ഉപതെരഞ്ഞെടുപ്പ്: ബിജെപി സീറ്റ് നിലനിര്‍ത്തി

Saturday 22 October 2016 11:12 pm IST

പാലക്കാട് വിജയിച്ച വിഎ ശാന്തി

തിരുവനന്തപുരം/പാലക്കാട്: വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന പതിന്നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഫലം പ്രഖ്യാപിച്ചു. ബിജെപി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. പാലക്കാട്ടെ മേപ്പറമ്പ് വാര്‍ഡാണ് നിലനിര്‍ത്തിയത്. ബിജെപിയിലെ വി.എ. ശാന്തി 182 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. 2015 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ശാന്തി വിജയിച്ചത്. 182 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ബിജെപിക്ക് ആകെ 812 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ ബിജെപിയുടെ ഇ.പ്രിയ നേടിയത് 786 വോട്ടുകളായിരുന്നു. എല്‍ഡിഎഫ് സ്വതന്ത്ര ഉഷ മുരളീധരന്‍ 630 വോട്ടുകളും യുഡിഎഫ് സ്വതന്ത്ര ഷാജിത ഉസൈര്‍ 466 വോട്ടുകളും നേടി. ബിജെപിയിലെ ഇ. പ്രിയ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പാലക്കാട് നഗരസഭ 24 അംഗങ്ങളുള്ള ബിജെപിയാണ് ഭരിക്കുന്നത്. ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിച്ചത് പാര്‍ട്ടിയുടെ അടിത്തറ വികസിച്ചതിനുള്ള തെളിവാണെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ.ഇ.കൃഷ്ണദാസ് പറഞ്ഞു. അഴിമതി രഹിത ഭരണം കാഴ്ചവെച്ച ഭരണസമിതിക്കുള്ള അംഗീകാരമാണ് വോട്ട് വര്‍ധനയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയും നഗരസഭാ വൈസ് ചെയര്‍പേഴ്‌സണുമായ സി.കൃഷ്ണകുമാറും ചെയര്‍പേഴ്‌സണ്‍ പ്രമീളശശിധരനും പറഞ്ഞു.
എല്‍ഡിഎഫ് 10 ഉം യുഡിഎഫ് 3 ഉം വാര്‍ഡുകളില്‍ വിജയിച്ചു.

തിരുവനന്തപുരം ജില്ലയിലെ സീമന്തപുരം, പടിഞ്ഞാറ്റേല, ഇടുക്കിയിലെ അമ്പതാം മൈല്‍ എന്നിവ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് അരീക്കാട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫും പിടിച്ചെടുത്തു. വി.കെ.സി. മമ്മദ് കോയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വിജയിച്ച ജില്ല, വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍.

എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുകള്‍: തിരുവനന്തപുരം കിഴുവിലം-അഡ്വ ശ്രീകണ്ഠന്‍നായര്‍(1993), മരുതംകോട്-സുനിതാറാണി(88), സീമന്തപുരം-രജനിരഞ്ജിത്(311), പടിഞ്ഞാറ്റേല-എം. സിദ്ദിഖ്(137), കൊല്ലം-കയ്യാലയ്ക്കല്‍- എം. നൗഷാദ്(465), ഇടുക്കി-അമ്പതാം മൈല്‍-ബിന്‍സി റോയ്(48), തൃശ്ശൂര്‍-കൈപ്പമംഗലം- ബി.ജി. വിഷ്ണു(പപ്പന്‍-6880), ഞമനേങ്ങാട്-സിന്ധു മനോജ്(27), പല്ലൂര്‍ ഈസ്റ്റ്-കെ. ജയരാജ്(11), വയനാട്-തിരുനെല്ലി-എം.സതീഷ്‌കുമാര്‍(2924).

യുഡിഎഫ് വിജയിച്ച വാര്‍ഡുകള്‍: ഇടുക്കി-കാല്‍വരിമൗണ്ട്-ബിജുമോന്‍ തോമസ്(14), കോഴിക്കോട്-അരീക്കാട്-എസ്.വി. സയ്യദ് മുഹമ്മദ് ഷമീല്‍(416), കാസര്‍ഗോഡ്-ആയിറ്റി-കെ.വി. തഹ്‌സിറ(180).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.