സിദ്ദിഖ്, നസീറിന്റെ വലംകൈ; റിമാന്‍ഡ് ചെയ്തു

Friday 21 October 2016 9:49 pm IST

കൊച്ചി: മുഖ്യമന്ത്രിയുടെ പേരില്‍ കോടികള്‍ തട്ടിച്ച ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് സിദ്ദിഖ് കുപ്രസിദ്ധ ഗുണ്ട നേതാവ് ഭായി നസീറിന്റെ വലംകൈ. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന ഹവാലാ പണത്തിന്റെ മുഖ്യകണ്ണിയാണ് സിദ്ദിഖ്. ആറു വര്‍ഷംകൊണ്ട് സിദ്ദിഖ് നേടിയത് ആഡംബര കാറുകളടക്കം കോടികളുടെ സ്വത്തുകള്‍. നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇയാളുടെ ആഡംബര വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്. പാര്‍ട്ടിയുടെ സ്വാധീനവും ഇതിനായി സിദ്ദിഖ് വിനിയോഗിച്ചിരുന്നു. വ്യവസായിയുടെ മകനെ അല്‍ഷിഫ ഗ്രൂപ്പ് എംഡി ഡോ. റബിയുള്ളയുടെ നിര്‍ദ്ദേശപ്രകാരം തട്ടിക്കോണ്ടുപോയ സംഭവം ഒത്തുതീര്‍പ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് സിദ്ദിഖായിരുന്നു. സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ വിഷയത്തില്‍ മധ്യസ്ഥനായത് ഇയാള്‍ മുഖേനയായിരുന്നു. സംഭവത്തില്‍ സക്കീര്‍ ഹുസൈന്‍ കോടികള്‍ കമ്മീഷന്‍ വാങ്ങിയെന്നും ആരോപണമുയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ ഉന്നതരുമായി സിദ്ദിഖിന് അടുത്ത ബന്ധമുണ്ട്. അബ്ദുള്‍ നാസര്‍ മദനി അടക്കമുള്ളവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നത് സിദ്ദിഖും സംഘവുമാണെന്നും സൂചനയുണ്ട്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിദ്ദിഖ് പാര്‍ട്ടിയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരിലടക്കം ഇയാള്‍ക്ക് സ്വാധീനമുണ്ട്. കൊച്ചി ഷാഡോ പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.