മാലിന്യക്കൂമ്പാരം; കണ്ണൂറ്‍ നഗരം ചീഞ്ഞുനാറുന്നു

Thursday 7 July 2011 7:42 pm IST

കണ്ണൂറ്‍: മാലിന്യക്കൂമ്പാരം മൂലം കണ്ണൂറ്‍ നഗരം ചീഞ്ഞുനാറുന്നു. മാസങ്ങളായി നഗരത്തിലെ മാലിന്യനീക്കം കാര്യക്ഷമമല്ലാതായിട്ട്‌. പ്രശ്നം പൊതുജനങ്ങളുടെയും തദ്ദേശിയരുടെയും ആരോഗ്യത്തിന്‌ തന്നെ ഭീഷണിയായി തീര്‍ന്നിട്ടും നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തത്‌ വ്യാപക പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. നേരത്തെ അലക്ഷ്യമായി പല സ്ഥലങ്ങളിലായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ പ്ളാസ്റ്റിക്‌ ചാക്കുകളിലാക്കിയാണ്‌ ഉപേക്ഷിക്കുന്നത്‌. ശക്തമായ മഴയില്‍ ചാക്കില്‍ നിന്നും അഴുകിയ മാലിന്യങ്ങള്‍ നഗരത്തില്‍ ഒഴുകുകയാണിപ്പോള്‍. ഇതുമൂലം മാരകരോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെ പിടിയിലാണ്‌ ഈ സ്വപ്ന നഗരം. ദുര്‍ഗന്ധപൂരിതമായ നഗരത്തിലൂടെ മൂക്കുപൊത്താതെ നടക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോഴുള്ളത്‌. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‌ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട നഗരസഭ അധികൃതരാവട്ടെ ഇതൊന്നും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ഫോര്‍ട്ട്‌ റോഡ്‌, മുനീശ്വരന്‍ കോവിലിന്‌ സമീപം, പ്ളാസ ജംഗ്ഷന്‍, താവക്കര, കാല്‍ടെക്സ്‌, താണ ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ആയിരക്കണക്കിന്‌ ചാക്ക്‌ മാലിന്യങ്ങളാണ്‌ അട്ടിയിട്ടിരിക്കുന്നത്‌. പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ മൂന്ന്‌ വിഭാഗമായി തരംതിരിച്ചാണ്‌ സംസ്കരിക്കേണ്ടത്‌. ഇതിനായി നഗരത്തില്‍ സൌകര്യമില്ലാത്തതാണ്‌ മാലിന്യം കുന്നുകൂടാന്‍ കാരണമെന്ന്‌ പറയപ്പെടുന്നു. ഇത്തരം മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ള കോഴിക്കോട്ടെ ഏജന്‍സിയാകട്ടെ തരംതിരിച്ച മാലിന്യങ്ങള്‍ മാത്രമേ എടുക്കുകയുള്ളൂ. നഗരസഭയുടെ കീഴിലുള്ള ചേലോറ മാലിന്യസംസ്കരണ കേന്ദ്രത്തില്‍ ഇവ വേര്‍തിരിക്കാമെന്നായിരുന്നു ആദ്യധാരണ. എന്നാല്‍ ഇതിന്‌ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാത്തതാണ്‌ നഗരം ചീഞ്ഞുനാറാന്‍ കാരണമായത്‌. ചേലോറയില്‍ ഇതിനായി വിശാലമായ പന്തല്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇന്നേവരെ അതിണ്റ്റെ പണി പൂര്‍ത്തിയായിട്ടില്ല. വേണ്ടത്ര ജീവനക്കാരെ കിട്ടാത്തതാണ്‌ ഇതിന്‌ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്‌. വിദേശ ടൂറിസ്റ്റുകളടക്കം നിത്യേന ആയിരങ്ങള്‍ എത്തിച്ചേരുന്ന കണ്ണൂറ്‍ നഗരത്തെ ദുര്‍ഗന്ധ പ്രദേശമായി മാറ്റിയതാണ്‌ ഇതുകൊണ്ടുള്ള ഏകനേട്ടം. നേരത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ചിരുന്നു. എന്നാല്‍ ഇതിനും ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതുപ്രകാരം പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ വേര്‍തിരിച്ചത്‌ മാത്രമേ ഇവര്‍ സ്വീകരിക്കുന്നുള്ളൂ. നഗരസഭാ ജീവനക്കാര്‍ ഇത്‌ ഏറ്റുവാങ്ങി ചാക്കിലാക്കി നഗരമധ്യത്തില്‍ സൂക്ഷിക്കുകയാണ്‌. ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും സഞ്ചികളിലാക്കി മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നുതും ഇപ്പോള്‍ പതിവായിരിക്കുകയാണ്‌.