സുഭാഷിതം

Thursday 7 July 2011 8:53 pm IST

ദ്വേഷശ്ച രാഗശ്ച സദാ മമാംബികേ! ദൈത്യ്‌ ഹൃദി സ്തോത്ര വിവേകമാധവ: ആദ്യാം കരോത്യേവരണം, ജയത്വയം; തുഭ്യം മഹാകാളി! നമഃ പ്രസീദമേ.
ശ്രീപാലേലി നാരായണന്‍ നമ്പൂതിരി രചിച്ച ദേവീനാരായണീയം എന്ന കൃതിയിലെ 4-ാ‍ം ദശകത്തിലുള്ള അവസാന ശ്ലോകമാണ്‌ ഇത്‌. ഇതിന്റെ സാരം: അമ്മേ ! മഹാകാളി! രാഗവും ദ്വേഷവുമാകുന്ന രണ്ട്‌ അസുരന്മാര്‍ എന്റെ മനസ്സിലുണ്ട്‌. വിവേകമാകുന്ന വിഷ്ണു ഇവരോട്‌ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്‌. യുദ്ധത്തില്‍ ഇദ്ദേഹം ജയിക്കുമാറാകണം. അമ്മയ്ക്ക്‌ നമസ്കാരം. എന്നില്‍ പ്രസാദിച്ചാലും.
മധു എന്നും കൈഭടന്‍ എന്നും പേരുള്ള രണ്ട്‌ അസുരന്മാരോട്‌ വിഷ്ണുയുദ്ധം ചെയ്തു; ക്രമേണ തളര്‍ന്നു. അദ്ദേഹം ദേവിയെ സ്തുതിച്ചു. ദേവിയുടെ അനുഗ്രഹത്താല്‍ വിഷ്ണുവിന്‌ മധുകൈടഭന്മാരെ വധിക്കാന്‍ സാധിച്ചു. ഈ പുരാണ കഥയുടെ സാരാംശമാണ്‌ ഈ ശ്ലോകത്തിന്റെ പൊരുള്‍. ആരാണ്‌ ഈ മധുകൈടഭന്മാര്‍? മനുഷ്യന്റെ മനസ്സില്‍ ഉണ്ടാകുന്ന രാഗദ്വേഷങ്ങള്‍ തന്നെ. മനസ്സില്‍ ഓരോരോ ആഗ്രഹങ്ങള്‍ ജനിക്കുമ്പോള്‍ അതൊക്കെ സാധിച്ചുകിട്ടാന്‍ വേണ്ടി മനുഷ്യന്‍ പ്രയത്നിക്കുന്നു. ഇതില്‍ ആരെങ്കിലും സഹായിച്ചാല്‍ അവനെ ബന്ധുവായി കരുതാന്‍ ഇടവരുന്നു. ഇതാണ്‌ രാഗം. ആരെങ്കിലും ഇഷ്ടസിദ്ധിക്ക്‌ വിഘ്നം ഉണ്ടാക്കിയാല്‍ അവനെ ശത്രുവായി കരുതാന്‍ തുടങ്ങുന്നു. ഇതാണ്‌ ദ്വേഷം. രാഗദ്യേഷങ്ങളെക്കൊണ്ട്‌ മലിനമാണ്‌ മനുഷ്യന്റെ മനസ്സ്‌. എല്ലാവരിലേക്കും ഒരുപോലെ ഒഴുകേണ്ട വികാരമാണ്‌ സ്നേഹം.
ഇത്‌ ചിലതിനോടും ചിലരോടും മാത്രമായാല്‍ അത്‌ രാഗമെന്ന്‌ അറിയപ്പെടുന്നു. രാഗവും ദ്വേഷവും - രണ്ടും മനസ്സിലെ മാലിന്യമാണ്‌. അത്‌ തുടച്ചുനീക്കണം. രാഗദ്വേഷങ്ങള്‍ മനസ്സിന്റെ ധര്‍മമാണെങ്കില്‍ വിവേകം ബുദ്ധിയുടെ ധര്‍മമാണ്‌. ദേവിയുടെ അനുഗ്രഹത്താലാണല്ലോ വിഷ്ണുവിന്‌ മധുകൈടഭന്മാരെ വധിക്കാന്‍ സാധിച്ചത്‌. സ്വന്തം മനസ്സിലുള്ള രാഗവിദ്വേഷങ്ങളാകുന്ന മധുകൈഭടന്മാരെ വധിക്കാന്‍ വിവേകമാകുന്ന വിഷ്ണുവിന്‌ സാധിക്കുമാറാകണമേ എന്നാണ്‌ പ്രാര്‍ഥന. ഈ പ്രാര്‍ഥന സാധിച്ചുതരേണ്ടത്‌ ദേവി തന്നെ. അതേ, ബുദ്ധി എപ്പോഴും ഉണര്‍ന്നിരിക്കണം. മനസ്സ്‌ ദുര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കാതെ നോക്കണം. അങ്ങോട്ടുതിരിഞ്ഞാല്‍ അതിനെ ബോധപൂര്‍വ്വം നേരിടണം.
