റാഗിങ് കേസ് പോലീസ് അട്ടിമറിക്കുന്നു

Friday 21 October 2016 10:44 pm IST

ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥി വിഷ്ണു പ്രസാദിനെ റാഗ് ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം അട്ടിമറിക്കുന്നു. സംഭവം നടന്ന് ഒരാഴ്ചയോടടുക്കുമ്പോഴും പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നില്ല. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ജിഷ്ണു, ഷെഫീഖ്, ഡൈജോ, ജെന്‍സണ്‍, സോമിന്‍ എന്നിവരാണ് പ്രതികള്‍. എസ്.ഐയുടെ താല്ക്കാലിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് കേസ് കൈകാര്യം ചെയ്യുന്നത്. ഇന്നലെ കോളേജിലെത്തിയ പോലീസ് സംഘം പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തു. വിഷ്ണുവിന്റെ പരാതി ലഭിച്ചയുടന്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയാണ് ചെയ്തതെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തി ഹോസ്റ്റലില്‍ റാഗിങ് നടക്കാറില്ലെന്ന മൊഴി കൊടുക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. സിപിഎം നേതാക്കള്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി കേസ് ദുര്‍ബ്ബലമാക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഇതാണ് അന്വേഷണം ഇഴഞ്ഞ് നീക്കാന്‍ കാരണം. എസ്എഫ്‌ഐക്കാരെ രക്ഷപെടുത്താന്‍ പോലീസ് നീക്കം നടത്താന്‍ ശ്രമിച്ചാല്‍ ശക്തമായ സമരവുമായി രംഗത്തെത്തുമെന്ന് എബിവിപി ജില്ലാ കമ്മറ്റി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.