ക്വട്ടേഷന്‍: സിപിഎമ്മില്‍ കലാപം

Friday 21 October 2016 12:41 am IST

  കൊച്ചി: ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കുട്ടിയെ തട്ടിയെടുത്ത കേസ് ഒത്തുതീര്‍ക്കാന്‍ വന്‍തുക കൈപ്പറ്റിയ സിപിഎം നേതാവിനെതിരെ പാര്‍ട്ടിയില്‍ കലാപം. കളമശ്ശേരിയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവിനെതിരെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേതാവിനെതിരെ കളമശ്ശേരിയില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ ഏജന്റാണെന്നാണ് വിശേഷണം. ഈ നേതാവിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ പാര്‍ട്ടി പരിഗണിച്ചിരുന്നു. നേതാവിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ പോലീസ് പിടികൂടി വിട്ടയച്ചു. ഇതരസംസ്ഥാനക്കാരെയാണ് പിടികൂടിയത്. ഇയാള്‍ക്കെതിരേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് മനസിലായതോടെ കേസ് ഒതുക്കിത്തീര്‍ത്തതായും പറയുന്നു. ഷിഫ അല്‍ ജസീറ ഉടമ ഡോക്ടര്‍ കെ.ടി. മുഹമ്മദ് റബീയുള്ളയാണ് 16 കോടി രൂപ ആവശ്യപ്പെട്ട് ബിസിനസ് പങ്കാളിയുടെ മകനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുത്തത്. ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് കളമശ്ശേരിയിലെ സിപിഎം നേതാവ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടത്. ദുബായിയില്‍ നടന്ന ഇടപാടില്‍ നേതാവിന് ഒരു കോടി രൂപ കിട്ടിയെന്നാണ് വിവരം. ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യം എടുത്തു. റബീയുള്ളയില്‍ നിന്ന് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഒരു കോടി രൂപ വാങ്ങിയെന്ന ആരോപണം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു. ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. എന്നാല്‍ സക്കീറിനെതിരെ കളമശ്ശേരി മേഖലയില്‍ വ്യാപകമായ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രാജീവ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.