മറയൂരിലും കാന്തല്ലൂരിലും ഭീതിവിതച്ച് കാട്ടാന

Friday 21 October 2016 2:33 am IST

മറയൂര്‍(ഇടുക്കി): മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ സൈ്വര്യമായി ഉറങ്ങിയിട്ട് മാസങ്ങളായി. കരിമുട്ടി വനമേഖലയില്‍ നിന്നും രാത്രികാലത്ത് എത്തുന്ന കാട്ടാനകളാണ് നാട്ടുകാരുടെ സൈ്വര്യത തകര്‍ക്കുന്നത്. മൂന്ന് മാസമായി വേട്ടക്കാരന്‍കോവില്‍, കീഴാന്തൂര്‍, വെട്ടുകാട്, ചെമ്മന്‍കുടി, പത്തടിപ്പാലം, നൂറുവീട്, ആടിവയല്‍ എന്നീ ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങുന്നുണ്ട്. തെങ്ങ്, വാഴ, ബീന്‍സ്, തക്കാളി, എന്നിവ നശിപ്പിക്കുന്നതും പതിവാണ്. മൂന്ന് മാസത്തിനിടെ അരക്കോടി രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായിട്ടുണ്ട്. കൃഷി നാശത്തെക്കുറിച്ച് കൃഷിവകുപ്പ് അധികൃതരെ അറിയിച്ചാല്‍ സംഭവസ്ഥലത്തെത്താന്‍ പോലും തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പും വനവാസികള്‍ ഉള്‍പ്പെടെയുള്ള ജനസമൂഹത്തിന്റെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. വനമേഖലയും ജനവാസ മേഖലയും തമ്മില്‍ വേര്‍തിരിച്ച് വൈദ്യുത വേലി സ്ഥാപിക്കാത്തതാണ് കാട്ടാനയുടെ ശല്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വേനല്‍ കടുത്തതോടെ കാട്ടരുവികളില്‍ വെള്ളം കിട്ടാത്തതിനാലാണ് വെള്ളംകുടിയ്ക്കാനായി കാട്ടാനകള്‍ കാടിറങ്ങുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. ഒരു വര്‍ഷം മുന്‍പ് നൂറുവീട് ഭാഗത്ത് എത്തിയ കാട്ടാന ഒരാളെ കുത്തിക്കൊന്നിരുന്നു. ജില്ലാഭരണകൂടം കാട്ടാന പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. വ്യാഴാഴ്ച പുലര്‍ച്ചെ എം.ആര്‍ ശക്തിവേല്‍, മൗനഗുരുസ്വാമി എന്നിവരുടെ കൃഷിയിടങ്ങളില്‍ കാട്ടാന കൃഷി നശിപ്പിച്ചു. ബഹളം കേട്ട് ഉണര്‍ന്ന നാട്ടുകാര്‍ മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് ആനക്കൂട്ടങ്ങളെ കാട്ടിലേക്ക് വിരട്ടിയോടിച്ചത്. കാട്ടാനക്കൂട്ടം ജനവാസമേഖലയിലേക്ക് എത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.