ഒഡീഷയില്‍ നിന്ന് കടത്തിയ കുട്ടികള്‍ പിടിയില്‍

Friday 21 October 2016 3:39 am IST

പാറശ്ശാല: ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ 145 കുട്ടികളെ പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി. ഇന്നലെ 11 മണിക്കുള്ള അനന്തപുരി എക്‌സ്പ്രസ്സില്‍ നിന്നാണ് 15 മുതല്‍ 21 വയസ്സുവരെയുള്ള കുട്ടികളെ റെയില്‍വേ പോലീസ് കണ്ടെത്തിയത്. 90 പെണ്‍കുട്ടികളും 55 ആണ്‍കുട്ടികളും സംഘത്തിലുണ്ടായിരുന്നു. ഇതില്‍ 27 പേര്‍ 18 വയസ്സിന് താഴെയുള്ളവരാണ്. കഴക്കൂട്ടം മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വസ്ത്ര നിര്‍മ്മാണ സ്ഥാപനത്തില്‍ ജോലിക്കായി എത്തിച്ചതെന്നാണ് കുട്ടികളോടെപ്പം ഉണ്ടായിരുന്ന ഒഡീഷ സ്വദേശി റാബി നാരായന്‍ മിശ്രയുടെ വിശദീകരണം. ഇയാളെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. ഇത്രയുമധികം കുട്ടികളെ ഒരുമിച്ച് എത്തിച്ചതിന് പിന്നില്‍ അന്തര്‍ സംസ്ഥാന മനുഷ്യക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. പിടികൂടിയ കുട്ടികളില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ വയസ്സുകള്‍ വ്യാജമായിരുന്നു. 15 വയസ്സ് മാത്രം പ്രായം തോന്നിപ്പിക്കുന്ന കുട്ടികള്‍ക്ക് നല്‍കിയിരുന്ന തിരിച്ചറിയല്‍ രേഖകളിലുള്ളത് 18 വയസെന്നാണ്. ഐഎല്‍ ആന്‍ഡ് ഐഎസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കുട്ടികളെ റിക്രൂട്ടിംഗ് നടത്തിയിരിക്കുന്നത്. കുട്ടികളെ കൊണ്ടുപോകാനെത്തിയ കഴക്കൂട്ടത്തെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെയും പോലിസ് കസ്റ്റഡിയില്‍ എടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. രേഖകളൊന്നും പിടിയിലായ റാബി നാരായന്‍ മിശ്രയുടെ കൈവശമില്ലായിരുന്നു. മിശ്ര നിരവധി കമ്പനികള്‍ക്ക് കുട്ടികളെ നേരത്തേ നല്‍കിയിട്ടുള്ളതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.