ഉപ്പുതറക്കാരി

Sunday 23 October 2016 5:29 am IST

വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ശിവന്‍കുട്ടിയും ജയരാജന്മാരുമില്ലാത്തതിന്റെ കുറവ് ഇത്രകാലം നികത്തിപ്പോന്നത് ഉപ്പുതറക്കാരി ബിജിമോളാണ്. ലൈഫ് ജാക്കറ്റ് വിപ്ലവം മുതല്‍ നിയമസഭയ്ക്കുള്ളിലെ ബാര്‍കോഴാനന്തര ബജറ്റവതരണദിനം വരെ ബിജിമോളുടെ മലയോരവീര്യം കണ്ട് അന്തംവിട്ടുനിന്നവരാണ് സിപിഐക്കാര്‍. ബിജിമോള്‍ പുരനിറഞ്ഞ് വളര്‍ന്നതോടെയാണ് ഇപ്പോള്‍ സിപിഐക്കാരെല്ലാംകൂടി വട്ടം ചേര്‍ന്നിരുന്ന് തരം താഴ്ത്തക്കളയാമെന്ന് തീരുമാനിച്ചത്. സംസ്ഥാനകൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തല്‍. സിപിഐയില്‍ കാര്യങ്ങളങ്ങനെയാണ്. ഒന്നാംതരം രണ്ടാംതരം എന്നിങ്ങനെ പല തരക്കാരാണ്. മുന്തിയ തരക്കാരൊക്കെ സംസ്ഥാന കൗണ്‍സിലിലിരിക്കും. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വല്യേട്ടന്‍ വച്ചുനീട്ടുന്ന സീറ്റ് വിറ്റ് കാശാക്കുകയും കമ്മീഷനടിക്കുകയും ചെയ്യുന്ന തരക്കാരുമുണ്ട്. അവര്‍ക്ക് വലിയ പോറലൊന്നുമില്ലാതെ മുന്തിയ കൗണ്‍സിലിടം കിട്ടും. പിന്നെ അന്വേഷണം, അന്വേഷിക്കാന്‍ കമ്മീഷന്‍, കമ്മീഷനും കമ്മീഷന്‍..... അങ്ങനെ പാര്‍ലമെന്ററി വ്യാമോഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത തരക്കാരാണ് പാര്‍ട്ടിയിലെ ഒന്നാംതരം. തിരുവനന്തപുരം ലോക്‌സഭാസീറ്റ് ബെന്നറ്റ് എബ്രഹാമിന് വിറ്റ് കാശാക്കിയ വിദ്വാന്മാര്‍ കസേരയില്‍ ഞെളിഞ്ഞിരുക്കുമ്പോഴാണ് ബിജിമോളുടെ കാര്യത്തില്‍ കൗണ്‍സില്‍ മാറ്റിക്കെട്ടി മര്യാദക്കാരിയാക്കാനുള്ള പാര്‍ട്ടിത്തീരുമാനം ഉണ്ടായിരിക്കുന്നത്. അതും സാക്ഷാല്‍ പിണറായി വിജയന്‍ മനുഷ്യത്വത്തെ നിയമസഭയില്‍ സ്റ്റഡിക്ലാസ് നടത്തുന്ന അതേ കാലയളവില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രിയായി തന്നെ പരിഗണിക്കാതിരുന്നതിന് ബിജിമോള്‍ കെറുവിച്ചതാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ പൊറുക്കാനാവാത്ത കുറ്റമായി തോന്നിയത്. തനിക്ക് ഗോഡ്ഫാദറില്ലാത്തതുകൊണ്ടാണ് മന്ത്രിയാക്കാതിരുന്നത് എന്നാണ് ബിജിമോള്‍ അന്ന് പറഞ്ഞത്. അധികാരം കിട്ടുമ്പോഴേ മന്ത്രിയാകാനാവൂ. അങ്ങനെയൊരു അവസരം വരുമ്പോള്‍ അത് പ്രതീക്ഷിക്കുന്നതിലെന്താണ് തെറ്റെന്ന് ഏലപ്പാറ ജോര്‍ജ് മകള്‍ ബിജി ചോദിച്ചുപോയി. ബിജി മാത്രമല്ല പാര്‍ട്ടി തീരുമാനം കേട്ട് ഞെട്ടറ്റുവീണത്. സാക്ഷാല്‍ മുല്ലക്കരയുടെ മുഖവും അന്ന് വീര്‍ത്തുകെട്ടിയിരുന്നതാണ്. സര്‍ക്കാര്‍ അധികാരത്തിലേറി നാലരമാസം പിന്നിട്ടിട്ടും മുല്ലക്കരയുടെ മുഖം