തലശ്ശേരി: പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തലശ്ശേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂളിനായി അനുവദിച്ച മൂന്ന് സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെയും കമ്പ്യൂട്ടര്‍ അനുബന്ധ സാമഗ്രികളുടെയും ഉദ്ഘാടനം സ്കൂള്‍ അസംബ്ലിയില്‍ റിച്ചാര്‍ഡ് ഹെ എംപി നിര്‍വ്വഹിച്ചു. സ്കൂളിനായി 15 ലക്ഷം രൂപയുടെ പഠനസാമഗ്രികളാണ് സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ എംപി അനുവദിച്ചത്. സെന്റ് ജോസഫ് സ്കൂളില്‍ നിന്നും ലഭിച്ച പരിശീലനമാണ് ലോകത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് പ്രചോദനമായതെന്നും ലഭ്യമാകുന്ന പഠനസൗകര്യങ്ങള്‍ കുട്ടികള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്നും ആത്മവിശ്വാസമുള്ള ഒരു തലമുറയുടെ രൂപീകരണം സ്കൂളുകളില്‍ നടക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ റുബ്സീന അധ്യക്ഷത വഹിച്ചു. അബ്ദുള്‍ ഖിലാബ്, ഫാ.ജോര്‍ജ്ജ് പൈനാടത്ത്, റുഗ്മിണി തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് ബെന്നി ഫ്രാന്‍സിസ് സ്വാഗതവും ജോസ് പ്രകാശ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്മാര്‍ട്ട് റൂമുകള്‍ കുട്ടികള്‍ക്കായി തുറന്നുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: