അങ്ങനെ എസ്.പി. പിള്ള നടനായി

Saturday 22 October 2016 4:27 pm IST

ഇച്ചിരെ'യോളം 'ചില്ലറ', 'ഇമ്മിണി'യോളം ' ഉറുപ്യാ'യപ്പോള്‍ തരിമ്പു പോലും കളയാതെ നൊട്ടാണി കുടുംബം ഒരു ചെറിയ വീടെടുത്തു മാറി. അവിടെയൊരു തയ്യല്‍ക്കട തുടങ്ങി. ''കടയ്ക്കു പുറത്ത് 'ലിബര്‍ട്ടി ഗാര്‍മന്റ്‌സ്' എന്ന ബോര്‍ഡ് വെച്ചു. നൊട്ടാണി ഭാര്യയെ തുണിവെട്ടാന്‍ പഠിപ്പിച്ചു. നൊട്ടാണിയും തുണിവെട്ടും; ഏറെയും ബ്ലാക്ക് ഷര്‍ട്ടുകള്‍. ഭാര്യ തയ്ക്കും...ബ്ലാക്ക് ഷര്‍ട്ടുകള്‍ ഇറങ്ങിയ കാലമാണ്; നൊട്ടാണി തന്റേതായ ഡിസൈനുകള്‍ ഉണ്ടാക്കി. പ്രത്യേക രീതിയിലുള്ള കോളറും അതിന്റെ പിന്‍വശം വളച്ചുകെട്ടിയും  പ്രത്യേക സ്‌റ്റൈലില്‍ നൊട്ടാണി തയ്യാറാക്കിയ ഷര്‍ട്ടുകള്‍ ആളുകളെ ആകര്‍ഷിച്ചു. പെട്ടെന്നവയ്ക്കു പ്രിയമേറി. പല കടക്കാരും ഷര്‍ട്ടുകള്‍ തേടിയെത്തി; മറ്റു നഗരങ്ങളില്‍ നിന്ന് ഡീലര്‍മാരും; അതു പിന്നെ വിദേശത്തേക്കുകൂടി വ്യാപിച്ചു. ലിബര്‍ട്ടി ഷര്‍ട്ടുകള്‍ ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപോലെ പ്രചാരം നേടി. ലിബര്‍ട്ടി പ്രസ്ഥാനമായി; സാമ്രാജ്യമായി...ഇന്നുമത് അഭംഗുരം തുടരുന്നു. 1972 ല്‍ നൊട്ടാണിയുടെ വിറ്റുവരവ് 18 കോടിയായെന്നാണ് ചേലങ്ങാട്ട് എഴുതിയിട്ടുള്ളത്. ബോംബെയില്‍ അന്ധേരിയില്‍ വലിയ ബംഗ്ലാവായി. ബോംബെ പട്ടണത്തിലെവിടെ നിന്ന് നോക്കിയാലും കാണാവുന്ന തരത്തില്‍ 'ലിബര്‍ട്ടി ടവ്വേഴ്‌സ്' ഉയര്‍ന്നു. ഇതിനിടയില്‍ ബാലന്‍ തൊട്ടുള്ള 25 വര്‍ഷങ്ങള്‍ കണക്കാക്കി മലയാള സിനിമ ജൂബിലി ആഘോഷിച്ചു. 'വിഗതകുമാരനെ' ആദ്യചിത്രമായി പരിഗണിക്കാതെ ആ പദവി ബാലനു നല്‍കിയതില്‍ ചേലങ്ങാട്ട് ആ നാളുകളില്‍ ഏറെ കലഹിച്ചതായോര്‍ക്കുന്നു. 1963 ലെ ആഘോഷ ചടങ്ങുകളില്‍ നൊട്ടാണിയെ ക്ഷണിച്ചുവരുത്തി ആദരിക്കുവാന്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ മറന്നില്ല. എറണാകുളത്ത് എം.