തെളിഞ്ഞിട്ടില്ല. എന്നിട്ടും ബിജിമോള്‍ക്കെതിരെ മാത്രമാണ് കാനം കാരണവരുടെ രോഷപ്രകടനം. കൗണ്‍സില്‍ മാറ്റാനുള്ള പാര്‍ട്ടി തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജിമോള്‍ പ്രതികരിച്ച രീതിയും കൗതുകമുണ്ടാക്കുന്നതാണ്. ഇതിനോടൊക്കെ എന്ത് പ്രതികരിക്കാന്‍ എന്നായിരുന്നു ആ പ്രതികരണം. പാര്‍ട്ടി തന്നെ മെലിഞ്ഞില്ലാതായിട്ട് കാലമെത്രയായി. ഇങ്ങനെയൊന്ന് ഉണ്ടെന്ന് വല്ലപ്പോഴും മാലോകരുടെ മുന്നില്‍ തോന്നിപ്പിച്ചതിനുള്ള ശിക്ഷയാണ് ബിജിമോള്‍ക്ക് ഇപ്പോള്‍ ലഭിച്ചത്. തലതൊട്ടപ്പന്മാരുള്ളവരെല്ലാം പാര്‍ട്ടിക്കുള്ളില്‍ വലിയ അലട്ടലൊന്നുമില്ലാതെ കഴിയുമ്പോഴാണ് അങ്ങനെയൊരു സംഭവം ഇല്ലാത്തതിന്റെ പേരില്‍ താന്‍ ക്രൂശിക്കപ്പെടുന്നതെന്ന് ബിജിമോള്‍ക്ക് നന്നായി അറിയാം. അത് പറഞ്ഞ് വീണ്ടും കാര്‍ന്നോന്മാരെ പ്രകോപിപ്പിക്കേണ്ട എന്നുവച്ചിട്ടാവണം ഇമ്മാതിരി ഒരു പ്രതികരണം ഉണ്ടായത്. സിപിഎമ്മുകാരുടെ ആട്ടും തുപ്പുമേറ്റ് കാലാകാലം കഴിഞ്ഞോളാമെന്ന് ശാഠ്യമുള്ള ആദര്‍ശധീരന്മാരുടെ പാര്‍ട്ടിയാണ് സിപിഐ. വെളിയം ഭാര്‍ഗവനെയും സി.കെ. ചന്ദ്രപ്പനെയുമൊക്കെ ഊടുപാട് അധിക്ഷേപിച്ചിട്ടും ഇടത് ഐക്യമെന്ന മഹോന്നതമായ ദര്‍ശന സാക്ഷാത്കാരത്തിന് അഥവാ തെരഞ്ഞെടുപ്പുകാലത്തും അല്ലാതെയും വലിച്ചെറിഞ്ഞുകിട്ടുന്ന നക്കാപ്പിച്ചയ്ക്കുവേണ്ടി വെള്ളംകോരിയും വിറകുവെട്ടിയും നടന്നിരുന്ന പാര്‍ട്ടിക്ക് ഒരു അനക്കവും ആവിയുമൊക്കെ ഉണ്ടെന്ന് ഇടയ്ക്കിടയക്ക് തോന്നിപ്പിച്ചിരുന്നത് ഇപ്പറഞ്ഞ ബിജിമോളാണ്. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന കാലം മുതല്‍ ബിജിമോള്‍ ശ്രദ്ധ പിടിച്ചുപറ്റിയത് താന്‍പോരിമ കൊണ്ടായിരുന്നു. കയ്യൂക്കും കയ്യിലിരുപ്പും അനുവദിച്ചുകൊടുക്കുന്ന പ്രകൃതമല്ല ബിജിമോളുടേത് എന്ന് സിപിഐക്കാര്‍ക്കെല്ലാം നന്നായിട്ടറിയാം. മുല്ലപ്പെരിയാര്‍ പൊട്ടാന്‍പോകുന്നു എന്ന പ്രചാരണത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് ബിജിമോള്‍ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണിക്ക് ആവശ്യപ്പെടാതെ ലൈഫ്ജാക്കറ്റ് നല്‍കി പ്രതിരോധിച്ചത്. സകലമാന ഇടുക്കിക്കാരുടെയും ജീവന്‍ രക്ഷിക്കാനുള്ള പ്രതിരോധ സമരമാണെന്നായിരുന്നു അന്ന് ബിജിമോളുടെ പ്രതികരണം. മുണ്ടക്കയം റബര്‍ എസ്റ്റേറ്റിന്റെ ഗേറ്റ് പുനഃസ്ഥാപിക്കാന്‍ വന്ന എഡിഎമ്മിന്റെ കാല്‍ തല്ലിയൊടിച്ച സംഭവത്തിന്റെ പേരിലും ബിജിമോള്‍ വാര്‍ത്തയിലിടം പിടിച്ചു. സകലമാന പോലീസുകാരുടെയും മുന്നില്‍ വെച്ചായിരുന്നു എഡിഎം മോന്‍സി പി. അലക്‌സാണ്ടറെ എംഎല്‍എ ബിജിമോള്‍ കയ്യേറ്റം