ആദിവാസി ഭൂമി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണം

Friday 21 October 2016 2:17 am IST

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്‌ക്കെതിരെ വീണ്ടും വി.എം. സുധീരന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ആദിവാസി ഭൂമി തട്ടിപ്പ് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പട്ടികജാതി ക്ഷേമ മന്ത്രി എ.കെ.ബാലന് കത്ത് നല്‍കി. ബുധനാഴ്ചയാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സുധീരന്‍ കത്ത് നല്‍കിയത്. വയനാട് ജില്ലയിലെ അരിവാള്‍ രോഗികള്‍ക്കും 'ആശിക്കുംഭൂമി ആദിവാസികള്‍ക്ക്' പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും നല്‍കിയ ഭൂമിയെകുറിച്ചുള്ള വിവാദം അന്വേഷിക്കാന്‍ കെപിസിസി നേരത്തെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ആദിവാസി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണനും വയനാട് ഡിസിസി പ്രസിഡന്റ് കെ.എല്‍.പൗലോസും ചേര്‍ന്നാണ് അന്വേഷിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുധീരന്‍ വിജിലന്‍സ് അന്വേഷണത്തിന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് കെപിസിസിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പൊതു സമൂഹത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ വിജിലന്‍സിന്റെ പ്രത്യേക വിഭാഗത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആദിവാസി ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പി.കെ.ജയലക്ഷ്മിക്കെതിരെ ആദിവാസി ഫണ്ട് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട്‌നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്. ബാര്‍കോഴ വിവാദത്തിലും സുധീരന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്‌ക്കെതിരെ എടുത്ത നിലപാട് യുഡിഎഫില്‍ പൊട്ടിത്തെറിയിലാണ് കലാശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.