ജി റോഡിന്റെ തെക്കേയറ്റത്ത് ബാനര്‍ജി റോഡുമായി ബന്ധിക്കുന്ന ജങ്ഷനില്‍ പടിഞ്ഞാറേ മൂലയില്‍ മദ്രാസ് കഫെ ഉടമ നാരായണന്റെ വീട് കഴിഞ്ഞുള്ള ഭാഗം അന്നു തുറസ്സായ ഇടമായിരുന്നു. ഇപ്പോഴവിടെ ബാങ്കുകളും വിവിധ വ്യാപാരകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണുള്ളത്. അന്നത്തെ തുറസ്സായ സ്ഥലത്ത് വലിയ കമാനങ്ങളുയര്‍ത്തി പന്തല്‍ കെട്ടിയായിരുന്നു ആഘോഷമെന്നു ഞാനോര്‍ക്കുന്നു. ഹിന്ദുസ്ഥാന്‍ കാറില്‍ (അംബാസിഡര്‍ കാറിന്റെ മുന്‍ഗാമി, ലാന്റ്മാസ്റ്ററിന്റെയും മുന്‍ഗാമി) വന്നിറങ്ങിയ രാമുകാര്യാട്ടിന്റെ പുറകില്‍ അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ സത്യനും പ്രേംനസീറും അംബികയും ഫുട്പാത്തിലൂടെ നടന്ന് ആഘോഷ പന്തലിലേക്ക് പോകുന്നതു നോക്കിനിന്ന കൗമാരക്കാരന്‍ ഓര്‍മ്മകളില്‍ ഇപ്പോഴും ബാക്കി. ഇവരെല്ലാം അന്നത്തെ മുന്‍നിര താരങ്ങളായിരുന്നു. ഇത്രയും പേര്‍ ഒരുമിച്ചൊരു കാറിലോ എന്ന ശങ്ക വേണ്ട. അങ്ങനെയുള്ള കാലത്തില്‍ നിന്നാണ് സിനിമ ഇന്നോളമുള്ള യാത്രയുടെ പാതികാണ്ഠം താണ്ടിയത്. സിനിമ തനിക്ക് നല്‍കിയ കയ്‌പേറിയ അനുഭവങ്ങളായിരുന്നുവെങ്കിലും സിനിമയെ വെറുക്കാന്‍ നൊട്ടാണിക്ക് കഴിയുമായിരുന്നില്ല. പക്ഷെ ബോംബെയിലെത്തി ജോലി തേടി അലഞ്ഞ നാളുകളില്‍ ചലച്ചിത്രവഴികള്‍ അദ്ദേഹം ഒഴിവാക്കിയത് ബോധപൂര്‍വ്വമായിരുന്നിരിക്കണം. മലയാള സിനിമയുടെ ജൂബിലി ആഘോഷത്തിന് ഗണ്യമായ തുക നൊട്ടാണിയുടെ ലിബര്‍ട്ടി സാമ്രാജ്യം നല്‍കിയതായും കേട്ടിട്ടുണ്ട്. നിസ്വനും ആലംബമറ്റവനുമായി നാടുവിടാന്‍ സാഹചര്യമൊരുക്കിയ മലയാള സിനിമയോട് അദ്ദേഹം ഒരുപക്ഷേ മധുരോദാരമായി പകവീട്ടിയതുമാകാം. ചേലങ്ങാട്ട് ഒരിയ്ക്കല്‍ ബോംബെയില്‍ പോയി നൊട്ടാണിയെ കണ്ട കഥ അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സ്വയം പരിചയപ്പെടുത്തി ഒരിയ്ക്കല്‍ക്കൂടി സിനിമയില്‍ വരുമോ എന്നു ചോദിച്ചു. നിഷേധസ്വരം ഉച്ചത്തില്‍ അഞ്ചാവര്‍ത്തി ഉച്ചരിച്ചായിരുന്നുപോലും നൊട്ടാണിയുടെ മറുപടി: No...no...no...no and No! ഈ ബോംബെ യാത്രയ്ക്കിടയില്‍ ചേലങ്ങാട്ട് മറ്റൊരാളെക്കൂടി സന്ദര്‍ശിച്ചുവത്രെ! പ്രാമാണിക മാധ്യമവിശാരദനായ ടി.ജെ.എസ്. ജോര്‍ജിന്റെ കൂടെ പത്രാധിപമേശയുടെ ഒരിടം പങ്കിട്ടു മുനമൂര്‍ച്ചയുള്ള കാര്‍ട്ടൂണുകള്‍ വരച്ചുപോന്ന  ചിത്രകാരനെക്കുറിച്ച് തന്റെ ആത്മകഥയായ 'ഘോഷയാത്ര'യില്‍ ടി.ജെ.എസ് അനുസ്മരിച്ചിട്ടുണ്ട്. മാധ്യമ രംഗത്തെ കുലപതിയായ ഫ്രാങ്ക് മൊറെയ്‌സ് അരങ്ങു വാഴുന്ന കാലം. അദ്ദേഹത്തിന്റെ പുത്രനും ആംഗല കവിയുമായിരുന്ന ഡോം മൊറെയ്‌സ് കോളമിസ്റ്റായി ആദ്യ ചുവട്‌വച്ചു തുടങ്ങുന്ന നാളുകള്‍. അന്ന് ബോംബെയില്‍ പത്രപ്രവര്‍ത്തകനായിരുന്ന രാംജിയും (പിന്നീട് 'കൊച്ചിന്‍ വിന്‍ഡോ'യുടെ പത്രാധിപര്‍) ബറോഡയിലൊരു ബോംബ് കേസിന്റെ പേരില്‍ പഠനം അവസാനിപ്പിച്ച് ബോംബെയിലെത്തി സ്ട്രിംഗറായി പത്രപ്രവര്‍ത്തനം നടത്തിപോന്ന ചന്ദ്രശേഖരമേനോനും (ആ പേരതിന്റെ ഇനിഷ്യലിലൊതുക്കി തറവാട്ടുപേരിനു മൂന്നക്ഷരമാക്കിയപ്പോള്‍ സി.എം. ശങ്കരാടി എന്നായി; പിന്നീടദ്ദേഹം മലയാള നാടക-സിനിമാ വേദിയിലെ നടനവിസ്മയമായി) ഈ കാര്‍ട്ടൂണിസ്റ്റുമായുള്ള ചങ്ങാത്ത നിമിഷങ്ങള്‍ അയവിറക്കുമായിരുന്നു. ആ കാര്‍ട്ടൂണിസ്റ്റിനു പേര് ബല്‍റാം താക്ക്‌റേ. മാധ്യമരംഗത്തുനിന്ന് മെല്ലെ പിന്‍വാങ്ങി മഹാരാഷ്ട്രയുടെ രാഷ്ട്രീയധാരയില്‍ ബോംബെ കേന്ദ്രമാക്കി ഒരു കൂട്ടായ്മ ഏകോപിപ്പിക്കുവാന്‍ തുടങ്ങിയിരുന്നു താക്ക്‌റേ, ചേലങ്ങാട്ട് അദ്ദേഹത്തെ സന്ദര്‍ശിക്കുവാനെത്തുമ്പോഴേക്കും. താക്ക്‌റേ ഉയര്‍ത്തിയ 'മണ്ണിന്റെ മക്കള്‍ വാദം' ബോംബെയിലുള്ള ലക്ഷക്കണക്കിന് വരുന്ന മലയാളി സമൂഹത്തിന്റെ സ്വാസ്ഥ്യത്തില്‍ വിള്ളലുകള്‍ തീര്‍ക്കുന്ന കാര്യം ചേലങ്ങാട്ട് തന്റെ സംഭാഷണമധ്യേ പരാമര്‍ശിച്ചുപോലും. ദാര്‍ഢ്യസ്വരത്തിലായിരുന്നുവത്രെ താക്ക്‌റെയുടെ മറുപടി: ''നിങ്ങള്‍ മലയാളികള്‍ക്കിതു ചോദ്യംചെയ്യാന്‍ എന്തവകാശമാണുള്ളത്? നിങ്ങളുടെ നാട്ടില്‍, മട്ടാഞ്ചേരിയില്‍, മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തിലല്ലേ ഈ വാദം ആദ്യം മുഴങ്ങിയത്? ഇതിനെ അവലംബമാക്കിയുള്ള സമരം ആദ്യം അരങ്ങേറിയത്?'' കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനകേന്ദ്രം മട്ടാഞ്ചേരിയിലെ സ്‌പൈസസ് എക്‌സ്‌ചേഞ്ചായിരുന്നു. പ്രതിദിനം കോടികളുടെ വ്യാപാരം നടന്നിരുന്ന ആ വിപണിയുടെ നിയന്ത്രണം അവിടെയുള്ള ഗുജറാത്തികളും മറാത്തികളുമായ വര്‍ത്തക പ്രമാണിമാരുടെ കൈയിലായിരുന്നു. അതിനെ ചോദ്യംചെയ്തുകൊണ്ടും വിപണിയിലെത്തുന്ന വിളകള്‍ ഉല്‍പാദിപ്പിക്കുന്ന മലയാളി കര്‍ഷകര്‍ക്കായിരിക്കണം തങ്ങളുടെ വിളകളുടെ വിപണിയില്‍ മേല്‍ക്കോയ്മ എന്നു