കോട്ടയം ജില്ലയില്‍ ഭൂമി പിളര്‍ന്ന് മണ്ണ് മാഫിയ

Saturday 22 October 2016 7:47 pm IST

കോട്ടയം: ജില്ലയില്‍ ഭൂമി പിളര്‍ന്ന് മണ്ണ് മാഫിയ. ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് മണ്ണ് മാഫിയാകളുടെ നേതൃത്വത്തില്‍ മണ്ണെടുപ്പും വയല്‍ നികത്തലും വ്യാപകമായി നടക്കുന്നത്. വീട് വയ്ക്കാനല്ലാതെ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തിനും തണ്ണീര്‍ത്തടങ്ങള്‍ നികത്താന്‍ പാടില്ലായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും മണ്ണു മാഫിയ ജില്ലയില്‍ പിടിമുറുക്കുകയാണ്. കടുത്തുരുത്തിയിലും കുമരകത്തുമാണ് വന്‍തോതില്‍ നെല്‍വയലുകള്‍ നികത്തപ്പെട്ടുകൊണ്ടിരിക്കുന്നത്. കടുത്തുരുത്തിയില്‍ ഒന്നരയേക്കറോളം പാടശേഖരമാണ് മണ്ണിട്ട് നികത്താന്‍ ശ്രമിക്കുന്നത്. കൃഷി ചെയ്യാനുള്ള എല്ലാ പാരിസ്ഥിതിക സാഹചര്യങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇവിടെ അനധികൃത നികത്തല്‍ നടക്കുന്നത്. കുമരകം വില്ലേജിന്റെ വിവിധ ഭാഗങ്ങളില്‍ റിസോര്‍ട്ട് മാഫിയ വന്‍തോതില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്താനുള്ള ശ്രമം ആരംഭിച്ചു. മണ്ണ് മാഫിയയും ജിയോളജി വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്. കറുകച്ചാല്‍, നെടുങ്കുന്നം, കൂരോപ്പട പഞ്ചായത്തുകളിലും വന്‍തോതില്‍ മണ്ണ് ഖനനം നടക്കുന്നു. കൂരോപ്പട-പാമ്പാടി റോഡ് രാത്രികാലങ്ങളില്‍ മണ്ണ് കയറ്റിയ ടോറസ് ലോറികള്‍ കയ്യടക്കി. നെടുംങ്കുന്നം പഞ്ചായത്തില്‍ മൈലാടിക്ക് സമീപം ഏക്കര്‍ കണക്കിന് ഭൂമിയിലെ മണ്ണാണ് ഭൂമാഫിയ കടത്തിക്കൊണ്ട് പോകുന്നത്. കുമരകത്തേയ്ക്കാണ് വ്യാപകമായി കരമണ്ണ് കൊണ്ടുപോകുന്നത്. കൂറ്റന്‍ മെഷീനുകള്‍ ഉപയോഗിച്ചാണ് പലസ്ഥലത്തും മണ്ണ് ഖനനം നടക്കുന്നത്. ആത്മീയ സംഘടനകളുടെ പേരിലും വന്‍തോതില്‍ മണ്ണ് ഖനനം നടക്കുന്നു. കടുത്തുരുത്തി പൂവക്കോട്ട് 50 ഏക്കറോളം കുന്ന് മണ്ണ് നീക്കുന്നതിന് വേണ്ടിയുള്ള ശ്രമം നടന്നുവരികയാണ്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും പൊതുജനങ്ങളും സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാന്‍ തയ്യാറാവുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.