പിണറായി വിജയന്‍ മാര്‍ക്‌സിസ്റ്റ് ക്രിമിനലുകളുടെ മുഖ്യമന്ത്രി : വത്സന്‍ തില്ലങ്കേരി

Friday 21 October 2016 1:50 am IST

കണ്ണൂര്‍: പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയല്ലെന്നും മാര്‍ക്‌സിസ്റ്റ് ക്രമിനലുകളുടെ മുഖ്യമന്ത്രി മാത്രമാണെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍തില്ലങ്കേരി പറഞ്ഞു.സിപിഎം അക്രമത്തില്‍ വീടുള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലുളള അമ്മമാരുള്‍പ്പെടെയുളള കുടുംബങ്ങള്‍ ഇന്നലെ കലക്‌ട്രേറേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണയിലും ധര്‍ണ്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നടത്തിയ മാര്‍ച്ചിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പു വരുത്തേണ്ട മുഖ്യമന്ത്രി സ്വന്തം നാട്ടിലുള്‍പ്പെടെ ജനങ്ങളുടെ വീടുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മാത്രമല്ല സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ മാത്രം സന്ദര്‍ശനം നടത്തുകയാണ്. ഒരു ഭരണാധികാരിക്ക് യോജിക്കാത്ത പ്രവര്‍ത്തിയാണ് പിണറായി നടത്തുന്നത്. മുഖ്യമന്ത്രിയായതു കൊണ്ടാണ് സമാധാനത്തിന് മുന്‍കയ്യെടുക്കാന്‍ പറഞ്ഞത്. അല്ലാതെ സിപിഎം നേതാവെന്ന നിലയിലല്ല. 346 കോടി രൂപയുടെ പൊതുമുതല്‍ പൊതുഖജനാവിന് നഷ്ടപ്പെടുത്തിയ കേസില്‍ പ്രതിയാണ് പിണറായി വിജയന്‍. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി നാടുനീളെ കളളപ്രചരണം നടത്തുകയാണ് സിപിഎം. നുണപ്രചരണത്തില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാനാവില്ലെന്നും എന്നാല്‍ മറ്റെല്ലാ രീതിയിലും സിപിഎമ്മിനെ നേരിടാന്‍ സംഘപ്രസ്ഥാനങ്ങള്‍ തയ്യാറാണ്. കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണം ആര്‍എസ്എസാണെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും ഭാഷ്യം. പയ്യന്നൂരിലും വാളാങ്കിച്ചാലിലും സിപിഎമ്മുകാര്‍ കൊല ചെയ്യപ്പെട്ടതാണ് ഇപ്പോഴത്തെ അക്രമങ്ങള്‍ക്ക് കാരണമെന്ന് കമ്മ്യൂണിസ്റ്റുകള്‍ പ്രചരിപ്പിക്കുകയാണ്. എന്നാല്‍ പയ്യന്നൂര്‍ മേഖലയിലും പിണറായി മേഖലയിലും കഴിഞ്ഞ കാലങ്ങളില്‍ പത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെടുകയുണ്ടായി. അന്നെല്ലാം സംഘ പ്രസ്ഥാനങ്ങള്‍ സംയമനം പാലിക്കുകയായിരുന്നു. അന്നിതൊന്നും ചര്‍ച്ച ചെയ്യപ്പെടുകയോ വാര്‍ത്തയാവുകയോ ചെയ്തില്ല. ജീവിക്കാന്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ അതിനെ ഭീകരമായ പ്രവര്‍ത്തിയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കമ്മ്യൂണിസ്റ്റ് ഇതരര്‍ക്കെതിരെ വ്യാപക അക്രമം നടത്തുന്ന സിപിഎം നേതൃത്വം പാര്‍ട്ടിക്കാരായ അക്രമികളെ അന്യജില്ലകളിലേക്കും മറ്റും കയറ്റുമതി ചെയ്യുകയാണ്. അവിടങ്ങളിലും അശാന്തി വിതയ്ക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുകയാണ് സിപിഎം. ഇതിന്റെ തെളിവാണ് വടകരയിലെ ടി.പി.വധത്തിലും ഏറ്റവും ഒടുവില്‍ നാദാപുരത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന അസ്ലം കേസിലും കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറിയുടെ അനുയായികളും നാട്ടുകാരും പിടിക്കപ്പെട്ട സംഭവം. ആര്‍എസ്എസ് സംഘടനാ പ്രവര്‍ത്തനത്തിനായി എത്തിയവരാണ് അക്രമണത്തിനു പിന്നിലെന്ന് പറയുന്ന സിപിഎം നേതൃത്വം നാടുമുഴുവന്‍ അശാന്തി വിതയ്ക്കാന്‍ ക്രിമനലുകളായ അണികളെ പറഞ്ഞു വിടുകയാണ്. ജീവിത കാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ കൊളളയടിക്കുന്ന സിപിഎം ഇതാണോ വര്‍ഗ്ഗസമരമെന്ന് വ്യക്തമാക്കണം. മുഴുത്ത സ്റ്റാലിനിസ്റ്റായ പിണറായി പകയും ക്രൗര്യവും മനസ്സില്‍വെച്ച് സാരോപദേശം നടത്തുന്നത് വിരോധാഭാസമാണ്. പച്ചക്കളളമാണ് മുഖ്യന്‍ നിയമസഭയില്‍ തട്ടിവിട്ടത്. നാട്ടില്‍ സമാധാനം വേണമെന്ന് ചിന്തിക്കേണ്ടത് ഭരണപക്ഷമാണ്. അവര്‍ക്ക് അതിനുളള ഉത്തരവാദിത്വമുണ്ട്. പോലീസ്, സിപിഎം അക്രമങ്ങള്‍ക്ക് മുന്നില്‍ നിസഹായരായി കയ്യും കെട്ടി നില്‍ക്കുകയാണ്. സിപിഎം നിലനില്‍പ്പിനായി ഏപ്പോഴും അക്രമം ആഗ്രഹിക്കുകയാണ്.എന്നാല്‍ ആര്‍എസ്എസ് അത് ആഗ്രഹിക്കുന്നില്ല. സിപിഎം അക്രമം അവസാനിപ്പിച്ചാല്‍ കണ്ണൂരിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിപിഎമ്മിന് മുന്നില്‍ കീഴടങ്ങി കണ്ണൂരില്‍ സംഘപ്രവര്‍ത്തനം നടത്തേണ്ട ഗതികേട് ആര്‍എസ്എസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.