വാദിച്ചുകൊണ്ടും മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെയാണ് ബല്‍റാം താക്ക്‌റേ ഉദ്ദേശിച്ചത്. മലയാളിയായ തന്റെ ഓര്‍മ്മയില്‍ ഇല്ലാതിരുന്ന കാര്യം നമ്മുടെ ചരിത്രത്താളുകളില്‍നിന്ന് പരതിയെടുത്തു വാദമുഖങ്ങളില്‍ ഇടചേര്‍ത്ത താക്ക്‌റേയുടെ ലക്ഷ്യകൂര്‍മ്മത തന്നെ അത്ഭുതപ്പെടുത്തിയെന്നു ചേലങ്ങാട്ട് പറയുമായിരുന്നു. 'ഭൂതരായരു'ടെ തമ്പില്‍നിന്ന് ഗത്യന്തരമില്ലാതെ ചെറുതുരുത്തിയിലേക്കു കാല്‍നടയായി മടങ്ങിയ എസ്.പി. പിള്ളയെക്കുറിച്ചു മുന്‍പേ സൂചിപ്പിച്ചു. അദ്ദേഹത്തിനതില്‍ വലിയ പുതുമയൊന്നും അനുഭവപ്പെട്ടുകാണില്ല. ഏറ്റുമാനൂരമ്പലനടയിലെ ബസ് സ്റ്റാന്റില്‍ ഓരോ ദിശയിലേക്കുമുള്ള ബസ്സിലേക്കു ആളെ വിളിച്ചുകയറ്റുന്ന സ്വയം നിയമിത ലാവണത്തിലായിരുന്നു എസ്. പങ്കന്‍പിള്ളയായിരുന്ന, പൂര്‍വ്വാശ്രമനാളുകളില്‍ ടിയാന്‍. ബസ്സുകാര്‍ നല്‍കുന്ന തുച്ഛമായ നാണയത്തുട്ടുകളായിരുന്നു വരുമാനം. മൂവന്തിയായി സ്റ്റാന്റ് വിജനമാകുമ്പോള്‍ കിട്ടിയ ചില്ലറയുമായി നേരെ മധുശാലയിലേക്ക് പോകും. നാണയക്കിലുക്കത്തിന്റെ ഏനംപോലെ സുരപാനവും അതിനു തൊട്ടുകൂട്ടാനിത്തിരി ഭക്ഷണവുമായി നാളുകള്‍ താണ്ടവേ, ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ 'സന്മാര്‍ഗപോഷിണി നടനസഭ'യുടെ വിഖ്യാതമായ 'മിശിഹാചരിത്രം' നാടകം ഏറ്റുമാനൂരിലെത്തി. ഭക്ഷണം ത്യജിച്ച് അതിനുംകൂടി ലഹരിപൂജ നിവര്‍ത്തിച്ചു പങ്കന്‍ ഗ്യാലറിയുടെ പിന്‍നിരയിലുറപ്പിച്ചു. നാടകത്തിലെ ഒടുവിലത്തെ അത്താഴരംഗം. ക്രിസ്തുവായി അഭിനയിക്കുന്ന ചെറിയാന്‍ മാസ്റ്റര്‍ തേജസ്സാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു. ''നിങ്ങളിലൊരുവന്‍ ഇന്നെന്നെ ഒറ്റിക്കൊടുക്കും.'' ശിഷ്യന്മാര്‍ പരിഭ്രാന്തരായി. മത്തായിയും മര്‍ക്കോസും ലൂക്കോസും പത്രോസും അന്ത്രയോസും യോഹന്നാനും ഓരോരുത്തരും മാറിമാറി ചോദിച്ചു. ''റബ്ബേ, ഗുരുവേ, നാഥാ, യേശുവേ, കര്‍ത്താവേ....അതു ഞാനാണോ, ഞാനാണോ, ഞാനാണോ?'' 'അല്ല.' 