മാന്നാറില്‍ വീട് കുത്തിത്തുറന്ന് വീണ്ടും മോഷണം

Saturday 22 October 2016 9:22 pm IST

മാന്നാര്‍: മാന്നാറില്‍ വീണ്ടും വീടുകുത്തി തുറന്ന് മോഷണം. വിദേശത്ത് ജോലിചെയ്യുന്ന മാന്നാര്‍ കുട്ടമ്പേരൂര്‍ വളവൂര്‍ കിഴക്കേതില്‍ വി.കെ. സജീവി(അനിയന്‍കുഞ്ഞ്)ന്റെ ചെന്നിത്തലയിലെ ഒരിപ്രം ദ്വാരകയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിന്റെ മുറികളുടെ വാതിലുകള്‍ തകര്‍ത്ത് അലമാരയിലും കബോഡിലുമുള്ള സാധനങ്ങള്‍ തറയിലിട്ടും, പ്രധാന രേഖകളടങ്ങിയ ഫയലും താക്കോല്‍ക്കൂട്ടവും ഒരു ജോഡി ഡ്രസ്സുകളും അപഹരിച്ചു. ഗൃഹനാഥന്‍ വിദേശത്തായതിനാല്‍ കായംകുളം എംഎസ്എം കോളേജിലെ അസി. പ്രോഫസറായ ഭാര്യ വര്‍ഷയും മകളും വളഞ്ഞവട്ടത്തുള്ള വീട്ടിലാണ്. വൈകിട്ട് ലൈറ്റിടുന്നതിനും, രാവിലെ അണയ്ക്കുന്നതിനും, പരിസരം വൃത്തിയാക്കുന്നതിനുമായി ഒരു ജോലിക്കാരിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ രാവിലെ ഗേറ്റ് തുറന്ന് അകത്തു കടന്നപ്പോഴാണ് മുന്‍വശത്തെ പ്രധാന വാതില്‍ അടക്കമുള്ളവ തുറന്നു കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. ഇവര്‍ നാട്ടുകാരെയും ബന്ധുക്കളെയും വിവരമറിയിച്ചു. മാന്നാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ യാഴ്ച കുട്ടമ്പേരൂര്‍ കോയിക്കല്‍ മുക്കിനു സമീപമുള്ള സാരംഗിയില്‍ വി.കെ. രാജശേഖരന്‍ പിള്ളയുടെ വീട്ടിലെ നിരീഷണ ക്യാമറകളുടെ കണക്ഷന്‍ വിച്ഛേദിച്ചു കവര്‍ച്ച നടത്തി. ഒരാളുടെ ചിത്രം കിട്ടിയിട്ടും പോലീസിനു പ്രതിയെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചെന്നിത്തല ചെറുകോല്‍ കാരാഴ്മ ഉഷസ്സില്‍ ജോസഫ് ചാക്കോയുടെ വീട്ടില്‍ നിന്നും 4,25,000 രൂപയുടെ അമേരിക്കന്‍ ഡോളര്‍, ഡെബിറ്റ്കാര്‍ഡ്, ചെക്ക് ബുക്കുകള്‍ ഉള്‍പ്പടെയുള്ള വിലപ്പെട്ട രേഖകള്‍ കവര്‍ന്ന കേസിലും ഇതുവരെ തുമ്പില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.