (8:6) പറയുന്നു: മരണനേരത്ത് ഒരാള്‍ അന്തിമമായി വിചാരിക്കുന്ന രൂപം, അയാള്‍ പുനര്‍ജന്മംവരെ 'എപ്പോഴും' ഓര്‍ക്കുകയും, അടുത്ത ജന്മത്തില്‍ അയാള്‍ ആ രൂപത്തില്‍ പിറക്കുകയും ചെയ്യും. സാത്വിക രാജാവായിരുന്ന ഭരതന്‍, തന്റെ പ്രിയപ്പെട്ട മാനിനെ നോക്കി അന്ത്യശ്വാസം വലിച്ചതിനാല്‍, അടുത്ത ജന്മത്തില്‍ മാനായി ജനിച്ചെന്ന്, ഭാഗവതം (5:8) പറയുന്നു. ആത്മീയ ജ്ഞാനം നേടിയിട്ടും, അപാന്തരാതമ മഹര്‍ഷി, ശരീരം വിടുമ്പോള്‍ വേദങ്ങളെ കൃത്യമായി ക്രമീകരിക്കാന്‍ ആഗ്രഹിച്ചതിനാല്‍ വേദവ്യാസനായി പുനര്‍ജന്മം നേടിയെന്നും കഥയുണ്ട്. അന്ത്യനിമിഷത്തില്‍, ഈശ്വരനെ ഓര്‍ക്കുന്നയാള്‍ ശരീരം വിടുമ്പോള്‍, ദൈവത്തിലെത്തും എന്നു സാരം (ഭഗവദ്ഗീത 8:5). അന്ത്യവിചാരം പകയാണെങ്കില്‍, പുനര്‍ജന്മത്തില്‍ ആത്മാവ് അസുരനായിരിക്കും. അങ്ങനെ അങ്ങനെ. ഈ ജീവിതത്തില്‍ നേടിയ ആത്മീയലക്ഷ്യങ്ങളാണ് അന്ത്യവിചാരമെങ്കില്‍, അടുത്ത ജന്മത്തിലും ആ അന്വേഷണങ്ങള്‍ തുടരും (ഭഗവദ്ഗീത, 6:40-44).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.