ജലക്രമീകരണ ബോര്‍ഡ് യോഗം പ്രഹസനമെന്ന്ചി

Friday 21 October 2016 12:46 pm IST

റ്റൂര്‍: പറമ്പിക്കുളം-ആളിയാര്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗം 26 നു സുല്‍ത്താന്‍പേട്ട കെഎസ്ഇബി ഐബിയില്‍ നടക്കും. നടപ്പുജലവര്‍ഷത്തില്‍ ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന കേരളമാണ് യോഗം വിളിച്ചതെങ്കിലും തമിഴ്‌നാടിന്റെ സൗകര്യംകൂടി കണക്കിലെടുത്താണ് തീയതി നിശ്ചയിച്ചത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് കര്‍ഷകര്‍ ആരോപിച്ചു. ജൂണ്‍ മാസമാണ് ജലവര്‍ഷത്തിന്റെ തുടക്കമായി കണക്കാക്കുന്നത്. ഒരു വര്‍ഷം ഇടവിട്ട് യോഗം വിളിക്കേണ്ട ചുമതല കേരളത്തിനും തമിഴ്‌നാടിനും മാറിമാറി വരും. ഇത്തവണ കേരളത്തിനാണ് അദ്ധ്യക്ഷസ്ഥാനം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അവസാന യോഗം നടന്നത്. യോഗം നടക്കുവാന്‍ 10 മാസം വൈകിയതുമൂലം കേരളത്തിന് നഷ്ടമായത് ലക്ഷക്കണക്കിന് ഘനയടിവെള്ളമാണ്. വെള്ളംലഭിക്കാത്തതു മൂലം ഏക്കറുകണക്കിന് കൃഷിയാണ് കിഴക്കന്‍ മേഖലയില്‍ നശിച്ചത്. കൃത്യതയില്ലാത്ത ജലവിതരണംമൂലം കേരളത്തിന് അവകാശപ്പെട്ട ജലം ലഭിച്ചില്ലെന്നു മാത്രമല്ല കുറവുണ്ടായി. കരാറുപ്രകാരം ജലവിതരണ അളവും തിയ്യതിയും കൃത്യമായി സൂചിപ്പിച്ചുണ്ടെങ്കിലും ഇതുവരെയായും നടപ്പായിട്ടില്ല. ഓരോ വര്‍ഷവും ഇരുസംസ്ഥാനങ്ങള്‍ക്കും എത്ര ക്യുബിക് ജലം എപ്പോള്‍ നല്‍കണമെന്ന് തീരുമാനിക്കുന്ന യോഗമാണ് മാസങ്ങള്‍ വൈകിയിരിക്കുന്നത്. എന്നാല്‍ കേരളത്തിന് അധികജലം ആവശ്യപ്പെടാനോ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുവാനോ യോഗത്തില്‍ സാധ്യമല്ല. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലെ ജലം വിതരണം എങ്ങിനെ നടത്താം എന്നതാണ് യോഗത്തിലെ അജണ്ട. തമിഴ്‌നാട് കരാറുലംഘനം നടത്തിയിട്ടും ഇതുസംബന്ധിച്ച് സര്‍ക്കാറിനെ അറിയിക്കാത്ത ഉദ്യോഗസ്ഥരാണ് തലപ്പത്ത് എന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണത്തില്‍ കുറവ് വന്നിട്ടില്ലെന്നു മാത്രമല്ല 2012-13 ലെ കടുത്ത വേനലില്‍ കേരളത്തിന് 5.6 ടിഎംസിവെള്ളമാണ് അനുവദിച്ചത്. എന്നാല്‍ തമിഴ്‌നാട് ഒരു കുറവുമില്ലാതെ ജലമെടുത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പറമ്പികുളത്തു നിന്ന് തമിഴ്‌നാടിന് 16.5 ടിഎംസിവെള്ളമാണ് അനുവദിച്ചിരിക്കുന്നത്.കേരളത്തിന് അവകാശപ്പെട്ട വെള്ളമെടുത്തുകഴിഞ്ഞാല്‍ ബാക്കിയുള്ളത് തമിഴ്‌നാടിനാണെന്ന തെറ്റായ വാദമാണ് ഉദ്യോഗസ്ഥരും മുറുകെപ്പിടിക്കുന്നത്. ശരാശരി ഒരുവര്‍ഷം 33 ടിഎംസി ജലമാണ് പറമ്പിക്കുളത്തെ ഡാമുകളില്‍ നിന്നും ലഭിക്കുന്നുത്. കേരളത്തില്‍ നിന്ന് ജലവിഭവ വകുപ്പ്, കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍മാര്‍, പറമ്പിക്കുളം ആളിയാര്‍ പദ്ധതി ജോയിന്റ് ഡയറക്ടര്‍, തമിഴ്‌നാട്ടില്‍ നിന്ന് വൈദ്യുതി, ജലസേചന ചീഫ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക. 27 മുതലുള്ള ജലവിതരണം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് ബോര്‍ഡ് യോഗമാണ്. ഇതിനു മുന്നോടിയായി ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശത്തെ രണ്ടാം വിള കൃഷി സംബന്ധമായ മുഴുവന്‍ വിവരങ്ങളും ജലവിഭവ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. യോഗത്തിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ക്കും നിര്‍ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.