ലാദന്‍ പാക്കിസ്ഥാനില്‍ അഞ്ചോളം വീടുകളില്‍ താമസിച്ചിരുന്നതായി പുതിയ വെളിപ്പെടുത്തല്‍

Friday 30 March 2012 8:19 pm IST

ഇസ്ലാമാബാദ്‌: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്‍ പാക്കിസ്ഥാനിലുടനീളം സഞ്ചരിച്ചിരുന്നതായും അഞ്ചോളം വീടുകളില്‍ താമസിച്ചിരുന്നതായും ലാദന്റെ ഭാര്യയുടെ പുതിയ വെളിപ്പെടുത്തല്‍. അമേരിക്കയിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ മുന്നോടിയായി ഒന്‍പത്‌ വര്‍ഷക്കാലമാണ്‌ ലാദനും കുടുംബാംഗങ്ങളും പാക്കിസ്ഥാനിലുടനീളം രഹസ്യ വസതികളില്‍ താമസിച്ചിരുന്നതെന്നും ഭാര്യ വ്യക്തമാക്കി. ബിന്‍ലാദന്റെ രണ്ടാമത്തെ ഭാര്യ അമല്‍ അഹമ്മദ്‌ അബ്ദുള്‍ ഫാടെഹ്‌ ആണ്‌ ലാദന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയത്‌. ജനുവരി 19 ലെ പോലീസ്‌ റിപ്പോര്‍ട്ടിലാണ്‌ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
അബോട്ടാബാദിലെ രഹസ്യ വസതിയില്‍വെച്ച്‌ കഴിഞ്ഞ വര്‍ഷമാണ്‌ 54 കാരനായ ലാദനെ അമേരിക്കന്‍ നാവിക സേന കൊലപ്പെടുത്തിയത്‌. 2000 ലാണ്‌ ലാദനെ ഫാടെഹ്‌ വിവാഹം ചെയ്തത്‌. മുജാഹിദ്‌ അംഗമായ ഒരാളെ വിവാഹം കഴിക്കുക എന്നത്‌ അവരുടെ ആഗ്രഹമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. 2000 ജൂലൈയില്‍ കറാച്ചിയിലെത്തിയ അവര്‍ ഒരുമാസത്തിനുശേഷം അഫ്ഗാനിസ്ഥാനിലേക്ക്‌ കടക്കുകയും ലാദന്റെ സംഘത്തില്‍ ചേരുകയുമായിരുന്നു. പിന്നീട്‌ കാണ്ഡഹാറിന്‌ പുറത്ത്‌ ലാദന്റെ മറ്റ്‌ രണ്ട്‌ ഭാര്യമാര്‍ക്കൊപ്പം താമസിക്കുകയായിരുന്നു.
അതേസമയം, സപ്തംബര്‍ 11 ലെ ആക്രമണമാണ്‌. ബിന്‍ലാദനേയും കുടുംബത്തേയും ഇല്ലാതാക്കുവാനുള്ള കാരണമെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പിന്നീട്‌ കറാച്ചിയില്‍ തിരിച്ചെത്തിയ ലാദന്റെ ഭാര്യ ഒന്‍പത്‌ മാസത്തോളം മകളോടൊപ്പം അവിടെ താമസിച്ചു. 2002 ന്റെ പകുതിയോടടുത്തപ്പോള്‍ ലാദനോടൊപ്പം പെഷാവാറിലേക്ക്‌ താമസം മാറുകയും ചെയ്തു. ഇവിടെവെച്ചാണ്‌ അല്‍ഖ്വയ്ദ പ്രധാന ആക്രമണങ്ങളെല്ലാം ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെനിയയിലെ ഇസ്രയേല്‍ ഹോട്ടലും ഇന്തോനേഷ്യയിലെ നൈറ്റ്‌ ക്ലബ്ബുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളും ഇവിടെവെച്ചാണ്‌ ആസൂത്രണം ചെയ്തത്‌.
വടക്ക്‌ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ മലനിരകളിലും ഗ്രാമീണ മേഖലകളിലുമാണ്‌ ലാദനും കുടുംബവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഫാടെഹ്‌ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു. വടക്ക്‌ പടിഞ്ഞാറന്‍ ഇസ്ലാമാബാദില്‍നിന്നും 80 മെയില്‍ അകലെയുള്ള സ്വാത്തിലാണ്‌ ആദ്യകാലങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇവിടെ രണ്ടുവീടുകളിലായി ഒന്‍പത്‌ മാസത്തോളം താമസിച്ചിരുന്നതായും അവര്‍ അന്വേഷണ ഉദ്യോഗസ്ഥന്മാരോട്‌ പറഞ്ഞു.
2003 ല്‍ ഹരിപൂരിലേക്ക്‌ നീങ്ങിയതിനുശേഷം രണ്ടുവര്‍ഷത്തോളം അവിടെ വാടകക്കു താമസിക്കുകയായിരുന്നു. 2003 ല്‍ ഫാടെഹിന്റെ പ്രസവസമയത്ത്‌ മൂന്ന്‌ ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നുവെന്നും ആശുപത്രി അധികൃതര്‍ക്ക്‌ തെറ്റായ തിരിച്ചറിയല്‍ രേഖകളാണ്‌ നല്‍കിയതെന്നും ന്യൂയോര്‍ക്ക്‌ ടൈംസില്‍ പറയുന്നു.
2005 ലാണ്‌ ബിന്‍ലാദനും കുടുംബവും അബോട്ടാബാദിലേക്ക്‌ താമസം മാറുന്നത്‌. ഇബ്രാഹിം, അബ്രാര്‍ എന്നീ രണ്ടുപേരാണ്‌ സ്വാത്തിലേയും ഹരിപൂരിലേയും അബോട്ടാബാദിലേയും വീടുകള്‍ ശരിയാക്കിത്തന്നതെന്നും ഫാടെഹ്‌ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു.
അബോട്ടാബാദിലെ ആക്രമണസമയത്ത്‌ ഫാടെഹ്‌ അവിടെയുണ്ടായിരുന്നുവെന്നും ആക്രമണത്തിന്റെ കാലിന്‌ പരിക്കേറ്റതായും അവര്‍ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു. സൈനികാക്രമണത്തില്‍ ലാദന്റെ മറ്റൊരു ഭാര്യ ബുഷ്‌റ. സഹോദരന്‍ അബ്രാര്‍, മകന്‍ ഖാലിഫ്‌ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ലാദന്റെ മൂന്ന്‌ ഭാര്യമാരെ ഇസ്ലാമാബാദിന്റെ വസതിയില്‍വെച്ചാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കേസുമായി ബന്ധപ്പെട്ട്‌ ഇവരെ വിചാരണ ചെയ്തുകൊണ്ടിരിക്കുകയാണ്‌.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.