ഈശ്വരനുമായി ഐക്യം പ്രാപിച്ചുകഴിഞ്ഞ മഹാത്മാവിന്‌ ഈശ്വരനില്‍ നിന്നന്യമായ 'ഞാന്‍' എന്ന ഭാവമില്ല. വ്യക്ത്യാധിഷ്ഠിതമായ ഇച്ഛയില്ല. വാസന ലേശമില്ല. കര്‍മത്വഭോക്തൃത്വഭാവവുമില്ല. ഈശ്വരാവബോധത്തില്‍ സുപ്രതിഷ്ഠിതമായ ഈ അഹന്തയറ്റ അവസ്ഥയാണ്‌ വിശുദ്ധി.
ചിത്തത്തെ ചൈതന്യമാക്കി മാറ്റുന്നതാണ്‌ യോഗം. ഈശ്വര സാക്ഷാത്കാരവും ഇതുതന്നെ. ഈശ്വരാനുഭൂതി നേടിയ അവസ്ഥയില്‍ വ്യക്തിത്വബോധമില്ല. ഇത്‌ ഒരുവന്റെ അനന്തവിസ്തൃതമായ അസ്തിത്വത്തിന്റെ അനിര്‍വചനീയമായ അനുഭൂതിയാണ്‌. ഈശ്വരനില്‍ സങ്കരമുറപ്പിച്ച്‌ ഗാര്‍ഹികവും സാമൂഹികവുമായ എല്ലാ കര്‍ത്തവ്യങ്ങളും തികഞ്ഞ നിസ്സംഗതയോടെ, ഫലാപേക്ഷകൂടാതെ നിര്‍വ്വഹിക്കുവാന്‍ കര്‍മാനുഷ്ഠാനത്തില്‍ ആനന്ദമുണ്ട്‌. അത്‌ ആസ്വദിക്കുവിന്‍. ഊര്‍ജസ്വലതയോടെ കര്‍മനിരതനാകുവിന്‍ വൈദഗ്ധ്യം നേടിയവരെപ്പോലെ കര്‍മങ്ങളനുഷ്ഠിക്കുവിന്‍ പരമാവധി ശ്രദ്ധയോടും വാത്സല്യത്തോടുംകൂടി സന്താനങ്ങളെ വളര്‍ത്തുവിന്‍. പക്ഷേ, അവരോട്‌ മമതാബന്ധം ഉണ്ടായി നിങ്ങള്‍ മമതയ്ക്ക്‌ അടിമകളാകരുത്‌. അടിമത്തം ഭയാനകമാണ്‌. അടിമ ഒരിക്കലും സംതൃപ്തനല്ല. ആന്തരികമായി സ്വതന്ത്രരും സംഗവിഹീനരും ആശാരഹിതരുമായി വര്‍ത്തിക്കുവിന്‍. ശാന്തിയുടെയും ശക്തിയുടെ യും അചഞ്ചലമായ സമചിത്തതയുടെയും രഹസ്യം ഇതാണ്‌.
വിസ്മയകരമാംവിധം വിജ്ഞാന നിര്‍ഭരമായ ഒരു പ്രവചനമായിരുന്നു അമ്മയുടെത്‌. സംസാരത്തിനിടയില്‍ പല ഘട്ടങ്ങളിലും അദ്ഭുതകരങ്ങളായ പല ദിവ്യഭാവങ്ങളും ദേവിയില്‍ നിന്ന്‌ ആവിര്‍ഭവിക്കുന്നതായി കാണപ്പെട്ടു. മിന്നല്‍ പ്രഭകള്‍ ആ നയനങ്ങളില്‍ തെളിഞ്ഞു മറിഞ്ഞുകൊണ്ടിരിക്കുന്നു.
അഗ്നികുണ്ഡത്തില്‍ നിന്നുയരുന്ന ദിവ്യ സ്ഫുല്ലിംഗങ്ങള്‍പോലെ അമ്മയില്‍ നിന്ന്‌ ഓരോവാക്കും ഉയര്‍ന്നുവന്നു. അതിലെ പ്രേരകശക്തി അപ്രതിരോധ്യമായിരുന്നു. ചിലപ്പോള്‍ ശാലീനമായ ആ വദനത്തില്‍ സാര്‍വജനീനമായ കാരുണ്യവായ്പ്‌ സ്ഫുരിക്കുന്ന മഹനീയ ഭാവം ദൃശ്യമായിരുന്നു.
ടി.ഭാസ്കരന്‍ കാവുംഭാഗം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.