സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ തകര്‍ച്ചയുടെ വക്കില്‍: പി.കെ. കൃഷ്ണദാസ്

Saturday 22 October 2016 11:09 pm IST

വിളപ്പില്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ തകര്‍ച്ചയുടെ വക്കിലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പരാധീനതകളുടെ പടുകുഴിയിലായ വിളപ്പില്‍ സാമൂഹികാരാഗ്യ കേന്ദ്രത്തെ രക്ഷിക്കണമെന്ന ആവശ്യവുമായി ബിജെപി ആശുപത്രിക്ക് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരും മരുന്നുമില്ലാത്ത ആശുപത്രിയുടെ ശോചനീയവസ്ഥ പരിഹരിക്കാന്‍ മാറിമാറി വന്ന ഭരണക്കാര്‍ ഇതേവരെ തയ്യാറായിട്ടില്ല. ശുചീകരണ തൊഴിലാളി മരുന്നുവച്ചുകെട്ടുന്ന ദുരവസ്ഥയാണ് വിളപ്പില്‍ ആശുപത്രിയിലുള്ളത്. സിഎച്ച്‌സിയായി ഉയര്‍ത്തപ്പെട്ട ആശുപത്രിയില്‍ ആകെയുള്ളത് മൂന്ന് താത്ക്കാലിക നഴ്‌സുമാരാണ്. ദിവസേന നാനൂറോളം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. അന്‍പത് രോഗികള്‍ക്ക് കിടത്തിചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയില്‍ ഉച്ചകഴിഞ്ഞാല്‍ ഡോക്ടര്‍മാരില്ല. അശുപത്രി വാര്‍ഡുകളും, ശുചിമുറികളും ദുര്‍ഗന്ധം വമിക്കുന്ന ഇടങ്ങളായി മാറിയിട്ടും ആവശ്യത്തിന് ശുചീകരണ തൊഴിലാളികളെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. ഇത് സ്വകാര്യ ആശുപത്രി മുതലാളിമാരെ സഹായിക്കുവാനുള്ള സര്‍ക്കാരിന്റെ ഗൂഢശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. പാവങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനേക്കാള്‍ ഭരണക്കാര്‍ക്ക് പ്രിയം മുതലാളിമാരുടെ പച്ചനോട്ടുകളോടാണ്. ആശുപത്രിയുടെ ദയനീയവസ്ഥയ്ക്ക് പരിഹാരമുണ്ടാകുന്നതുവരെ ബിജെപി സമരമുഖത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 10ന് ആരംഭിച്ച ഉപവാസ സമരത്തില്‍ വിളപ്പില്‍ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പേയാട് കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ബിജെപി മെമ്പര്‍മാരായ ചന്ദ്രിക, ജഗദമ്മ, അജിത്കുമാര്‍, ജലജാംബിക, സി.എസ്. അനില്‍ എന്നിവരും, ബിജെപിയുടേയും വിവിധ മോര്‍ച്ചകളുടെ പഞ്ചായത്ത് ഭാരവാഹികളടക്കം നാല്‍പ്പതോളം പേരും ഉപവാസമനുഷ്ടിച്ചു. സമര ഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിലെ സമരപ്പന്തലിലേക്ക് പ്രകടനമായെത്തിയിരുന്നു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിളപ്പില്‍ശാല ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സമിതിയംഗങ്ങളായ തകിടി അപ്പുക്കുട്ടന്‍, എം.ആര്‍. ഗോപന്‍, പേയാട് വേണുഗോപാല്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ മുക്കംപാലമൂട് ബിജു, മലയിന്‍കീഴ് രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി വിശാഖ്, വൈസ് പ്രസിഡന്റ് ശാലിനി, സെക്രട്ടറിമാരായ ഒ. രാജശേഖരന്‍, കാട്ടാക്കട ഹരി, ജില്ലാ സമിതിയംഗം വള്ളിമംഗലം ചന്ദ്രന്‍, പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി വിട്ടിയം ശ്രീകുമാര്‍, അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.