കുടിവെള്ളത്തിനായി വായിലെ വെള്ളം വറ്റിക്കണോ

Friday 21 October 2016 11:26 pm IST

കുടിവെള്ളത്തിനായി പറഞ്ഞ് തന്റെ വായിലെ വെള്ളം വറ്റിക്കാനില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി. അത്രയ്ക്ക് വിലയാണ് വെള്ളത്തിന്. 2020 ആകുമ്പോഴേക്കും ഒരു തുള്ളി കുടിവെള്ളം കിട്ടാതെ കേരളം വലയും. തുടര്‍ന്ന് കലാപമുണ്ടാകും. പിണറായി സര്‍ക്കാരിന്റെ അന്ത്യത്തിനു തുടക്കം ആ കലാപമായിരിക്കും. മൂവാറ്റുപുഴയാറിന്റെ തീരത്തു ജനിച്ചു ജീവിച്ച എല്‍ദോസ്, ചെറുപ്രായത്തില്‍ ആറ് നീന്തി മറുകര കടന്നിട്ടുണ്ട്. ഇപ്പോള്‍ ഇറങ്ങാന്‍ പേടി. ചൊറിയും. പെരുമ്പാവൂര്‍ എംഎല്‍എ എന്ന നിലയില്‍ പെരിയാറിന്റെ തീരത്താണിപ്പോള്‍ വാസം. പെരിയാര്‍ ആറല്ലാതായിമാറികൊണ്ടിരിക്കുന്നു. പുഴകള്‍ നശിപ്പിക്കുന്ന മനുഷ്യരേക്കാള്‍ ഭേദം കടിക്കുന്ന തെരുവ് നായ്ക്കളാണ്. എല്‍ദോസ് ആറിനും ജലത്തിനുമായി വാചാലനായി. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരയ്ക്ക് പകരം വെള്ളം കണ്ടെത്താന്‍ ശ്രമിക്കണമെന്ന ഉപദേശമായിരുന്നു മന്ത്രി മാത്യു ടി തോമസിന്. എല്ലാത്തിലും സര്‍ക്കാരിന്റെ കുറ്റം കാണരുതെന്നു ചുരുക്കം. വെള്ളം ഉപയോഗിക്കുന്നതെങ്ങനെയാണ് എന്നതിന് മുന്‍ഗണനാക്രമം നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും മന്ത്രി. വെള്ളത്തെക്കുറിച്ച് മഹാന്മാര്‍ പറഞ്ഞ പല നല്ല കാര്യങ്ങളും ആര്‍. രാജേഷ് ഉദ്ധരിച്ചു. ഗ്രീക്ക് ചിന്തകരേയും അള്ളാഹുവിനേയും മാത്യു അര്‍നോള്‍സിനേയും ഒക്കെ കൂട്ടുപിടിച്ച് ജല പൂരാണം തന്നെ രചിച്ചു. പി.റ്റി. തോമസിന് സംശയം. എന്തുകൊണ്ട് ഗാന്ധിജിയെ മറന്നു. വെള്ളത്തെക്കുറിച്ച് ഗാന്ധിജി എന്താണ് പറഞ്ഞതെന്ന് രാജേഷിന് അറിയാമോ എന്നായി തോമസ്. രാജേഷ് ഉത്തരം പറഞ്ഞില്ല. ഗാന്ധിജി ഞങ്ങളുടെ കൂടി നേതാവാണെന്നു പറഞ്ഞ് തടിതപ്പി. രാജേഷിന്റെ ശുദ്ധജലാവകാശബില്‍ സര്‍ക്കാരിനു സ്വീകാര്യമായില്ല. വെള്ളിദിനം സ്വകാര്യ ബില്ലുകളുടെ ദിവസമാണ്. ഏതിന്റേയും എന്തിന്റേയും ഒക്കെ പേരില്‍ ബില്‍ കൊണ്ടുവന്ന് നാലു വാക്ക് പറയാന്‍ അംഗങ്ങള്‍ക്ക് കിട്ടുന്ന അവസരം. ഇന്നലെ വന്ന അഞ്ച് സ്വകാര്യ ബില്ലില്‍ ഒന്ന് ഹൈബി ഈഡന്റേത്. പേര് നല്ല ശമരിയക്കാരന്‍ ബില്‍. ന്യൂനപക്ഷചുവ ഉള്ളതിനാല്‍ ശ്രദ്ധ കിട്ടുമോ എന്നാകും ഹൈബി പ്രതീക്ഷിച്ചത്. അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ചുകിടക്കുന്നവരുടെ ഫോട്ടോ മൊബൈലില്‍ എടുക്കാന്‍ തിക്കുംതിരക്കും കൂട്ടുന്ന മലയാളിയുടെ ദൂഷ്ടമനസ്സ് വിവരിച്ച് ഹൈബി നല്ല ശമരിയക്കാരന്‍ ആയെങ്കിലും ബില്‍ ചവറ്റുകുട്ടിയിലായി. അണ്‍ എയിഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക അനധ്യാപക ജീവനക്കാരുടെ ദുരിതം സംബന്ധിച്ച് ഇരുപക്ഷത്തിനും തര്‍ക്കമൊന്നും ഇല്ല. പ്രതേ്യകിച്ച് അവരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ആള്‍ സ്പീക്കര്‍ കസേരയില്‍ ഇരിക്കുമ്പോള്‍. മുസ്ലീം ലീഗിലെ എന്‍. ഷംസുദ്ദീന്‍ ഇതു സംബന്ധിച്ച് അവതരിപ്പിച്ച ബില്ലിലെ എല്ലാ ആശയങ്ങളോടും ഭരണപക്ഷത്തിനും യോജിപ്പുമാത്രം. എന്നാല്‍ പിന്നെ തന്റെ സ്വകാര്യബില്‍ സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചു കൂടേ എന്ന് ഷംസുദ്ദീന്‍. സമാന സ്വഭാവമുള്ള ബില്‍ വിദ്യാഭ്യാസ വകുപ്പിന്റെ മൂശയില്‍ ശരിയായി കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് തൊഴില്‍ മന്ത്രി റ്റി.പി. രാമകൃഷ്ണന്‍, ഷംസുവിന്റെ ആഗ്രഹത്തിന് തടയിട്ടു. അധ്യാപകരുടെ അവസ്ഥയുടെ ദുരവസ്ഥ മുന്‍ സ്വകാര്യ അധ്യാപകന്‍കൂടിയായ സ്പീക്കറും വിവരിച്ചു. കാരൂര്‍ കഥയിലെ പട്ടിണി മാറ്റാന്‍ വിദ്യാര്‍ത്ഥിയുടെ പൊതിച്ചോറ് കട്ട അധ്യാപകന്റെ അവസ്ഥയില്‍നിന്ന് മാറ്റമെന്നും വന്നിട്ടില്ലെന്ന് രാമകൃഷ്ണന്‍. ചെറുകാടിന്റെ കഥയിലും അധ്യാപകന്റെ വിഷമം പറയുന്നുണ്ടെന്നായി ഷംസുദ്ദീന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.