ചെയ്തത്. സിപിഐക്കാരും സിപിഎമ്മുകാരും തൊഴിലാളിവര്‍ഗസര്‍വാധിപത്യം പ്രസംഗിച്ച് കിട്ടിയ കമ്മീഷന്‍ പണംകൊണ്ട് ബഹുനിലപാര്‍ട്ടി ഒഫീസുകളും സ്വകാര്യ മണിഹര്‍മ്മ്യങ്ങളും പണിതുയര്‍ത്തിയതുകണ്ട് പകച്ചുപോയ പെമ്പിളകള്‍ ഒരുമിച്ചപ്പോഴും ഒപ്പം നില്‍ക്കാന്‍ ബിജിമോള്‍ ഉണ്ടായിരുന്നു. ശ്രീമതിയും ശൈലജയും അടക്കമുള്ള സിപിഎം സ്ത്രീശക്തികള്‍ വാലുംചുരുട്ടി ഓടിയിട്ടും കാനവും പന്ന്യനും ബിനോയിയുമടക്കമുള്ള സിപിഐക്കാര്‍ ആട്ടിപ്പായിക്കപ്പെട്ടിട്ടും ബിജിമോളെ മൂന്നാറിലെ സമരക്കാര്‍ സ്വന്തമാക്കി സ്വീകരിച്ചു. സമരമുഖങ്ങളില്‍ പാറ്റന്‍ ടാങ്ക് പോലെ നിലയുറപ്പിച്ച ബിജിമോള്‍ക്ക് സിപിഐയിലെ ആകെയുള്ളൊരാണ്‍മുഖമെന്ന് ഒരു വിശേഷണം നേരത്തെ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. അതിന് ആകെ ഒരു അപവാദമുണ്ടായ ഏക മുഹൂര്‍ത്തം നിയമസഭയ്ക്കുള്ളില്‍ കടിയും ഇടിയും പിടിയും നടന്ന ആ ബജറ്റ് അവതരണദിനമായിരുന്നു. കെടാത്ത തീയും ചാവാത്ത പുഴുവും നിറഞ്ഞ നരകത്തിന്റെ വാതിലിലേക്കാണ് പാപിയുടെ ബജറ്റവതരണമെന്ന കിടുകിടുക്കന്‍ നിരീക്ഷണവുമായി വിഎസ് നിറഞ്ഞാടിയ ദിവസം. കുനിഞ്ഞ് സ്വന്തം ചെരുപ്പൂരാന്‍ പോലും അശക്തനായ സ്പീക്കറെ തടയാന്‍ ബന്ധുക്കളുടെ മിത്രം സഖാവ് ഇപി തിമിര്‍ത്താടിയ ദിവസം. മുണ്ടും മടക്കിക്കുത്തി കസേരയ്ക്കും മേശയ്ക്കും മുകളില്‍ ശിവന്‍കുട്ടി നൃത്തമാടിയ ദിവസം, ബജറ്റ് പിടിച്ചുപറിക്കാന്‍ പോയ ജമീലാപ്രകാശം തടയാന്‍ നിന്ന കെ. ശിവദാസന്‍ നായരുടെ കൈ കടിച്ചുപറിച്ച ദിവസം... ആ ദിവസത്തെ വേറിട്ട കാഴ്ചകളിലൊന്നായിരുന്നു ബിജിമോളുടെ മുന്നേറ്റവും ഷിബുബേബിജോണിന്റെ പ്രതിരോധവും. ഏത് പ്രതിരോധത്തെയും വാക്കുകൊണ്ടും നോക്കുകൊണ്ടും മെയ്ക്കരുത്തുകൊണ്ടും തകര്‍ത്തിട്ടുള്ള ഉപ്പുതറക്കാരിയുടെ ചെറുത്തുനില്‍പ് അന്ന് മാത്രമേ തകര്‍ന്നിട്ടുള്ളൂ. ചാനലുകളിലെ കോമഡിക്കാഴ്ചകളില്‍ മായാതെ നില്‍ക്കുന്ന ഒരു ഏറ്റുമുട്ടലായിരുന്നു ബിജിയും ഷിബുവും തുറന്ന യുദ്ധമുന്നണി. എന്തായാലും ബിജിമോളെ മെലിയിച്ച് ഇടുക്കിയില്‍ തളയ്ക്കാനാവുമോ എന്നാണ് കാനം കാരണവര്‍ നോക്കുന്നത്. പാര്‍ലമെന്ററി വ്യാമോഹമില്ലാത്ത പാര്‍ട്ടിയാണ് തങ്ങളുടേതെന്നും അത്തരം മോഹങ്ങള്‍ പോലും നടപടി നേരിടേണ്ടിവരുമെന്നുമൊക്കെയാണ് ഇത്തരം ശ്രമങ്ങളിലൂടെ ആദര്‍ശധീരന്മാര്‍ മുന്നോട്ടുവെക്കുന്ന സന്ദേശങ്ങള്‍. ആദ്യം കിട്ടിയ മന്ത്രിസ്ഥാനം കൊണ്ട് ബന്ധുമിത്രാദികളുടെയെല്ലാം ജീവിതം ശരിയാക്കിക്കൊടുത്ത പിണറായിപ്പട ഇത് വല്ലതും കാണുന്നുണ്ടോ...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.