'അല്ല' 'അല്ല' ഇഴുകിലയിച്ചിരുന്നു കാണുകയായിരുന്ന പങ്കനു നെഞ്ചു വെന്തുരുകി. വേയ്ക്കുന്ന കാലുകളോടെ ഗ്യാലറിത്തട്ടില്‍ എഴുന്നുനിന്ന് ടിയാന്‍ ഉറക്കെ വിളിച്ചുചോദിച്ചു: ''ഇനി ഈ എസ്. പങ്കന്‍പിള്ളയോ മറ്റോ ആണോ കര്‍ത്താവേ?'' ആസ്വാദനത്തിന്റെ രസച്ചരടു മുറിഞ്ഞതില്‍ ക്ഷുഭിതരായ കാണികള്‍ തന്റെ ചുറ്റും തടുത്തുകൂടുന്നതു മാത്രമേ പങ്കന് ഓര്‍മ്മയുള്ളൂ. പെലേയുടെയും മറഡോണയുടെയും ഏറ്റവും സമര്‍ത്ഥമായ കിക്കുകളെ വെല്ലുന്ന കിക്കുകളുടെയും പാസുകളുടെയും ഘോഷമായിരുന്നു പിന്നീട്. കണ്ണുതുറന്നു നോക്കുമ്പോള്‍ പങ്കന്‍ കൊട്ടകയ്ക്കു പുറത്തെ ചതുപ്പില്‍. അന്ന് കഥാപുരുഷന്‍ നാടുവിട്ടു. ദേശാടകനായി അലഞ്ഞു. അതിനിടയിലാണ് 'ഭൂതരായരി'ല്‍ നടീനടന്മാരെ വേണമെന്ന പത്രപ്പരസ്യം. ചങ്കൂറ്റം മാത്രം കൈമുതലാക്കി പങ്കന്‍ നേരെ അപ്പന്‍തമ്പുരാന്റെയും നൊട്ടാണിയുടെയും മുന്‍പില്‍ ഹാജരായി. എല്ലാ വേഷത്തിലേക്കും ആളുകളെ നിശ്ചയിച്ചുകഴിഞ്ഞിരുന്നു. ഏതായാലും വന്നതല്ലേ, എന്തെങ്കിലും അഭിനയിച്ചു കാണിക്കട്ടെ എന്നു തമ്പുരാന്‍. ഒരു നിമിഷത്തിന്റെ പോലും സങ്കോചം പങ്കനുണ്ടായില്ല. അന്നോളവും അതിനുശേഷവും ആരും ലോകത്തില്‍ പറഞ്ഞിട്ടില്ലാത്ത ഒരപൂര്‍വ്വ ഭാഷ സ്വയം സങ്കല്‍പ്പിച്ചുണ്ടാക്കി അതില്‍ സ്ഥായി ഭേദവും ശ്രുതിവൈവിധ്യവും ആരോഹണാവരോഹണവും കൃത്യതയോടെ ഉള്‍വേശിപ്പിച്ചു വികാരോജ്ജ്വലമായി പങ്കന്‍പിള്ള ഒരു സാങ്കല്‍പ്പിക മുഹൂര്‍ത്തം  നിറഞ്ഞാടി. തമ്പുരാനും നൊട്ടാണിക്കും മാത്രമല്ല, കണ്ടുനിന്ന എല്ലാവര്‍ക്കും അത്ഭുതം! ഉണ്ണിത്തമ്പുരാന്റെ മുന്നിലിരുന്നു കവിടി നിരത്തി പ്രശ്‌നംവെച്ച് ഫലം പറയുന്ന തണ്ണീര്‍പന്തലാശാന്റെ റോള്‍ പങ്കന്‍പിള്ളക്കു നല്‍കുവാന്‍ തീരുമാനമായി. ചിത്രം നടന്നിരുന്നുവെങ്കില്‍ അതാകുമായിരുന്നു പിന്നീട് ഹാസ്യവേഷങ്ങളിലും സ്വഭാവവിശേഷങ്ങളിലും ഒരുപോലെ മാറ്റുതെളിയിച്ച എസ്.പി. പിള്ളയുടെ ചലച്ചിത്ര പ്രവേശം. വിധി മറിച്ചായി. തണ്ണീര്‍പന്തലാശാന്റെ വേഷം നാടകങ്ങളില്‍ അഭിനയിച്ചു ശീലമുള്ള ഒരാള്‍ക്ക് ഉറപ്പിച്ചുവച്ചിരുന്നതാണ്. പങ്കന്‍പിള്ളക്ക് നറുക്കുവീണതോടെ അയാള്‍ പുറത്തായി. അതിന്റെ ആഘാതം അയാളുടെ മാനസികനില തെറ്റിച്ചുവെന്നും അയാള്‍ ഉള്‍വലിഞ്ഞു പിന്നെ രംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നുമാണ് കഥ ബാക്കി!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.