അപ്പര്‍കുട്ടനാട്ടില്‍ ശുദ്ധജല ദൗര്‍ലഭ്യം പുളിക്കീഴ് കുടിവെള്ള പദ്ധതി: കമ്മീഷന്‍ ചെയ്യാന്‍ വൈകും

Friday 21 October 2016 7:06 pm IST

തിരുവല്ല :അപ്പര്‍കുട്ടനാട് മേഖലയിലെ ജലദൗര്‍ലഭ്യത്തിനു പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ള പുളിക്കീഴ് കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ വൈകുന്നു. 27 കോടി രൂപ ചെലവില്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്. റവന്യു വകുപ്പ് ജല അതോറിറ്റിക്ക് പുളിക്കീഴ് ഷുഗര്‍ ഫാക്ടറിക്കു സമീപം കൈമാറിയ രണ്ടരയേക്കറിലാണ് പദ്ധതിക്കായി ശുദ്ധീകരണശാലയും കിണറും നിര്‍മിച്ചത്.13 മീറ്റര്‍ ആഴവും ഒന്‍പത് മീറ്റര്‍ വ്യാസവുമുള്ള കിണറാണിത്. പുളിക്കീഴില്‍ പമ്പാനദിയുടെ തീരത്ത് പ്രതിദിനം 140 ലക്ഷം ലീറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് പൂര്‍ത്തിയായത്. പ്ലാന്റില്‍ പമ്പ് സെറ്റുകളും ട്രാന്‍സ്‌ഫോര്‍മര്‍ സബ് സ്‌റ്റേഷനും സ്ഥാപിക്കേണ്ടതുണ്ട്. ഇരതോട് ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് പദ്ധതിക്കുള്ള ഒരു വാട്ടര്‍ ടാങ്കിന്റെ നിര്‍മാണവും പൂര്‍ത്തിയായി. പൈപ്പ് ലൈനുകളും സ്ഥാപിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ജലവിതരണവും നടത്തി. പൊതുടാപ്പുകളും സ്ഥാപിച്ചു.എന്നാല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനാവുമെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തമായ മറുപടിയില്ല. ഒരു ലക്ഷം ലീറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണിത്. കടപ്ര മോടിശേരിയില്‍ 7.5 ലക്ഷം ലീറ്റര്‍ സംഭരണശേഷിയുള്ളതും നെടുമ്പ്രത്ത് 3.5 ലക്ഷം ലീറ്റര്‍ സംഭരണശേഷിയുള്ളതുമായ ടാങ്കുകള്‍ ഇനി നിര്‍മ്മാണം പൂര്‍ത്തിയാക്കണം.പുളിക്കീഴില്‍ പമ്പാനദിയില്‍ നിന്നു ജലം ശേഖരിച്ച് ശുദ്ധീകരിച്ച് വിവിധ ഓവര്‍ ഹെഡ് ടാങ്കുകളില്‍ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ജലവിതരണം നടത്തുന്നതിനായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉള്‍പ്പെടെ ശേഷിക്കുന്നു. ഇതിന്റെ പണികള്‍ ഉടന്‍ തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. നെടുമ്പ്രം, കടപ്ര, നിരണം, പെരിങ്ങര പഞ്ചായത്ത് പ്രദേശങ്ങളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണുന്നതിനായി മൂന്നു വര്‍ഷം മുന്‍പാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. പദ്ധതി ഭാഗികമായി കമ്മിഷന്‍ ചെയ്യുമ്പോള്‍ പ്രദേശത്തെ ജലക്ഷാമത്തിന് അറുതി വരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.മഴ കുറവായതിനാല്‍ രൂക്ഷമായ ജലക്ഷാമമാണ് നിരണം,നെടുമ്പ്രം,പെരിങ്ങര, കടപ്ര പഞ്ചായത്തുകളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. പമ്പയിലെ ജലനിരപ്പ് തീരെ താണതിനാല്‍ കിണറുകളിലും വെള്ളമില്ല. മുന്‍പ് വാട്ടര്‍ കണക്ഷന്‍ എടുത്തിട്ടും വെള്ളംകിട്ടാതിരുന്ന അനേകര്‍ ഈ പ്രദേശത്തുണ്ട്. ഈ പദ്ധതിയുടെ പൂര്‍ത്തികരണം കാത്തിരിക്കയാണവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.